ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും കലാപക്കൊടി ഉയർത്തി നേതാക്കൾ രംഗത്തുവന്നതോടെ, രാഷ്ട്രീയ ഗോദയിൽ ഉലഞ്ഞു കോൺഗ്രസ്. ഈ മാസം 21നു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഹരിയാനയിൽ മുൻ പിസിസി പ്രസിഡന്റ് അശോക് തൻവർ പാർട്ടി വിട്ടതും മഹാരാഷ്ട്രയിൽ പ്രചാരണത്തിനില്ലെന്നു പ്രമുഖ നേതാവ് സഞ്ജയ് നിരുപം വ്യക്തമാക്കിയതും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി.

പാർട്ടിയെ വെട്ടിലാക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ താക്കീത് വന്നതിനു പിന്നാലെയാണു തൻവർ രാജിവച്ചത്. അനുയായികൾക്കു സീറ്റ് നൽകാത്തതാണ് മുംബൈ ഘടകം മുൻ പ്രസിഡന്റായ സഞ്ജയ് നിരുപമിനെ ചൊടിപ്പിച്ചത്. രാഹുൽ ഗാന്ധി മുൻനിരയിലേക്കു കൊണ്ടുവന്ന നേതാക്കളെ മുതിർന്നവർ ഒതുക്കുകയാണെന്ന ആരോപണവും ഇവർ ഉന്നയിച്ചിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ ബിജെപിയിൽ നിന്നു പിടിച്ചെടുത്ത കോൺഗ്രസിന് അതേ നേട്ടം ഹരിയാനയിലും മഹാരാഷ്ട്രയിലും ആവർത്തിക്കുക എളുപ്പമാകില്ല. ഇരു സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം കാര്യമായി ആളിക്കത്തിക്കാനാവാത്തതു തിരിച്ചടിയാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

മുഖ്യ പ്രചാരണവിഷയമായ സാമ്പത്തിക പ്രതിസന്ധി, സംസ്ഥാനതലത്തിൽ ബിജെപിക്കെതിരായ വോട്ടായി മാറുമെന്ന കാര്യത്തിൽ കോൺഗ്രസിന് ആത്മവിശ്വാസം പോരാ. ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന്റെ ശോഭയിൽ തിളങ്ങുന്ന മോദി – അമിത് ഷാ കൂട്ടുകെട്ടിന്റെ പ്രചാരണ വീര്യത്തെ മറികടക്കാൻ രാഹുൽ – പ്രിയങ്കഗാന്ധി സഖ്യത്തിനു സാധിക്കുമോ എന്ന കാര്യത്തിലും പാർട്ടിക്ക് ഉറപ്പില്ല.

രാഹുൽ ബാങ്കോക്കിൽ

ഹരിയാനയിലും മഹാരാഷ്ട്രയിലും പ്രചാരണം മുറുകവെ, കോൺഗ്രസിന്റെ താര പ്രചാരകരിലൊരാളായ രാഹുൽ ഗാന്ധി സ്വകാര്യ സന്ദർശനത്തിനായി തായ്‌ലൻഡിലെ ബാങ്കോക്കിലേക്കു പോയി. വിഷയം രാഷ്ട്രീയക്കളത്തിൽ സംസാരമായതോടെ, വിശദീകരണവുമായി കോൺഗ്രസ് രംഗത്തുവന്നു. രാഹുലിന്റെ സ്വകാര്യതയെ മാനിക്കണമെന്നും പൊതുജീവിതവുമായി അതിനെ കൂടിക്കലർത്തരുതെന്നും പാർട്ടി വക്താവ് അഭിഷേക് മനു സിങ്‍വി പറഞ്ഞു. ഈ മാസം 11 മുതൽ രാഹുൽ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com