ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യ ഭൂമി കേസിൽ അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിലെ ജഡ്ജിമാരായ സിഗ്ബത്തുല്ല ഖാൻ, സുധീർ അഗർവാൾ, ധരംവീർ ശർമ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് 2010 സെപ്റ്റംബർ 30ന് വിധി പറഞ്ഞത്. മൂന്നു പേരും എഴുതിയതു വെവ്വേറെ വിധിന്യായങ്ങൾ. മൊത്തം 8189 പേജ്. 4 ഹർജികളാണ് കോടതി പരിഗണിച്ചത്.

ഭൂമി മൂന്നായി വിഭജിക്കണമെന്നു ജഡ്ജിമാരായ സിഗ്ബത്തുല്ല ഖാൻ, സുധീർ അഗർവാളും വിധിച്ചപ്പോൾ, ഭൂമി മുഴുവനും ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതെന്നു ജസ്റ്റിസ് ധരംവീർ ശർമ വിധിച്ചു. ഫലത്തിൽ, ഭൂമി വിഭജിക്കണമെന്നതു ഭൂരിപക്ഷ വിധിയായി.

വിഭജനം നടത്തുമ്പോൾ, ഇപ്പോൾ താൽക്കാലിക ക്ഷേത്രമുള്ളതും വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുള്ളതുമായ സ്ഥലം ഹിന്ദുക്കൾക്കും രാമ ഛബൂത്ര, സീതയുടെ അടുക്കള (സീത രസോയി) തുടങ്ങിയവ നിർമോഹി അഖാഡയ്ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. വൈഷ്ണവ സമ്പ്രദായം പിന്തുടരുന്ന സന്യാസി വിഭാഗമാണു നിർമോഹി അഖാഡ.

 പട്ടയ അവകാശം സ്ഥാപിക്കാൻ ഇരുകൂട്ടർക്കും സാധിച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. രേഖകളുടെ അടിസ്ഥാനത്തിലല്ല, രേഖകളില്ലായ്മയുടെ പേരിലാണു ഭൂമി മൂന്നായി വിഭജിക്കാൻ നിർദേശിക്കുന്നതെന്നും കോടതി സൂചിപ്പിച്ചു.

 മസ്ജിദിന്റെ ചുറ്റുമതിലിനുള്ളിൽ ഹൈന്ദവ ആരാധനാ സ്ഥലവും നിലനിന്നുവെന്നതും രണ്ടിടത്തും പ്രാർഥന നടന്നുവെന്നതും സവിശേഷവും അപൂർവവുമായ സ്ഥിതിവിശേഷമാണെന്നു ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ഖാൻ നിരീക്ഷിച്ചിരുന്നു. വിഗ്രഹങ്ങൾ ഇപ്പോഴത്തെ സ്ഥാനത്തു നിന്നു മാറ്റരുതെന്ന് ഇദ്ദേഹവും ജസ്റ്റിസ് അഗർവാളും വ്യക്തമാക്കി.

മധ്യതാഴികക്കുടം നിലനിന്നിടം ശ്രീരാമ ജന്മസ്ഥാനമെന്നതു ഹൈന്ദവ വിശ്വാസമാണെന്നും ഇടപെടൽ പാടില്ലെന്നും ജസ്റ്റിസ് അഗർവാൾ വ്യക്തമാക്കിയിരുന്നു. ഈ സ്ഥാനത്തു തന്നെയാണു രാമന്റെ ജന്മമെന്നു മസ്ജിദ് നിർമാണശേഷം ഹിന്ദുക്കൾ വിശ്വസിക്കുന്നുവെന്നു ജസ്റ്റിസ് ഖാൻ വ്യക്തമാക്കിയപ്പോൾ, ഇതുതന്നെയാണു ജന്മസ്ഥാനമെന്നു ജസ്റ്റിസ് ശർമ തീർത്തുപറഞ്ഞു.

മസ്ജിദ് നിർമിച്ചതു മുഗൾ ചക്രവർത്തി ബാബറാണെന്നു ജഡ്ജിമാരായ ഖാനും ശർമയും നിരീക്ഷിച്ചു. ക്ഷേത്രം തകർത്തിട്ടല്ല, ക്ഷേത്രാവശിഷ്ടങ്ങൾക്കു മുകളിലാണു പള്ളി നിർമിച്ചതെന്നു ജസ്റ്റിസ് ഖാൻ പറഞ്ഞപ്പോൾ, ക്ഷേത്രം തകർത്തായിരുന്നു നിർമാണമെന്നു മറ്റു രണ്ടു പേരും വിലയിരുത്തി.

മാലാഖമാർ വിഹരിക്കാൻ ഭയപ്പെടുന്നതും കുഴിബോംബുകൾ നിറഞ്ഞതുമായ ഒരു തുണ്ടു ഭൂമിയെ ശുദ്ധീകരിക്കാനാണു തങ്ങളുടെ ശ്രമമെന്നാണു വിധിന്യായത്തിന്റെ ആമുഖത്തിൽ ജസ്റ്റിസ് ഖാൻ എഴുതിയത്. രമ്യതയുടെ പാതയിലേക്കു വഴി നടത്താനുള്ളതാണ് കോടതിയുടെ ശ്രമമെന്നും ജസ്റ്റിസ് ഖാൻ സൂചിപ്പിച്ചു.

തർക്കഭൂമിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ ഉത്ഖനനം സുപ്രീം കോടതിയിലെ വാദത്തിനിടെ ഏറെ ചർച്ച ചെയ്തിരുന്നു. എന്നാൽ, ഹൈക്കോടതിയിൽ ജസ്റ്റിസ് ശർമ മാത്രമാണ് എഎസ്ഐയുടെ റിപ്പോർട്ടിന് കാര്യമായ വിലകൽപിച്ചത്. 

English summary: Ayodhya Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com