ADVERTISEMENT

മഹാത്മജിയുടെ സ്മരണയ്ക്കു മുൻപിൽ ശിരസ്സ് നമിച്ച് ലോകം. ഗാന്ധിപ്രതിമകളിൽ പുഷ്പങ്ങളർപ്പിച്ചും സാംസ്കാരിക പരിപാടികൾ നടത്തിയും ഭജനകളും കീർത്തനങ്ങളും ആലപിച്ചും ലോകരാഷ്ട്രങ്ങൾ ഇന്ത്യയുടെ രാഷ്്ട്രപിതാവിന് ആദരമർപ്പിച്ചു.  അഹിംസയിൽ ഊന്നിയ ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം ലോക ചരിത്രത്തെ മാറ്റിമറിച്ചെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ട്വീറ്റ് ചെയ്തു.

gandhi-london
ലണ്ടനിൽ ‍നടന്ന ഗാന്ധി ജയന്തി ദിനാചരണ ചടങ്ങിൽ നിന്ന്.

ഇന്ത്യൻ ഹൈക്കമ്മിഷണർ രുചി ഘനശ്യാമിന്റെ നേതൃത്വത്തിൽ ലണ്ടനിലെ ടാവിസ്റ്റോക് സ്ക്വയറിലും പാർലമെന്റ് സ്ക്വയറിലുമുള്ള ഗാന്ധിപ്രതിമയ്ക്കു ചുറ്റും അണിചേർന്നായിരുന്നു ബ്രിട്ടനിലെ ഗാന്ധി അനുസ്മരണം.  ‌‌‌

1927 നവംബറിലെ ഗാന്ധിജിയുടെ ജാഫ്ന സന്ദർശനത്തിന്റെ കൂടി ഓർമ പുതുക്കിയാണ് ശ്രീലങ്ക വർഷം തോറും  ഗാന്ധി ജയന്തി ആചരിക്കുന്നത്.  പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ തന്റെ ഔദ്യോഗിക വസതിയിൽ ഗാന്ധിജിയുടെ വെങ്കലപ്രതിമ അനാച്ഛാദനം ചെയ്തു.   നേപ്പാളിൽ സ്ഥാപിച്ച ആദ്യ ഗാന്ധി പ്രതിമ തലസ്ഥാനമായ കഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിക്കു സമീപം അനാഛാദനം ചെയ്തു. ഖാദി, കൈത്തറി വസ്ത്രങ്ങളണിഞ്ഞുള്ള ഫാഷൻ ഷോയും  നടത്തി.  

14 വർഷമായി ബെയ്ജിങ്ങിലെ ചാവോയാങ് പാർക്കിനു സമീപം നടത്താറുള്ള ഗാന്ധി അനുസ്മരണം ചൈനീസ് സർക്കാർ അനുമതി നിഷേധിച്ചതിനെത്തുടർന്ന്  ഇത്തവണ എംബസിക്കു സമീപമാണു നടത്തിയത്.  

gandhi-mexico
മെക്സിക്കോ സിറ്റിയിൽ നടന്ന ഗാന്ധി അനുസ്മരണ ചടങ്ങ്.

ബംഗ്ലദേശിൽ ഇന്ത്യൻ ഹൈക്കമ്മിഷനിൽ നടന്ന ചടങ്ങിൽ സംഗീതജ്ഞ റിസ്വാന ചൗധരി ബന്യ ഗാന്ധിജിയെക്കുറിച്ചെഴുതിയ പുസ്തകം പ്രകാശനം ചെയ്തു. പലസ്തീൻ, ഫ്രാൻസ്, ശ്രീലങ്ക  എന്നീ രാജ്യങ്ങൾ ഗാന്ധി തപാൽ സ്റ്റാംപുകൾ പുറത്തിറക്കി. 

സിംഗപ്പൂരിൽ ഗാന്ധിജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തിട്ടുള്ള ക്ലിഫോർഡ് പിയറിൽ പ്രാർഥന നടന്നു. റഷ്യയിൽ ഗാന്ധി എക്സിബിഷൻ നടത്തി. ജപ്പാൻ, ദുബായ്, മൊറീഷ്യസ്, സൗദി അറേബ്യ, ലബനൻ, മ്യാൻമർ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഗാന്ധിജിയെ ആദരിച്ച് പ്രത്യേക പരിപാടികൾ നടത്തി 

gandhi-myanmar
മ്യാൻമറിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടന്ന പദയാത്ര.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com