ADVERTISEMENT

‌കോയമ്പത്തൂർ ∙ ഇന്ത്യൻ ചിത്രകലാരംഗത്ത് അവിസ്മരണീയ മുദ്ര ചാർത്തിയ വിഖ്യാത ചിത്രകാരൻ പത്മഭൂഷൺ അക്ബർ പദംസി (91) ഓർമയായി. ഭാര്യ ഭാനുവിനോടൊപ്പം ദീർഘനാളുകളായി താമസിച്ചുവന്ന ഇഷ യോഗ സെന്ററിലായിരുന്നു അന്ത്യം. അന്ത്യകർമങ്ങൾ അവിടെ നടത്തി. അന്തരിച്ച പ്രശസ്ത ചലച്ചിത്ര നിർമാതാവ് അലിഖ് പദംസി സഹോദരനാണ്.

റാഡിക്കൽ രചനകളുടെ പേരിലാണ് കൂടുതൽ അറിയപ്പെട്ടിരുന്നതെങ്കിലും ചലച്ചിത്രനിർമാതാവും ഫൊട്ടോഗ്രഫറും ലിത്തോഗ്രഫറും ശിൽപിയുമായും അദ്ദേഹം തിളങ്ങി. ഓയിൽ പെയിന്റിങ്, പ്ലാസ്റ്റിക് എമൽഷൻ, വാട്ടർ കളർ, കംപ്യൂട്ടർ ഗ്രാഫിക്സ് എന്നിവയിലും പ്രാഗത്ഭ്യം പ്രകടമാക്കി. ഇന്ത്യയിലും വിദേശത്തും വിവിധ ഗാലറികളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. സിസിജി, ഇവന്റ്സ് ഇൻ എ ക്ലൗഡഡ് ചേംബർ എന്നീ 2 ഹ്രസ്വ അമൂർത്ത സിനിമകളും അദ്ദേഹം നിർമിച്ചു.

വരൾച്ച ബാധിച്ച കച്ചിൽ ധാന്യശേഖരം അപ്പാടെ ഗ്രാമത്തിനു സംഭാവന ചെയ്ത മുത്തച്ഛനു പത്മശ്രീ ലഭിച്ചതിനെ തുടർന്നാണ് കുടുംബം പദംസിയെന്ന പേരു സ്വീകരിച്ചത്. മുംബൈയിലെ മുസ്‌ലിം കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിനു കലാരംഗത്ത് സ്വതന്ത്രവും വിശാലവുമായ കാഴ്ചപ്പാടായിരുന്നു. പതഞ്ജലിസൂത്രം സംബന്ധിച്ച് സ്വാമി വിവേകാനന്ദൻ രചിച്ച കൃതിയിൽ അദ്ദേഹം ആകൃഷ്ടനായി. ശിൽപശാസ്ത്രം പഠിച്ച അദ്ദേഹം അതിൽ മുഴുകി. 2010 ലാണ് പത്മഭൂഷൺ ലഭിച്ചത്. 1962 ൽ ലളിത കലാ അക്കാദമിയുടെ സ്വർണ മെഡലും 1965 ൽ ജെഡി റോക്ക്ഫെല്ലർ ഫൗണ്ടേഷന്റെ ഫെലോഷിപ്പും ലഭിച്ചു. മധ്യപ്രദേശ് സർക്കാരിന്റെ കാളിദാസ് സമ്മാനും ലഭിച്ചു. അനേകം രാജ്യാന്തര കലാ സംഘടനകളുടെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

മുംബൈ ജഹാംഗിർ ആർട് ഗാലറിയിൽ 1954 ൽ നടത്തിയ ചിത്രപ്രദർശനത്തോടെയായിരുന്നു അരങ്ങേറ്റം. പൂർണനഗ്നത ചിത്രീകരിച്ചതു വിവാദമായി. പൊലീസ് ആവശ്യപ്പെട്ടിട്ടും ചിത്രം നീക്കാതിരുന്നതിനെ തുടർന്ന് അറസ്റ്റിലായി. പരസ്യമായി പ്രദർശിപ്പിക്കരുതെന്ന വ്യവസ്ഥയോടെ ചിത്രം പദംസിക്ക് തിരികെ നൽകാൻ കോടതി പിന്നീട് ഉത്തരവായി. 

എം.എഫ്. ഹുസൈൻ അടക്കം പ്രശസ്തരായ പല ചിത്രകാരന്മാരും ഒരേ സമയത്തു തിളങ്ങി നിന്നെങ്കിലും പദംസിയുടെ ചിത്രങ്ങൾക്കായിരുന്നു ഏറ്റവും ഉയർന്ന വില ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com