ADVERTISEMENT

ന്യൂഡൽഹി ∙ സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്നു കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിന്റെ പ്രമേയം. ‘‘ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ മൂല്യങ്ങൾ മാനിക്കണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളോടും വിഭാഗങ്ങളോടും അഭ്യർഥിക്കുന്നു. സമാധാനവും ഒത്തൊരുമയും നിലനിർത്തണം’’– പ്രമേയത്തിൽ പറയുന്നു.

നേതാക്കൾ വ്യത്യസ്ത നിലപാടുകൾ എടുക്കരുതെന്നും കരുതലോടെ പ്രതികരിക്കണമെന്നും പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നിർദേശിച്ചിരുന്നു. തുടർന്ന് പൊതുനിലപാട് തീരുമാനിക്കാൻ ഇന്നലെ രാവിലെ തിരക്കിട്ടു പ്രവർത്തകസമിതി യോഗം ചേർന്നു. എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, സ്ഥിരം ക്ഷണിതാവ് പി.സി. ചാക്കോ എന്നിവരുൾപ്പെടെ പങ്കെടുത്തു. രാഹുൽ ഗാന്ധി പങ്കെടുത്തില്ല. ഐക്യവും സാഹോദര്യവും നിലനിർത്തണമെന്ന് അദ്ദേഹം ട്വിറ്ററിൽ ആഹ്വാനം ചെയ്തു.

രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരായ പ്രക്ഷോഭം ഏതാനും ദിവസം മാറ്റിവയ്ക്കാനും കോൺഗ്രസ് തീരുമാനിച്ചു. ഡിസംബർ ഒന്നിനു ഡൽഹി രാംലീലാ മൈതാനത്ത് നിശ്ചയിച്ചിരുന്ന പ്രതിഷേധ റാലിയും മാറ്റി. പുതിയ തീയതി പിന്നീടു തീരുമാനിക്കും.

ചില കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത്: സിപിഎം

സങ്കീർണ പ്രശ്നത്തിനു നിയമപരിഹാരമായി. അതേസമയം, വിധിക്ക് ആധാരമായ ചില കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതാണ്. ബാബറി മസ്ജിദ് പൊളിച്ചതു നിയമലംഘനമായിരുന്നുവെന്നു കോടതി തന്നെ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണം.

പ്രകോപനം വേണ്ട: സിപിഐ

അനുരഞ്ജന വിധിയാണിത്. ഏതെങ്കിലും ഒരു കക്ഷിയുടെ വിജയമായി കാണാനാവില്ല. വിധി പിന്തുടർന്ന് ആരും പ്രകോപന നടപടികളിലേക്കു പോകരുത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com