ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വ നിയമം നിലവിലെ ഇന്ത്യൻ പൗരന്മാരെ ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. മുസ്‌ലിംകളോടു ഒരുതരത്തിലും വിവേചനമില്ല; ഭാവിയിലുമുണ്ടാകില്ല– ജാവഡേക്കർ വ്യക്തമാക്കി.

പൗരത്വ നിയമത്തെ തെറ്റിദ്ധരിച്ചവരാണു പ്രതിഷേധക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എതിരാളികൾ ഇത് അവസരമായി കണ്ടു സ്ഥിതി വഷളാക്കുന്നു. 2003ൽ വാജ്‌പേയി സർക്കാരാണ് ഈ നയം നിയമവിധേയമാക്കാൻ ആദ്യ നടപടി സ്വീകരിച്ചത്. യുപിഎ സർക്കാരും ഈ പാത പിന്തുടർന്നു. ഇപ്പോൾ എതിർക്കുന്നവർ പലരും അന്ന് യുപിഎയുടെ ഭാഗമായിരുന്നു – ജാവഡേക്കർ പറഞ്ഞു.

മുസ്‌ലിം രാഷ്ട്രങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ മുസ്‌ലിംകൾ മതപീഡനം നേരിടുന്നില്ല. ഈ സാഹചര്യത്തിൽ, അവിടങ്ങളിലെ 30 കോടിയോളം മുസ്‌ലിംകൾക്ക് ഇന്ത്യൻ പൗരത്വത്തിനു വഴി തുറന്നുകൊടുക്കേണ്ടതുണ്ടോയെന്നും പ്രതിപക്ഷം ഇതിനു തയാറാണോ എന്നുമുള്ള പ്രധാനമന്ത്രിയുടെ ചോദ്യങ്ങൾക്ക് ഒരു പാർട്ടിയും ഉത്തരം നൽകിയിട്ടില്ല.

പൗര റജിസ്റ്ററിന്റെ അഭാവം ഇന്ത്യക്കുണ്ടായിരുന്നു. അതു പരിഹരിക്കാൻ എൻആർഎസി (ദേശീയ പൗര റജിസ്റ്റർ) സഹായിക്കും. 1985ൽ അസം കരാർ ഒപ്പിടുമ്പോൾ രാജീവ് ഗാന്ധി തന്നെ ഇതിന്റെ ആവശ്യകത അംഗീകരിച്ച‌താണ്. അസമിലെ എൻ‌ആർ‌സി ആ കരാറിലെ വ്യവസ്ഥകൾക്കനുസൃതമാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ എൻ‌ആർ‌സി എങ്ങനെ വേണമെന്നു പോലും ആലോചിച്ചിട്ടില്ലെന്നിരിക്കെ, ആശങ്ക ഉണ്ടാക്കുന്നതു ദൗർഭാഗ്യകരമാണ്. 130 കോടി ഇന്ത്യക്കാരിൽ ഒരാൾ പോലും എൻആർസിയിൽ നിന്ന് ഒഴിവാക്കപ്പെടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com