ADVERTISEMENT

ഗാന്ധിജി പുണെ ആഗാഖാൻ കൊട്ടാരത്തിൽ തടവിലായിരിക്കെ, പോസ്റ്റ് കാർഡിൽ ഞാനൊരു കത്തെഴുതി. ബാ.....എന്ന പതിവു വിളി ചേർത്ത്, സ്നേഹം പൊതിഞ്ഞൊരു കത്ത്. പക്ഷേ, അതിനു വന്ന മറുപടി ഇങ്ങനെയായിരുന്നു–

‘പ്രിയപ്പെട്ട താര, നിന്റെ കത്തു വായിച്ചു. ഒന്നു പറഞ്ഞോട്ടെ, നിന്റേത് ഒരു മോശം കത്തായിരുന്നു. കാര്യങ്ങൾ നന്നായി പഠിക്കണം. ഒരു കാര്യം കൂടി, ഈ കത്ത് നീ ഒരിക്കൽ കൂടി എഴുതണം. തെറ്റു കൂടാതെ, വൃത്തിയുള്ള കയ്യക്ഷരത്തിൽ.’ 

ഏറെ നാളായി കാണാതിരുന്ന മുത്തച്ഛനു സ്നേഹം നിറച്ചെഴുതിയതാണ്. ഞാൻ തകർന്നുപോയി. ദേഷ്യം കയ്യിലേക്ക് അരിച്ചു കയറിയപ്പോൾ മറുപടിക്കത്തു ചുരുട്ടിയെറിഞ്ഞു. പക്ഷേ, ലോകാരാധ്യനായ ആ മുത്തച്ഛന്റെ ജീവിതം പതിയെ അറിയാൻ തുടങ്ങുമ്പോഴേക്കു ദേഷ്യം അലിഞ്ഞില്ലാതായി. ജീവിച്ചിരിക്കെ അദ്ദേഹവുമായും കാലശേഷം അദ്ദേഹത്തിന്റെ ചിന്തകളുമായും ഏറ്റവുമടുത്ത കൂട്ടായി. അടുത്തറിയുന്നവർക്കെല്ലാം അതായിരുന്നു ബാപ്പു. എത്ര വലിയ വിമർശകനായാലും ഗാന്ധി വിരുദ്ധനായാലും സംസാരിച്ചാൽ സുഹൃത്താകുന്ന അദ്ഭുതം. അപ്പോഴും നിലപാടുകൾ മാറാത്ത വ്യക്തിത്വം.

ബാപ്പുവിനൊപ്പം നിരന്തരം ഇടപഴകിയ 14 വർഷത്തിനുള്ളിൽ തന്നെ എത്രയെത്ര സംഭവങ്ങൾ കണ്ടു. ഞാൻ ഗോൾ മാർക്കറ്റിലെ സെന്റ് തോമസ് സ്കൂളിൽ പഠിക്കുന്ന കാലം. ഗാന്ധി വിമർശകയായ ഒരു ഇംഗ്ലിഷുകാരിയായിരുന്നു പ്രിൻസിപ്പൽ. പെട്ടെന്നൊരു വാർത്തയെത്തി. സ്കൂളിനടുത്ത് ഗാന്ധിജിയെത്തുന്നു. അധ്യാപകന്റെ അനുവാദം വാങ്ങി കൂട്ടുകാരികളുമായി ഞാൻ ബാപ്പുവിനെ ചെന്നു കണ്ടു.

തൊട്ടടുത്താണു സ്കൂളെന്നു പറഞ്ഞപ്പോൾ അതറിയാമെന്നായിരുന്നു മറുപടി. പ്രാർഥനയ്ക്കു ശേഷം വൈകുന്നേരം പതിവുള്ള നടത്തത്തിനു സ്കൂളിലെ ഉദ്യാനം തുറന്നു കിട്ടുമോയെന്നായിരുന്നു ഗാന്ധിജിക്ക് അറിയേണ്ടിയിരുന്നത്. ഞാൻ തന്നെ പ്രിൻസിപ്പലിനോടു കാര്യം പറഞ്ഞ് അനുവാദം വാങ്ങി. ഞാനും ഒപ്പം ചേർന്നു. നടക്കുന്നതിനിടെ ഗാന്ധിജി മറ്റൊരാവശ്യം കൂടി പറഞ്ഞു: ‘നിങ്ങളുടെ പ്രിൻസിപ്പലിനോട് എനിക്കു നന്ദി പറയണം.’ തന്റെ വിമർശകയാണെന്നറിഞ്ഞിട്ടും പ്രിൻസിപ്പലിനോടു ബാപ്പു കാട്ടിയ ആദരവായിരുന്നു അത്. 

ബാപ്പുവിന്റെ മുറിയിലേക്ക് ആർക്കും കയറാമായിരുന്നു. ഡൽഹി വാല്മീകി മന്ദിറിനോട് ചേർന്ന ആശ്രമത്തിൽ കഴിയവേ, ബാപ്പുവിന്റെയടുത്ത് നെഹ്റുവും ജിന്നയുമൊക്കെ വന്നുപോകുന്നത് ഓർമയിലുണ്ട്. ഇന്നത്തെ പോലെ, കാവൽക്കാരുടെയൊന്നും ആവശ്യം അന്നുണ്ടായിരുന്നില്ല. ബാപ്പു ആരെയും ഭയപ്പെട്ടില്ല. ആ ഭയരാഹിത്യം സ്നേഹത്തിൽ അധിഷ്ഠിതമായിരുന്നു. 

ഗാന്ധി ഒരിക്കലും ഒരു രാഷ്ട്രീയക്കാരനായിരുന്നില്ല. ജനകോടികളെ നയിച്ചെങ്കിലും താൻ നേതാവാണെന്ന് അദ്ദേഹം പറയില്ല. അദ്ദേഹമൊരു സേവകനായിരുന്നു. രാജ്യത്തെ ശരിയിലേക്കു നയിച്ച ബാപ്പു എന്നെ തിരുത്തിയ കഥ കൂടി പറയാം. രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യക്കാരുടെ പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടിഷ് സർക്കാർ അയച്ചയാളായിരുന്നല്ലോ സർ സ്റ്റഫോഡ് ക്രിപ്സ്. നേരത്തേ തന്നെ ബാപ്പുവിന്റെ സുഹൃത്തായിരുന്ന ക്രിപ്സ് കാണാനെത്തുമ്പോൾ, ഞാനും ഒപ്പമുണ്ടായിരുന്നു. ‘മീറ്റ് മൈ ഗ്രാൻഡ്ഡോട്ടർ’ എന്നു പറഞ്ഞ് എന്നെ പരിചയപ്പെടുത്തി. 

പുഞ്ചിരിയോടെ ക്രിപ്സ് കൈ തന്നു ചോദിച്ചു: ‘ഹൗ ഡു യു ഡു ?’ ഇന്നലെ ചെറിയ പനിയുള്ളതിനാൽ സ്കൂളിൽ പോയില്ലെന്നും അമ്മ മരുന്നു തന്നെന്നുമെല്ലാമായിരുന്നു എന്റെ മറുപടി. മുന്നിൽക്കിട്ടിയ സായിപ്പിനോട് പഠിച്ചെടുത്ത ഇംഗ്ലിഷ് പറയാൻ കിട്ടിയ അവസരം മുതലാക്കുകയായിരുന്നു ഞാൻ.

ക്രിപ്സ് ചിരിച്ചെങ്കിലും മുത്തച്ഛൻ മാറ്റി നിർത്തി പറഞ്ഞു– ‘താര, ഇംഗ്ലിഷുകാർ ‘ഹൗ ഡു യു ഡു’ എന്നു ചോദിച്ചാൽ മറുപടി ‘ഹൗ ഡു യു ഡു’ എന്നു മതി. നിന്റെ ആരോഗ്യവിവരങ്ങളെല്ലാം അവർക്കറിയണമെന്നില്ല.’ അന്നങ്ങനെ പറഞ്ഞെങ്കിലും ഗാന്ധി മറ്റുള്ളവരുടെ ആരോഗ്യകാര്യത്തിൽ എത്രയോ ശ്രദ്ധാലുവായിരുന്നു! അക്കാലത്തെഴുതിയ കത്തുകളിൽ ഈ കരുതൽ കാണാം. കൂടിക്കാഴ്ചകളിൽ ബാപ്പു ആകാംക്ഷയോടെ ആദ്യം ചോദിക്കുക ആരോഗ്യത്തെക്കുറിച്ചായിരുന്നു– അതു ടോൾസ്റ്റോയിയോടായാലും സഹപ്രവർത്തകനോടായാലും. ഇന്നദ്ദേഹമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, വികസനത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും ചോദിച്ചേനെ.

taragandhi
താര ഗാന്ധി

(ഗാന്ധിജിയുടെ ഇളയ മകനായ ദേവദാസ് ഗാന്ധിയുടെയും ലക്ഷ്മിയുടെയും മകളാണ് ഇപ്പോൾ 85 വയസ്സുള്ള താര ഗാന്ധി ഭട്ടാചാർജി. ഡൽഹിയിൽ താമസിക്കുന്നു) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com