ADVERTISEMENT

ജമ്മു ∙ കശ്മീരിൽ 24ന് ബ്ലോക്ക് വികസന സമിതിയിലേക്കു (ബിഡിസി) നടക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് പാന്തേഴ്സ് പാർട്ടിയും ആവശ്യപ്പെട്ടു. ഇരുകക്ഷികളും നേരത്തെ മത്സരിക്കാൻ തീരുമാനിച്ചിരുന്നതാണ്. കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഇന്നലെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 310 ബ്ലോക്കുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഇന്നേവരെ കോൺഗ്രസ് ഒരു തിരഞ്ഞെടുപ്പും ബഹിഷ്കരിച്ചിട്ടില്ല. എന്നാൽ സംസ്ഥാന സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനവും മുതിർന്ന നേതാക്കളെ തടങ്കലിൽ നിന്ന് വിട്ടയയ്ക്കാത്ത നിലപാടിലും പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ പാർട്ടി നിർബന്ധിതമായിരിക്കുകയാണെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ജി. എ. മിർ വ്യക്തമാക്കി. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ബിജെപിക്കു ജയിക്കാനും കോൺഗ്രസിനെ തകർക്കാനും ലക്ഷ്യമിട്ടാണ് സർക്കാർ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ജനജീവിതം സാധാരണ നിലയിലാവുകയും നേതാക്കളെല്ലാം മോചിതരാവുകയും ചെയ്യുന്നതുവരെ തിരഞ്ഞെടുപ്പ് നടത്തരുതെന്നാണ് പാന്തേഴ്സ് പാർട്ടി രാഷ്ട്രപതി റാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ടെലിഫോൺ ഇല്ലാത്തതിനാൽ നേതാക്കളുമായോ പ്രവർത്തകരുമായോ ബന്ധപ്പെടാനാവുന്നില്ലെന്ന് പാർട്ടി നേതാവ് ഭീം സിങ് ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com