sections
MORE

തിളച്ചുമറിഞ്ഞ് പാർലമെന്റ്; ഹൈദരാബാദ്, കോയമ്പത്തൂർ പീഡനങ്ങൾ പാർലമെന്റിൽ

hyderabah
ഷംഷാബാദ് പീഡനത്തിൽ പ്രതിഷേധിച്ച് സ്കൂൾ, കോളജ് വിദ്യാർഥികളും വിവിധ തൊഴിൽ മേഖലകളിലുള്ളവരും ഹൈദരാബാദിലെ നിരത്തിലിറങ്ങിയപ്പോൾ. കുറഞ്ഞ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കു പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നു തെലങ്കാന പൊലീസ് വ്യക്തമാക്കി.
SHARE

ന്യൂഡൽഹി ∙ ഹൈദരാബാദ്, കോയമ്പത്തൂർ പീഡനങ്ങളിൽ തിളച്ചുമറിഞ്ഞ് പാർലമെന്റ്. പ്രതികളെ ആൾക്കൂട്ടത്തിന് ഏൽപിക്കണമെന്നു വരെ എംപിമാർ പ്രതികരിച്ചപ്പോൾ, നിയമം കൂടുതൽ കർശനമാക്കാൻ തയാറെന്നായിരുന്നു സർക്കാരിന്റെ മറുപടി. രോഷമറിയിച്ചും കൂടുതൽ കർശന ഇടപെടൽ ആവശ്യപ്പെട്ടും ഇരുസഭകളിലും എംപിമാ‍ർ സംസാരിച്ചു. ആശങ്ക പങ്കുവച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൂടുതൽ ചർച്ച ആകാമെന്നും വ്യക്തമാക്കി.

തെലങ്കാനയിലെ ഷംഷാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കൊന്ന ശേഷം മൃതദേഹം കത്തിച്ചതും കോയമ്പത്തൂരിൽ പിറന്നാൾ ആഘോഷിച്ചു മടങ്ങിയ പ്ലസ്‌വൺ വിദ്യാർഥിനിയെ കൂട്ടപീഡനത്തിനിരയാക്കിയതും സംബന്ധിച്ചാണ് സഭ ചർച്ച ചെയ്തത്.

ലോക്സഭ വാക്കുകളില്ലാതെ മന്ത്രി

സഭ തുടങ്ങിയപ്പോൾത്തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ചു. ശൂന്യവേളയിൽ സംസാരിക്കാമെന്നു സ്പീക്കർ ഉറപ്പു നൽകി. തെലങ്കാന സർക്കാരിന്റെ വീഴ്ച കോൺഗ്രസ് എംപി ഉത്തംകുമാർ റെഡ്ഡി ഉന്നയിച്ചു. നിർഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകുന്നതിനെ ബിജെഡിയിലെ പിനാകി മിശ്ര ചോദ്യം ചെയ്തു. മറ്റ് എംപിമാരും ഇതിനെ പിന്തുണച്ചതോടെയാണു ശിക്ഷ വേഗത്തിലാക്കുന്നതിനു നിയമപരിഷ്കരണം വേണമെന്ന ആവശ്യമുയർന്നത്.

മോദി സർക്കാരിന്റെ കാലത്തെ പീഡനക്കണക്ക് ബിഎസ്പിയിലെ ഡാനിഷ് അലി നിരത്തിയതോടെ എതിർപ്പുമായി ബിജെപിയിലെ ലോക്കറ്റ് ചാറ്റർജി എഴുന്നേറ്റു. ഈ ക്രൂരതയെക്കുറിച്ചു പറയാൻ വാക്കുകളില്ലെന്നും നിർഭയ സംഭവത്തിനു ശേഷം കർശന നിയമം കൊണ്ടുവന്നിട്ടും പീഡനങ്ങൾ ആവർത്തിക്കുന്നതായും രാജ്നാഥ് സിങ് മറുപടി നൽകി. 

രാജ്യസഭ രോഷം വിടാതെ എംപിമാർ

പ്രതികൾക്കു കടുത്ത ശിക്ഷ നൽകണമെന്നായിരുന്നു രാജ്യസഭയിലെ ആവശ്യം. പ്രതികളെ ആൾക്കൂട്ടത്തിനു വിട്ടുകൊടുക്കണമെന്ന് സമാജ്‌വാദി പാർട്ടിയിലെ ജയ ബച്ചൻ ആവശ്യപ്പെട്ടു. ശിക്ഷ കഴിഞ്ഞിറങ്ങുന്ന ഇത്തരം പ്രതികളെ വന്ധ്യംകരിച്ചു വിടണമെന്നായിരുന്നു ഡിഎംകെയിലെ പി. വിൽസന്റെ നിർദേശം. അതിനുള്ള ചെലവു പ്രതികളുടെ സ്ഥലം വിറ്റു കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നാവ്, കഠ്‌വ അടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. പാർട്ടിയും മതവും നോക്കാതെ ശിക്ഷിക്കണമെന്നു ഗുലാം നബി ആസാദും മുഹമ്മദ് അലി ഖാനും പറഞ്ഞു.

ശിക്ഷയ്ക്ക് ഭേദഗതി വരും: ആഭ്യന്തര സഹമന്ത്രി

ന്യൂഡൽഹി ∙ പീഡനവും കൊലപാതകവും അടക്കമുള്ള കേസുകളിൽ വിചാരണയും ശിക്ഷയും വേഗത്തിലാക്കാൻ ഇന്ത്യൻ ശിക്ഷാ നിയമവും (ഐപിസി) ക്രിമിനൽ നടപടി ചട്ടവും (സിആർപിസി) ഭേദഗതി ചെയ്യുമെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി. വിചാരണ കോടതിയുടെ വിധി സുപ്രീം കോടതിയിൽ മാത്രം ചോദ്യം ചെയ്യാനാകുന്ന ഭേദഗതിയാണു പരിഗണനയിൽ. മറ്റു കോടതികളിലൂടെ അപ്പീൽ കടന്നെത്തുന്നതു ശിക്ഷ വൈകിപ്പിക്കുന്നുവെന്നു കണ്ടാണിത്.

ഐപിസിയും സിആർപിസിയും ബ്രിട്ടിഷ് കാലത്തു രൂപം നൽകിയതാണ്. ബ്യൂറോ ഓഫ് പൊലീസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഭേദഗതി സംബന്ധിച്ച കരടുനിർദേശം തയാറായി. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങൾ ഏകോപിപ്പിച്ച് 112 എന്ന നമ്പർ രാജ്യവ്യാപകമാക്കുമെന്നും കിഷൻ റെഡ്ഡി ലോക്സഭയിൽ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA