അയോധ്യാ കേസിൽ വിധി ഇന്ന്; സുരക്ഷ ശക്തം

ayodhya-case-supreme-court
SHARE

ന്യൂഡൽഹി ∙ അയോധ്യയിലെ രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമി തർക്ക കേസിൽ ഇന്നു രാവിലെ 10.30നു ചേരുന്ന സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയും. 

രാജ്യമെങ്ങും സുരക്ഷ ശക്തം. അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യുപിയിൽ എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നു. മഹാരാഷ്ട്രയിലെ ധുലെയിൽ ഫെയ്സ്ബുക് പോസ്റ്റിന്റെ പേരിൽ ഒരാൾ അറസ്റ്റിലായി.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് അവധി ദിവസമായ ഇന്നു വിധി പറയുമെന്ന അറിയിപ്പ് ഇന്നലെ രാത്രിയാണെത്തിയത്. 17നാണു ചീഫ് ജസ്റ്റിസ് വിരമിക്കുന്നത്.

അയോധ്യയിലെ 2.77 ഏക്കർ ഭൂമി ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും സന്യാസ സമൂഹമായ നിർമോഹി അഖാഡയ്ക്കുമായി വിഭജിക്കണമെന്നു 2010ൽ അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരായ 14 ഹർജികളാണു സുപ്രീം കോടതിയിലുള്ളത്.

തർക്കം ചർച്ചയിലൂടെ പരിഹരിക്കാനുള്ള മൂന്നംഗ മധ്യസ്ഥ സമിതിയുടെ ശ്രമം പരാജയപ്പെട്ടശേഷം, കഴിഞ്ഞ ഓഗസ്റ്റ് 6 മുതൽ ഒക്ടോബർ 16 വരെ 40 ദിവസമാണു കോടതി വാദം കേട്ടത്. ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്. അബ്ദുൽ നസീർ എന്നിവരാണു ബെഞ്ചിലുള്ളത്. അഞ്ചു പേർക്കും സുരക്ഷ ശക്തമാക്കി.

English Summary: Ayodhya case vertict today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA