ADVERTISEMENT

ന്യൂഡൽഹി ∙ നിയമവാഴ്ചയോടു പ്രതിബദ്ധതയുള്ള മതനിരപേക്ഷ രാജ്യത്ത് നിയമവിരുദ്ധ നടപടിയിലൂടെ ബാബറി മസ്ജിദ് നഷ്ടപ്പെട്ട മുസ്‌ലിംകളുടെ അവകാശം പരിഗണിക്കാതിരുന്നാൽ നീതി നടപ്പാവില്ലെന്നു സുപ്രീം കോടതി. മസ്ജിദ് നിർമിക്കുന്നതിന് 5 ഏക്കർ ഭൂമി നൽകുന്നതിന്റെ കാരണമായാണ് കോടതി ഇതു വ്യക്തമാക്കിയത്. 

കോടതിയുടെ നിരീക്ഷണങ്ങൾ:

∙ 16ാം നൂറ്റാണ്ടിൽ മസ്ജിദ് നിർമിച്ചശേഷം, 1857 നു മുൻപുവരെ അതു തങ്ങളുടെ മാത്രം കൈവശമായിരുന്നുവെന്നു സൂചിപ്പിക്കുന്ന തെളിവുകൾ മുസ്‌ലിം പക്ഷം ലഭ്യമാക്കിയിട്ടില്ല. 1857 ൽ വേലി/ ഇഷ്ടിക മതിൽ നിർമിച്ച ശേഷവും  ഹിന്ദുക്കൾ പുറത്തെ മുറ്റത്ത് ആരാധന നടത്തിയതിനു തെളിവുണ്ട്. 1857 നു മുൻപ് അകത്തെ മുറ്റത്ത് ആരാധന നടത്തിയതിനും തെളിവുണ്ട്.

∙ മതിൽ നിർമിക്കപ്പെട്ട ശേഷവും മസ്ജിദ് നിലനിന്നുവെന്നതിനും അവിടെ നമസ്കാരം നടന്നിരുന്നുവെന്നതിനും തെളിവുണ്ട്. നമസ്കരിക്കാനെത്തിയവരെ തടസ്സപ്പെടുത്തിയിരുന്നുവെന്ന് 1949 ഡിസംബറിൽ വഖഫ് ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 1949 ഡിസംബർ 16 െവള്ളിയാഴ്ചയാണ് അവസാനം നമസ്കാരം നടന്നത്. 

∙ മുസ്‌ലിംകളെ പുറത്താക്കി സ്ഥലം പിടിച്ചെടുക്കുന്നത് 1949 ഡിസംബർ 22–23 രാത്രിയിലാണ്. അന്നാണ്, അതിക്രമിച്ചു കടന്ന് വിഗ്രഹങ്ങൾ സ്ഥാപിച്ചത്. മുസ്‌‌ലിംകളെ പുറത്താക്കിയത് നിയമപരമായല്ല, ആരാധനാ സ്ഥലം നിഷേധിക്കാനുള്ള കരുതിക്കൂട്ടിയുള്ള നടപടിയായിരുന്നു. 450 വർഷം മുൻപു നിർമിച്ച ആരാധനാലയമാണ് നിയമവിരുദ്ധമായി മുസ്‌‍ലിംകൾക്കു നിഷേധിച്ചത്. 

∙ മുസ്‌ലിംകൾ മസ്ജിദ് ഉപേക്ഷിക്കുകയല്ലായിരുന്നു. 1949 ഡിസംബറിൽ അവരെ പുറത്താക്കി കൈവശപ്പെടുത്തിയ മസ്ജിദ്, 1992 ഡിസംബർ 6ന് തകർത്തു. തെറ്റിനു പരിഹാരമുണ്ടാകുന്നുവെന്ന് ഭരണഘടനയുടെ 142ാം വകുപ്പു പ്രയോഗിച്ച് ഈ കോടതി ഉറപ്പാക്കേണ്ടതുണ്ട്. 

ഭരണഘടന എല്ലാ വിശ്വാസങ്ങൾക്കും തുല്യത ഉറപ്പാക്കുന്നു. സഹിഷ്ണുതയും സഹവർത്തിത്വവും നമ്മുടെ രാഷ്ട്രത്തിനും ജനത്തിനും മതനിരപേക്ഷതയോടുള്ള പ്രതിബദ്ധയെ പരിപോഷിപ്പിക്കുന്നു. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com