ADVERTISEMENT

ന്യൂഡൽഹി∙ വെടിവച്ചു വീഴ്ത്തിയെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ട വിമാനം പറത്തിക്കാണിച്ച് ഇന്ത്യയുടെ ചുട്ട മറുപടി. ബാലാക്കോട്ട് വ്യോമാക്രമണത്തിനു പിന്നാലെയുണ്ടായ സംഘർഷത്തിൽ ഇന്ത്യയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനം തകർത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദമാണ് ഇന്നലെ വ്യോമസേനാ ദിനത്തിൽ ഇന്ത്യ പൊളിച്ചടുക്കിയത്. തകർത്തുവെന്ന് പാക്കിസ്ഥാൻ പറയുന്ന അതേ വിമാനമാണ് ഹിൻഡനിൽ പറന്നതെന്നും സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

‘അവഞ്ചർ 1’ എന്ന കോൾ സൈൻ ഉള്ള വിമാനമാണ് കഴിഞ്ഞ ഫെബ്രുവരിയിലെ സംഘർഷ വേളയിൽ ശ്രീനഗറിൽ നിന്നു പാക്ക് അതിർത്തിയിലേക്കു കുതിച്ചത്. അതു തകർത്തുവെന്നായിരുന്നു അവകാശവാദം. ഇന്നലെ പറന്ന വിമാനത്തിന്റെ കോൾ സൈനും അവഞ്ചർ 1 ആണ്. അതിർത്തിയിൽ പാക്ക് യുദ്ധവിമാനങ്ങളെ നേരിട്ട പൈലറ്റുമാർ തന്നെയാണ് ഹിൻഡനിൽ സുഖോയ് പറത്തിയത്.

യുപിയിലെ ഹിൻഡൻ വ്യോമതാവളത്തിൽ നടന്ന സേനാ ദിനാഘോഷത്തിന്റെ ഭാഗമായാണ് മിറാഷ് യുദ്ധ വിമാനങ്ങൾക്കൊപ്പം 2 സുഖോയ് വിമാനങ്ങൾ പറന്നത്. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപം കഴിഞ്ഞ ഫെബ്രുവരിയിൽ പാക്ക് യുദ്ധ വിമാനങ്ങളെ നേരിട്ട പൈലറ്റുമാർ തന്നെയാണ് ഇന്നലെ സുഖോയ് പറത്തിയത്.

ബാലാക്കോട്ട് വ്യോമാക്രമണത്തിൽ പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം തകർത്ത വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ മിഗ് 21 ബൈസൺ വിമാനത്തിൽ പറന്നു. 3 മിഗ് 21 വിമാനങ്ങളെ നയിച്ചു മുന്നിൽ കുതിച്ച അഭിനന്ദൻ ആകാശത്തു നടത്തിയ അഭ്യാസ പ്രകടനങ്ങൾ കാണികളെ ആവേശം കൊള്ളിച്ചു. യുദ്ധ വിമാനങ്ങൾക്കു പുറമേ, ഇന്ത്യ അടുത്തിടെ സ്വന്തമാക്കിയ ചിനൂക്, അപ്പാച്ചി അറ്റാക്ക് ഹെലികോപ്റ്ററുകളും ആകാശ വിസ്മയം ഒരുക്കി. ബാലാക്കോട്ട് വ്യോമാക്രമണത്തിൽ പങ്കെടുത്ത സേനാ യൂണിറ്റുകളെ ആദരിച്ചു.

മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ അരുൺ മഹാദേവനു വിശിഷ്ട സേവനത്തിനുള്ള വായുസേനാ മെഡൽ സേനാ മേധാവി എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിങ് ബധൗരിയ സമ്മാനിച്ചു. തൃശൂർ നാട്ടിക സ്വദേശിയായ അരുൺ മഹാദേവൻ, ബ്രിഗേഡിയർ (റിട്ട.) മഹാദേവന്റെയും രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ തനുശ്രീ വ്യോമസേനയിൽ സ്ക്വാഡ്രൻ ലീഡർ.

കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ്, ഗ്രൂപ്പ് ക്യാപ്റ്റനും മുൻ ക്രിക്കറ്റ് താരവുമായ സച്ചിൻ തെൻഡുൽക്കർ എന്നിവർ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com