ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാമക്ഷേത്ര നിർമാണത്തിനു കൈമാറാൻ സുപ്രീം കോടതി വിധി. മസ്ജിദ് നിർമിക്കാൻ അയോധ്യയിൽതന്നെ പ്രധാന സ്ഥാനത്ത് അഞ്ചേക്കർ ഭൂമി നൽകാനും അഞ്ചംഗ ഭരണഘടനാബെഞ്ച് വിധിച്ചു. രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമിതർക്ക കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.അബ്ദുൽ നസീർ എന്നിവരടങ്ങിയ ബെഞ്ച് ഏകകണ്ഠമായാണ് ചരിത്രവിധി പ്രഖ്യാപിച്ചത്.

1949 ൽ മസ്ജിദിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതും 1992 ൽ മസ്ജിദ് തകർത്തതും നിയമലംഘനമാണെന്നു കോടതി വിമർശിച്ചു. മസ്ജിദ് തർക്കുകയെന്ന തെറ്റിനുള്ള പരിഹാരമായാണ് മറ്റൊരു സ്ഥലത്തു ഭൂമി നൽകുന്നത്. പൂർണനീതി നടപ്പാക്കുന്നതിന്, ഭരണഘടനയുടെ 142ാം വകുപ്പ് സുപ്രീം കോടതിക്കു നൽകുന്ന സവിശേഷ അധികാരം പ്രയോഗിച്ചുള്ളതാണ് വിധിയെന്നു കോടതി വിശദീകരിച്ചു.

കേസിലെ കക്ഷികളായ നിർമോഹി അഖാഡയുടെയും ഷിയ വഖഫ് ബോർഡിന്റെയും ഹർജികൾ തള്ളി. പ്രതിഷ്ഠയ്ക്കു (രാംലല്ല) നിയമപരമായ വ്യക്തിത്വം ഉണ്ടെന്ന വാദം അംഗീകരിച്ച കോടതി, രാമജന്മഭൂമിക്ക് ഇതേ പദവി നൽകാനാകില്ലെന്നും വ്യക്തമാക്കി.

വിധിയിലെ മറ്റ് പ്രധാന നിർദേശങ്ങൾ

∙ അയോധ്യയിലെ ചില പ്രദേശങ്ങൾ ഏറ്റെടുക്കുന്നതു സംബന്ധിച്ച 1993ലെ നിയമപ്രകാരമുള്ള അധികാരമുപയോഗിച്ച്, 3 മാസത്തിനകം കേന്ദ്ര പദ്ധതി തയ്യാറാക്കണം. ട്രസ്റ്റ് അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉചിതമായ സംവിധാനമാണ് പദ്ധതിയിലൂടെ തയ്യാറാക്കേണ്ടത്. ട്രസ്റ്റികൾക്ക് ക്ഷേത്ര നിർമ്മാണത്തിനും അധികാരമുണ്ടാവണം.
∙ തർക്കഭൂമി, ട്രസ്റ്റിന്റെ ബോർഡ് അല്ലെങ്കിൽ പകരമായുള്ള ഉചിതമായ സംവിധാനത്തിന് കൈമാറണം. ഏറ്റെടുത്തിട്ടുള്ള ബാക്കി ഭൂമിയും ട്രസ്റ്റിനു കൈ
മാറാൻ കേന്ദ്ര സർക്കാരിനു വ്യവസ്ഥയുണ്ടാക്കാം.
∙ വിജ്ഞാപനത്തിലൂടെ കൈമാറുന്നതുവരെ തർക്കഭൂമി കേന്ദ്ര സർക്കാരിനു കീഴിലെ റീസിവറുടെ കൈവശം തുടരും.
∙ തർക്കഭൂമി കൈമാറുന്നതിനൊപ്പംതന്നെ, സുന്നി വഖഫ് ബോർഡിന് 5 ഏക്കർ ഭൂമി നൽകണം. കേന്ദ്രവും യുപി സർക്കാരും കൂടിയാലോചിച്ചാണ് ഈ ഭൂമി നിശ്ചയിക്കേണ്ടത്: കേന്ദ്രത്തിന്, നിയമപ്രകാരം ഏറ്റെടുത്തതിൽനിന്ന് ഭൂമി നൽകാം, യുപി സർക്കാരാണ് ഭൂമി നൽകുന്നതെങ്കിൽ അയോധ്യയിൽ പ്രധാനസ്ഥാനത്താവണം.
∙ വഖഫ് ബോർഡിനു ലഭിക്കുന്ന ഭൂമിയിൽ മസ്ജിദും മറ്റും സൗകര്യങ്ങളും നിർമ്മിക്കാം.
∙ കേന്ദ്ര പദ്ധതി പ്രകാരമുള്ള സംവിധാനത്തിൽ നിർമോഹി അഖാഡയ്ക്ക് ഉചിതമായ പ്രാതിനിധ്യം നൽകണം.

English Summary: Ayodhya case verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com