ADVERTISEMENT

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ മുഖംമൂടി ആക്രമണം ആസൂത്രണം ചെയ്ത 2 വാട്സാപ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്. ‘

യൂണിറ്റി എഗൻസ്റ്റ് ലെഫ്റ്റ്’, ‘ഫ്രണ്ട്സ് ഓഫ് ആർഎസ്എസ്’ എന്നീ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ഫോണുകൾ പിടിച്ചെടുക്കാനാണ് നിർദേശം. സംഭവങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഡൽഹി പൊലീസിനു കൈമാറാൻ ഗൂഗിൾ, വാട്സാപ് കമ്പനികൾക്ക് ഉത്തരവു നൽകിയ കോടതി ഹർജി തീർപ്പാക്കുകയും ചെയ്തു. 

ദൃക്സാക്ഷികളെ വിളിച്ചുവരുത്തി മൊഴിയെടുക്കാനും ജസ്റ്റിസ് ബ്രിജേഷ് സേത്തി നിർദേശിച്ചു. ജനുവരി 5 ലെ സിസിടിവി ദൃശ്യങ്ങൾ എത്രയും വേഗം പൊലീസിനു ലഭ്യമാക്കണമെന്നു ജെഎൻയു സുരക്ഷാ വിഭാഗം തലവൻ, റജിസ്ട്രാർ, ക്യാംപസിനുള്ളിലെ എസ്ബിഐ ശാഖാ മാനേജർ എന്നിവരോടും നിർദേശിച്ചിട്ടുണ്ട്. 

സന്ദേശങ്ങളും ചിത്രങ്ങളും സംരക്ഷിക്കാനും കൈമാറാനും കമ്പനികളോട് ആവശ്യപ്പെട്ടു. വാട്സാപ് ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവരുടെ ഇമെയിൽ വിലാസം ലഭ്യമാക്കിയാൽ ഗൂഗിൾ ഡ്രൈവിൽ ശേഖരിക്കപ്പെട്ടിട്ടുള്ള വിവരങ്ങൾ നൽകാമെന്നു കമ്പനി അറിയിച്ചു.

എന്നാൽ സന്ദേശം അയച്ചയാൾക്കും ലഭിച്ചവർക്കും മാത്രമേ കാണാനാകൂവെന്നായിരുന്നു വാട്സാപ്പിന്റെ വിശദീകരണം. 

ഉപയോക്താക്കളുടെ ഐപി വിലാസം ലഭ്യമാക്കാൻ കഴിയുമെന്നു മറ്റൊരു കേസിൽ മദ്രാസ് ഹൈക്കോടതിയിൽ വാട്സാപ് അറിയിച്ചിരുന്നതു ഹർജിക്കാരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാൽ ഉപയോക്താവിന്റെ അവസാനത്തെ ഐപി വിലാസം മാത്രമേ ലഭ്യമാക്കാൻ കഴിയുള്ളൂവെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. 

സമൂഹമാധ്യമങ്ങളിലെ വിവരങ്ങളും വിഡിയോ ദൃശ്യങ്ങളും കൈമാറാൻ കമ്പനികൾക്കു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് അക്രമത്തിൽ പരുക്കേറ്റ ജെഎൻയുവിലെ മലയാളി അധ്യാപകൻ അമിത് പരമേശ്വരൻ, അതുൽ സൂദ്, ശുക്ല വിനായക് ശാശ്വത് എന്നിവരാണു ഹൈക്കോടതിയെ സമീപിച്ചത്. 

ജാമിയ മിലിയ വിദ്യാർഥികളുടെ മൊഴിയെടുത്തു

∙ ജാമിയ സർവകലാശാലയിലെ പൊലീസ് അതിക്രമവുമായി  ബന്ധപ്പെട്ടു ദേശീയ മനുഷ്യാവകാശ കമ്മിഷൻ ക്യാംപസിലെത്തി നാല്പ‍തോളം വിദ്യാർഥികളുടെ മൊഴിയെടുത്തു.

ഇതിനിടെ അതിക്രമസംഭവങ്ങളിൽ കേസ് റജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിന്രെ ഭാഗമായി വൈസ് ചാൻസലർ നജ്മ അക്തർ ഡൽഹി പൊലീസ് മേധാവി അമൂല്യ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ മാസം സർവകലാശാല ക്യാംപസിൽ പൊലീസ് അതിക്രമിച്ചു കടന്നതുമായി ബന്ധപ്പെട്ടു എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ഫിറോസാബാദിൽ മരണം 7 ആയി

ലക്നൗ ∙ ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പൗരത്വ നിയമത്തിനെതിരെയുണ്ടായ പ്രതിഷേധത്തിനിടെ പരുക്കേറ്റു ചികിത്സയിലായിരുന്ന മുഹമ്മദ് അബ്രാർ (26) മരിച്ചു. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 7 ആയി.

ഡിസംബർ 20 നു ജോലി കഴിഞ്ഞു വരുമ്പോൾ റസുൽപുർ പൊലീസ് സ്റ്റേഷൻ പ്രദേശത്താണ് അബ്രാറിനു വെടിയേറ്റത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com