ADVERTISEMENT

ന്യൂഡൽഹി ∙ മാതാപിതാക്കൾ, മുതിർന്ന പൗരൻമാർ എന്നിവരെ ഉപേക്ഷിക്കുന്ന മക്കൾ, കൊച്ചുമക്കൾ, മരുമക്കൾ (മകന്റെയോ മകളുടെയോ ഭാര്യ/ഭർത്താവ്) എന്നിവർക്ക് 6 മാസം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ നൽകാൻ നടപടിയുമായി കേന്ദ്രസർക്കാർ.

മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും പരിപാലനം, ക്ഷേമം എന്നിവ സംബന്ധിച്ച ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ഇവർക്കു നേരെയുള്ള ശാരീരിക ഉപദ്രവം, മാനസിക പീഡനം, മോശംവാക്ക് ഉപയോഗിക്കൽ, മുറിവേൽപിക്കൽ എന്നിവ ശിക്ഷാർഹമാക്കും. 

3 മാസം തടവും 5000 രൂപ പിഴയും എന്ന ആദ്യ ബില്ലിലെ (2007) വ്യവസ്ഥയാണു ഭേദഗതി ചെയ്യുന്നത്. മാതാപിതാക്കളെ പരിപാലിക്കേണ്ട ഉത്തരവാദിത്തമുള്ള സംരക്ഷകരുടെ പട്ടികയിലേക്ക് മക്കൾ, കൊച്ചുമക്കൾ എന്നിവർക്കു പുറമേയാണു മരുമക്കളെയും ഉൾപ്പെടുത്തിയത്. മക്കളില്ലാത്തവരുടെ സംരക്ഷണച്ചുമതല അവരുടെ സ്വത്തിന്റെ അവകാശികൾക്കായിരിക്കും. വളർത്തച്ഛൻ, വളർത്തമ്മ എന്നിവർക്കും സുരക്ഷ സംബന്ധിച്ച വ്യവസ്ഥകൾ ബാധകം. 

പ്രധാന വ്യവസ്ഥകൾ

∙ വസ്ത്രം, ഭവനം, ആരോഗ്യ പരിചരണം, സുരക്ഷ, ഭക്ഷണം എന്നിവ ലഭ്യമാക്കേണ്ട ചുമതല സംരക്ഷകർക്ക്. 

∙ ഇവ പാലിക്കാത്ത മക്കൾ, കൊച്ചുമക്കൾ, മരുമക്കൾ എന്നിവർക്കെതിരെ സംസ്ഥാന ട്രൈബ്യൂണലുകളിൽ പരാതി നൽകാം. 

∙ 90 ദിവസത്തിനകം പരാതി തീർപ്പാക്കണം. 80 വയസ്സിനു മുകളിലാണെങ്കിൽ സമയപരിധി 60 ദിവസം. 

∙ സംരക്ഷകർ പ്രതിമാസം നൽകേണ്ട ജീവനാംശം ട്രൈബ്യൂണൽ തീരുമാനിക്കും. പരമാവധി 10,000 രൂപയെന്ന വ്യവസ്ഥ ഒഴിവാക്കി. 

∙ മുതിർന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പാക്കാനും പീഡനം തടയാനും ഓരോ പൊലീസ് സ്റ്റേഷനിലും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. 

∙ ഓരോ ജില്ലയിലും ഡപ്യൂട്ടി സൂപ്രണ്ടിന്റെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനു കീഴിൽ പ്രത്യേക പൊലീസ് സ്റ്റേഷൻ. സംസ്ഥാനതല ഹെൽപ്‌ലൈൻ നമ്പർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com