ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വ നിയമത്തിൽ രാജ്യവ്യാപക പ്രക്ഷോഭം തുടരവേ, വ്യത്യസ്ത പ്രതികരണങ്ങളുമായി ക്രിക്കറ്റ്, സിനിമ, സാഹിത്യ മേഖലയിലുള്ളവർ. സമരം മതിയാക്കി വിദ്യാർഥികൾ ക്ലാസിലേക്കു മടങ്ങണമെന്ന മു‍ൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സുനിൽ ഗാവസ്കറുടെ വാക്കുകളെ എതിർത്തും അനുകൂലിച്ചും ഒട്ടേറെ പേരെത്തി. 

‘വിദ്യാർഥികൾ സർവകലാശാലകളിൽ പോകുന്നതു പഠിക്കാനാണ്, അതാണ് അവരുടെ ജോലി. അതുകൊണ്ടു ക്ലാസ്മുറിയിലേക്കു മടങ്ങാനേ ഞാനവരോടു പറയു. ക്ലാസ്മുറിയിലിരിക്കേണ്ട പലരും തെരുവുകളിലാണ്. നമ്മൾ എല്ലാവരും ഒന്നിച്ചു നിന്നാൽ മാത്രമേ രാജ്യത്തിന് കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയൂ. ഇപ്പോഴത്തെ സംഘർഷാവസ്ഥ ഇന്ത്യ മറികടക്കും.’– ഗാവസ്കർ പറഞ്ഞു.

പൗരത്വ നിയമത്തിന്റെ കാര്യത്തിൽ ക്ഷമയോടെ കാത്തിരിക്കണമെന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചായ രവി ശാസ്ത്രിയുടെ ആവശ്യം. പൗരത്വ നിയമം ഭാവിയിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് പൗരത്വ നിയമം വിജ്ഞാപനം ചെയ്തതിനു പിന്നാലെ വീണ്ടും കേന്ദ്രത്തിനെതിരെ രംഗത്തെത്തി. പിതാവിന്റെ ജനന സർട്ടിഫിക്കറ്റ് പ്രധാനമന്ത്രി ആദ്യം കാണിക്കണമെന്നും ശേഷം തങ്ങളുടേതു ചോദിക്കട്ടെയെന്നുമായിരുന്നു കശ്യപിന്റെ പ്രതികരണം.

ജെഎൻയു വിഷയത്തിനെതിരെയായിരുന്നു എഴുത്തുകാരൻ ചേതൻ ഭഗത്തിന്റെ വിമർശനം. ജെഎൻയു കേവലം ഒരു കോളജ് മാത്രമാണെന്നും എന്തുകൊണ്ടാണ് ഇത്ര പ്രാധാന്യം ലഭിക്കുന്നതെന്നുമായിരുന്നു ചേതന്റെ ചോദ്യം. നേരത്തേ ജെഎൻയു വിദ്യാർഥികളെ പിന്തുണച്ചതിന്റെ പേരിൽ സർക്കാരിന്റെ അടക്കം അപ്രീതി നേടിയ നടി ദീപിക പദുക്കോണിനെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പിന്തുണച്ചു. താലിബാൻ മാതൃകയിൽ രാജ്യം ഭരിക്കാനാവില്ലെന്നായിരുന്നു പ്രതികരണം.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com