ADVERTISEMENT

ന്യൂഡൽഹി ∙ പ്രവാസികൾക്ക് ഇന്ത്യയിലെ വരുമാനത്തിന് നികുതി ഏർപ്പെടുത്തുമ്പോഴും, ബാങ്കുകളിലെ എൻആർഇ (നോൺ റസിഡന്റ് എക്സ്റ്റേണൽ), എഫ്സിഎൻആർ (ഫോറിൻ കറൻസി നോൺ റസിഡന്റ്) അക്കൗണ്ടുകളിലെ നിക്ഷേപത്തിൽ നിന്നുള്ള പലിശയ്ക്ക് നികുതിയിളവു തുടരും. പ്രവാസികളുടെ ശമ്പളം എത്തുന്നതു പ്രധാനമായും എൻആർഇ അക്കൗണ്ട് വഴിയാണ്. നാട്ടിലെ ഇടപാടുകൾക്ക് ഉപയോഗിക്കുന്ന എൻആർഒ (നോൺ റസിഡന്റ് ഓർഡിനറി) അക്കൗണ്ടിലെ പലിശ വരുമാനത്തിനു ഇപ്പോഴേ നികുതിയുണ്ട്; ഇതു തുടരുകയും ചെയ്യും.

ഒരു രാജ്യത്തും സ്ഥിരമായി താമസിക്കാതെ (സ്റ്റേറ്റ്‌ലെസ്) നികുതി സംവിധാനത്തിൽനിന്ന് രക്ഷപ്പെടുന്ന ഉയർന്ന വരുമാനക്കാരെ ഉദ്ദേശിച്ചുള്ളതാണ് പുതിയ വ്യവസ്ഥയെന്നു പ്രത്യക്ഷ നികുതി കോഡ് (ഡിടിസി) കർമസമിതി അധ്യക്ഷനായിരുന്ന അഖിലേഷ് രഞ്ജൻ പറയുന്നു. കപ്പലിൽ ജോലി ചെയ്യുന്നവർ ഒരിടത്തും നികുതി നൽകാത്ത സാഹചര്യമുണ്ടെങ്കിൽ അതു മാറുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ മൊത്തം വരുമാനത്തിനും നികുതിയെന്നത് ധനകാര്യ ബില്ലിലെ വ്യവസ്ഥ തയാറാക്കിയതിലെ പിഴവാണെന്ന് അഖിലേഷ് രഞ്ജൻ പറഞ്ഞു. പുതിയ വ്യവസ്ഥ വ്യക്തമായി പറയാത്തതാണ് ആശയക്കുഴപ്പത്തിനു കാരണം. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ വിശദീകരണക്കുറിപ്പിലും വ്യക്തതയില്ല.

എല്ലാവരും ഏതെങ്കിലും രാജ്യത്തു നികുതി സംവിധാനത്തിന്റെ ഭാഗമാകണമെന്നത് ജി–20 ഉൾപ്പെടെ ലോക രാജ്യങ്ങളുടെ കൂട്ടായ്മയുടെ തീരുമാനമാണ്. എത്ര ദിവസം ഒരു രാജ്യത്തു താമസിച്ചാലാണ് ആ രാജ്യത്തെ താമസക്കാരനായി കണക്കാക്കുകയെന്ന് ഇന്ത്യയും യുഎഇയും തമ്മിലുള്ളതുപോലെയുള്ള ഉഭയകക്ഷി കരാറുകളിൽ പറയുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com