ADVERTISEMENT

ന്യൂഡൽഹി ∙ സിബിഐ മുൻ ഡയറക്ടർ ആലോക് വർമയെ പദവിയിൽ നിന്നു നീക്കിയതിന് പിന്നിൽ കേന്ദ്ര വിജിലൻസ് കമ്മിഷൻ (സിവിസി) കണ്ടെത്തിയത് 3 സുപ്രധാന കേസുകൾ. ഹവാല ഇടപാടിൽ പിടിയിലായ മാംസവ്യാപാരി മോയിൻ ഖുറേഷിക്കെതിരായ കേസുകൾ മയപ്പെടുത്താൻ സിബിഐ ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകി, ഐആർസിടിസി കുംഭകോണ കേസിലെ എഫ്ഐആറിൽ നിന്നു പ്രധാന പ്രതിയെ ഒഴിവാക്കി, സിബിഐയിൽ ആരോപണവിധേയരായ ഓഫിസർമാരെ നിയമിക്കാൻ കരുക്കൾ നീക്കി എന്നിവയാണ് ഈ കേസുകൾ.

കഴിഞ്ഞവർഷം സിവിസി കോടതിക്കു നൽകിയ റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പരസ്യമായത്. സിബിഐ മേധാവി സ്ഥാനത്തു നിന്നു വർമയെ നീക്കം ചെയ്തത് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. വർമയ്ക്കെതിരെ സിബിഐ സ്പെഷൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താന കോടതിയിൽ എഴുതി നൽകിയ 10 ആരോപണങ്ങളിൽ സുപ്രീം കോടതി മുൻ ജഡ്ജി എ.കെ. പട്നായിക്കിന്റെ മേൽനോട്ടത്തി‍ൽ സിവിസി അന്വേഷിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

2018 ഓഗസ്റ്റ് 24 നു കാബിനറ്റ് സെക്രട്ടറിക്കു നൽകിയ കത്തിലും അസ്താന ആരോപണങ്ങൾ ആവർത്തിച്ചിരുന്നു. അന്വേഷണം നടത്തിയ സിവിസി ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തുകയും വർമയ്ക്കെതിരെ കഴിഞ്ഞ ഒക്ടോബർ 23 നു കോടതിയിൽ രഹസ്യ റിപ്പോർട്ട് നൽകുകയും ചെയ്തു.വർമയ്ക്കെതിരെ അസ്താന നൽകിയ കത്തിനു പിന്നാലെ 2 കോടി രൂപയുടെ കോഴക്കേസിൽ അസ്താനയെ പ്രതി ചേർത്തതോടെ സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി പരസ്യമായി. തുടർന്ന് കേന്ദ്രസർക്കാർ ഇരുവരെയും പുറത്താക്കുകയിരുന്നു. അതേസമയം, സിവിസിയുടെ അന്വേഷണ റിപ്പോർട്ട് ജനുവരി 8നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അസാധുവാക്കി.

ഡയറക്ടർ നിയമനത്തിനുള്ള ഉന്നതാധികാര സമിതിയുടെ തീരുമാനം വരുന്നതുവരെ സുപ്രധാന നയതീരുമാനങ്ങൾ ഒന്നും എടുക്കാതെ ആലോക് വർമയെ ഡയറക്ടർ സ്ഥാനത്തു തുടരാൻ കോടതി അനുവദിച്ചു. എന്നാൽ ജനുവരി 10 നു പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി വർമയെ നീക്കിയ നടപടി ശരിവച്ചു.

English Summary: CVC indicted ex-CBI chief Alok Verma in 3 cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com