ADVERTISEMENT

ന്യൂഡൽഹി ∙ വർധിപ്പിച്ച ഹോസ്റ്റൽ ഫീസിൽ ഭാഗികമായി കുറവു വരുത്താൻ ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) എക്സിക്യൂട്ടീവ് കൗൺസിൽ.

വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണു തീരുമാനം. എന്നാൽ പുതിയ പരിഷ്കാരങ്ങൾ പൂർണമായി പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണു വിദ്യാർഥി യൂണിയന്റെ നിലപാട്.

ഹോസ്റ്റൽ സിംഗിൾ റൂം പ്രതിമാസ വാടക 600 രൂപയായി വർധിപ്പിച്ചത് 200 രൂപയായി കുറച്ചു. നേരത്തെ ഇത് 20 രൂപയായിരുന്നു. ഡബിൾ റൂം ഫീസ് നേരത്തെ 20 രൂപയായിരുന്നത് 600 രൂപയാക്കിയിരുന്നു. ഇത് 300 രൂപയായി കുറച്ചു.

ഹോസ്റ്റൽ ഡബിൾ റൂം നിരക്ക് 10 രൂപയിൽ നിന്നു 300 രൂപയാക്കിയതു 150 ആക്കി. ജലം, വൈദ്യുതി ഉപയോഗം, വിവിധ സേവനങ്ങൾ എന്നിവയ്ക്കുള്ള നിരക്കിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് 50 % ഇളവും നൽകും. സ്കോളർഷിപ്പുകൾ ലഭിക്കുന്ന ബിപിഎൽ വിദ്യാർഥികൾക്ക് ഇളവില്ല. സൗജന്യ സേവനങ്ങൾക്കു മുഴുവൻ തുകയും ഈടാക്കാനായിരുന്നു ആദ്യ തീരുമാനം.

ഹോസ്റ്റൽ ഫീസ് വർധന, സമയ നിയന്ത്രണം, വസ്ത്ര നിബന്ധന എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ടു രണ്ടാഴ്ചയായി നടക്കുന്ന വിദ്യാർഥി സമരത്തിനു തിങ്കളാഴ്ചത്തെ പൊലീസ് അതിക്രമത്തിലൂടെയാണു ദേശീയശ്രദ്ധ ലഭിച്ചത്.

കേന്ദ്രമന്ത്രി രമേഷ് പൊഖ്റിയാൽ സമരത്തിൽ 6 മണിക്കൂർ കുടുങ്ങിയതോടെ മാനവശേഷി മന്ത്രാലയം ഇടപെട്ടതിനെ തുടർന്നാണു ഫീസ് കുറയ്ക്കാൻ തീരുമാനിച്ചത്.

വിദ്യാർഥികളുടെ നിലപാട്

∙ ഹോസ്റ്റലിൽ മുൻപു ജലം, വൈദ്യുതി എന്നിവ സൗജന്യമായിരുന്നു. മുറിവാടകയും മറ്റു നിരക്കുകളും മെസ് ബില്ലുമാണ് നൽകേണ്ടിയിരുന്നത്. പ്രതിമാസം പരമാവധി 1000–1500 രൂപ. പുതിയ ഹോസ്റ്റൽ ചട്ടത്തിൽ ജലം, വൈദ്യുതി ഉപയോഗത്തിന്റെ പണം വിദ്യാർഥികൾ നൽകണം.

കൂടാതെ 1700 രൂപ സർവീസ് ചാർജും മെസ് ഫീസും ഉൾപ്പെടുമ്പോൾ പ്രതിമാസ നിരക്ക് 4500 മുതൽ 7000 രൂപവരെയാകും. മുറി വാടകയിൽ മാത്രമാണ് ഇപ്പോൾ ഇളവു ലഭിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com