ADVERTISEMENT

ന്യൂഡൽഹി ∙ വ്യവസായികൾ സർക്കാരിനെ ഭയപ്പെടുന്നുവെന്ന തരം അഭിപ്രായങ്ങൾ ദേശീയ താൽപര്യത്തെ ബാധിക്കാമെന്ന വിമർശനവുമായി ധനമന്ത്രി നിർമല സീതാരാമൻ. വ്യവസായി രാഹുൽ ബജാജിന്റെ പരാമർശത്തെ വിമർശിച്ച ധനമന്ത്രിയെ പ്രതിപക്ഷവും സമൂഹ മാധ്യമങ്ങളും പരിഹസിച്ചു.

മുബൈയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, നിർമല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിലാണ് ബജാജ് ഗ്രൂപ്പ് മേധാവി രാഹുൽ ബജാജ് വിമർശനത്തോട് സർക്കാരിനുള്ള അസഹിഷ്ണുത തുറന്നുപറഞ്ഞത്. 

ഭീതിയുടെ അന്തരീക്ഷമുണ്ടെങ്കിൽ അതു മാറ്റാൻ ശ്രമിക്കുമെന്നും വിമർശനങ്ങൾ പരിശോധിക്കുമെന്നുമായിരുന്നു ഷായുടെ മറുപടി.

എന്നാൽ, ഉത്തരങ്ങൾ തേടുന്നതിനു പകരം, സ്വന്തം കാഴ്ചപ്പാട് പ്രചരിപ്പിക്കുന്നത് ദേശീയ താൽപര്യത്തിനു വിരുദ്ധമെന്നാണ് നിർമല ട്വിറ്ററിലൂടെ വിമർശിച്ചത്. ദേശീയ താൽപര്യമാണ് മനസ്സിലുള്ളതെങ്കിൽ നിർമല നേരത്തെതന്നെ രാജിവയ്ക്കണമായിരുന്നു എന്നാണ് അതിനു ട്വിറ്ററിൽത്തന്നെ ലഭിച്ച ഒരു മറുപടി.

ബയോകോൺ മേധാവി കിരൺ മജുംദാർ ഷായും രാഹുൽ ബജാജിനെ പിന്തുണച്ച് രംഗത്തെത്തി: വ്യവസായികളെ സർക്കാർ അകറ്റിനിർത്തുകയാണ്, സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള വിമർശനങ്ങൾക്കു ചെവികൊടുക്കാൻ താൽപര്യമില്ല. സാമ്പത്തിക വളർച്ച സാധ്യമാക്കാനുള്ള പരിഹാര നടപടികൾ ആലോചിക്കാൻ രാജ്യത്തെ വ്യവസായിസമൂഹവുമായി കൂടിയാലോചിക്കുകയാണ് ചെയ്യേണ്ടത് – കിരൺ മജുംദാർ ഷാ ട്വിറ്ററിൽ കുറിച്ചു.

അമിത് ഷായുടെ വാക്കുകൾ പൊള്ളയെന്നതിനു തെളിവാണു നിർമലയുടെ വിമർശനമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. പൗര റജിസ്റ്ററിനൊപ്പം, ഇനി ദേശീയ താൽപര്യ റജിസ്റ്ററും ഉണ്ടാവുമോ? അതാവുമ്പോൾ ഏതു മതത്തിലുള്ളവരെയും ഒഴിവാക്കാനാവും– യച്ചൂരി പറഞ്ഞു.

സർക്കാരിനെ പുകഴ്ത്തുന്നതാണോ ദേശീയ താൽപര്യമെന്നാണ് കോൺഗ്രസ് നേതാവ് കപിൽ സിബൽ ചോദിച്ചത്. ബജാജ് ഉൽപന്നങ്ങളുടെ പരസ്യവാചകങ്ങൾ ഉപയോഗിച്ചായിരുന്നു കോൺഗ്രസിലെ ജയ്റാം രമേശിന്റെ പരിഹാസം: ബജാജിനെ പരാജയപ്പെടുത്താൻ നിങ്ങൾക്കാവില്ല. ‘ഹമാരാ ബജാജ്’ പണികൊടുത്തു!’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com