ADVERTISEMENT

ശ്രീനഗർ ∙ ഭീകരർക്കൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ പിടിയിലായത് രാഷ്ട്രപതിയുടെ മെഡൽ നേടിയ ഡിവൈഎസ്‌പി. ഹിസ്ബുൽ മുജാഹിദീൻ ജില്ലാ കമാൻഡർ നവീദ് ബാബു ഉൾപ്പെടെ 2 ഭീകരരെ ഷോപിയാൻ മേഖലയിൽനിന്നു കാറിൽ ഒപ്പം കൊണ്ടുപോയപ്പോഴാണ് കഴിഞ്ഞദിവസം ഡിവൈഎസ്പി ദവീന്ദർ സിങ് അറസ്റ്റിലായത്. ശ്രീനഗർ വിമാനത്താവളം ഡിവൈഎസ്പിയായ സിങ്ങിനെ തെക്കൻ കശ്മീരിലെ കുൽഗാമിലുള്ള മിർ ബാസാറിലെ പൊലീസ് ബാരിക്കേഡിൽവച്ച് പിടികൂടുകയായിരുന്നു.

ഡിവൈഎസ്പി ഭീകരരെ സഹായിച്ചതു ഹീനമായ കുറ്റകൃത്യമാണെന്നും ഭീകരരെപ്പോലെ പരിഗണിച്ചു പ്രതിക്കെതിരെ നടപടി സ്വീകരിക്കുമെന്നും കശ്മീർ ഐജി വിജയ് കുമാർ അറിയിച്ചു. ദവീന്ദർ സിങ് ഒട്ടേറെ ഭീകര വിരുദ്ധ ഓപ്പറേഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. അറസ്റ്റ് വിവരം പുറത്തുവന്നതോടെ ഷോപിയാനിലെ രഹസ്യകേന്ദ്രത്തിൽനിന്നു ചില ഭീകരർ രക്ഷപ്പെട്ടതായും ഐജി പറഞ്ഞു. സിങ്ങിനെ സുരക്ഷാ ഏജൻസികൾ ചോദ്യംചെയ്തു വരികയാണ്.

ഒപ്പം പിടിയിലായ നവീദ് ബാബു മുൻ പൊലീസുകാരനാണ്. 2017ൽ 4 തോക്കുകളുമായി ബദ്ഗാമിലെ ക്യാംപിൽനിന്ന് ഒളിച്ചോടി. പൊലീസുകാരെയും സാധാരണക്കാരെയും കൊലപ്പെടുത്തിയതിന് ഇയാൾക്കെതിരെ 17 കേസുകൾ നിലവിലുണ്ട്. ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ അത്‌ലഫ് ആണ് കാറിലുണ്ടായിരുന്ന രണ്ടാമത്തെ ഭീകരൻ. കാറിൽനിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. ഡിവൈ എസ്പിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിലും ആയുധങ്ങൾ കണ്ടെത്തി.

കശ്മീരിൽ 3 ഭീകരരെ വധിച്ചു

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഇന്നലെ 3 ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. ഭീകരരുടെ സ‌ാന്നിധ്യത്തെക്കുറിച്ചു സൂചന ലഭിച്ചതിനെ തുടർന്നു സുരക്ഷാ ഭടന്മാർ തിരച്ചിൽ നടത്തുമ്പോൾ ഭീകരർ അവർക്കുനേരെ വെടിവയ്പ് ആരംഭിച്ചു. തിരിച്ചടിച്ച സുരക്ഷാസേന 3 ഭീകരരെയും വധിച്ചു.

English Summary : President’s Police Medal Awarded DSP Arrested In Kulgam Along With Two Hizbul Mujahideen Terrorist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com