ADVERTISEMENT

ബെയ്ജിങ് ∙ ചൈനയിൽ പടരുന്ന നിഗൂഢമായ കൊറോണവൈറസ് മൂലമുള്ള ശ്വാസകോശരോഗം ബാധിച്ചവരിൽ ഇന്ത്യക്കാരിയും. അധ്യാപിക പ്രീതി മഹേശ്വരി (45) അടക്കം 17 പേർക്കാണു പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണവൈറസ് ബാധിക്കുന്ന ആദ്യ വിദേശിയാണു പ്രീതി.

ഏതാനും ആഴ്ചകൾക്കു മുൻപ് വുഹാൻ, ഷെൻഷെൻ നഗരങ്ങളിലെ മത്സ്യച്ചന്തകളിൽ നിന്നാണു ന്യൂമോണിയ പോലെയുള്ള രോഗം പടർന്നത്. ഷെൻഷെനിലെ രാജ്യാന്തര സ്കൂളിൽ അധ്യാപികയായ പ്രീതിയെ വെള്ളിയാഴ്ചയാണ് ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച കൊറോണോവൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ശ്വസനസഹായിയുടെ പിൻബലത്തിൽ പ്രീതി തീവ്രപരിചരണവിഭാഗത്തിൽ കഴിയുകയാണെന്നു ഡൽഹിയിൽ ബിസിനസുകാരനായ ഭർത്താവ് അശുമാൻ ഖൊവാൽ പറഞ്ഞു.

സാർസ് പക്ഷിപ്പനി ബാധിച്ച് 2002–2003ൽ 650 പേരാണ് ചൈനയിലും ഹോങ്കോങ്ങിലും മരിച്ചത്. സാർസ് ഇനത്തിൽ പെട്ടതാണു പുതിയ വൈറസുമെന്നതാണ് ആശങ്ക ഉയർത്തുന്നത്. എന്നാൽ കൊറോണ വൈറസ്ബാധയുടെ ഉദ്ഭവമോ കാരണമോ ഇനിയും കണ്ടെത്തിയിട്ടില്ല. പനി, ശ്വാസതടസ്സം, ചുമ തുടങ്ങിയവയാണു ലക്ഷണങ്ങൾ.

കടൽമത്സ്യത്തിന്റെ മൊത്തക്കച്ചവടം നടക്കുന്ന വുഹാനിലാണു വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്തതെങ്കിലും മത്സ്യച്ചന്തയുമായുള്ള വൈറസിന്റെ ബന്ധം വ്യക്തമല്ല.

വുഹാനിൽ 62 പേരുടെ രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 2 പേ‍ർ മരിച്ചു. 19 പേർ സുഖം പ്രാപിച്ചു. 5 പേരുടെ നില ഗുരുതരമാണ്. 1700 പേർക്ക‌ു രോഗം ബാധിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com