ADVERTISEMENT

ന്യൂഡൽഹി ∙ നാഗാ കലാപകാരികളുമായി സമാധാന ഉടമ്പടി ഒപ്പിടാനുള്ള അന്തിമ നടപടികളിലേക്കു കേന്ദ്ര സർക്കാർ കടന്നതോടെ, നാഗാലാൻഡും മണിപ്പുരും ആശങ്കയുടെ മുൾമുനയിൽ.

ആവശ്യങ്ങൾ അംഗീകരിക്കാതെ ഉടമ്പടിയെ അനുകൂലിക്കില്ലെന്ന് നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (എൻഎസ്‌സിഎൻ – ഐഎം വിഭാഗം) നിലപാടെടുത്തതു കേന്ദ്രത്തെ വെട്ടിലാക്കി.

നാഗാലാൻഡിനു പ്രത്യേക പതാക, ഭരണഘടന, നാഗാ വംശജർ താമസിക്കുന്ന മണിപ്പുരിലെ മേഖലകൾ കൂടി ഉൾപ്പെടുത്തി വിശാല നാഗാലാൻഡിന്റെ രൂപീകരണം എന്നിവയാണ് നാഗാ കലാപകാരികളുടെ മുഖ്യസംഘടനയായ എൻഎസ്‌സിഎന്നിന്റെ പ്രധാന ആവശ്യങ്ങൾ.

ഒരുകാരണവശാലും ഇവ അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയ കേന്ദ്രം, മറ്റു സംഘടനകളുമായി ഉടമ്പടി ഒപ്പിടാൻ നീക്കമാരംഭിച്ചത് എൻഎസ്‌സിഎന്നിനെ ചൊടിപ്പിച്ചു. അവർ അക്രമത്തിലേക്ക് നീങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെ നാഗാലാൻഡ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങൾ സായുധ സേനകളെ നിയോഗിച്ചു.

ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാൻ പ്രദേശവാസികൾക്കു നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി.

ധാരണയിലുണ്ട്, ഉടമ്പടിയിലില്ല

ഈ മാസം 31നകം സമാധാന ഉടമ്പടി ഒപ്പിടുമെന്ന് കഴിഞ്ഞ മേയിൽ അധികാരമേറ്റതിനു പിന്നാലെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

ഉടമ്പടിക്കു മുന്നോടിയായുള്ള പ്രാഥമിക രൂപരേഖ സംബന്ധിച്ച് 2015 ഓഗസ്റ്റിൽ എൻഎസ്‌സിഎന്നും സർക്കാരും ധാരണയിലെത്തി. 6 ദശാബ്ദം നീണ്ട കലാപത്തിന് അന്ത്യം എന്നാണു ധാരണയെ അന്നു സർക്കാർ വിശേഷിപ്പിച്ചത്.

തർക്കം ഇങ്ങനെ:

∙ എൻഎസ്‍സിഎൻ (ഐഎം) : പ്രത്യേക പതാക, ഭരണഘടന, വിശാല നാഗാലാൻഡ് എന്നിവ സംബന്ധിച്ച 2015 ലെ ഉറപ്പ് ഉടമ്പടിയിൽ സർക്കാർ പാലിക്കണം.

∙ കേന്ദ്ര സർക്കാർ: അത്തരം ഉറപ്പുകളൊന്നും നൽകിയിട്ടില്ല.

∙ രഹസ്യ ധാരണ: 2015 ധാരണയിലെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ സർക്കാർ തയാറായിട്ടില്ല.

∙ ബദൽ വഴി: നാഗാ നാഷനൽ പൊളിറ്റക്കൽ ഗ്രൂപ്പ് (എൻഎൻജിപി), ഗോത്ര സംഘടനകൾ എന്നിവയുമായി സമാന്തര ചർച്ചകൾ നടത്തി ഉടമ്പടി ഒപ്പിടുക.

സുപ്രധാന ഉടമ്പടി

മിസോറമിലെ മിസോ ദേശീയ മുന്നണിയുമായി 1986 ൽ ഉണ്ടാക്കിയ കരാറിനു ശേഷം വടക്കു കിഴക്കൻ മേഖലയിലെ രണ്ടാമത്തെ സുപ്രധാന സമാധാന ഉടമ്പടിയാണു നാഗാലാൻഡിൽ യാഥാർഥ്യമാക്കാൻ സർക്കാർ ശ്രമിക്കുന്നത്.

1963 ലാണു നാഗാലാൻഡ് ഇന്ത്യയുടെ 16–ാം സംസ്ഥാനമാകുന്നത്. 2 കോടി ജനസംഖ്യയുള്ള സംസ്ഥാനം വൈകാതെ ആഭ്യന്തര കലാപത്തിലേക്കു വീണു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com