sections
MORE

കഥകളെ വെല്ലുന്ന രാഷ്ട്രീയ വളർച്ച; ബ്രിട്ടന്റെ ട്രഷറി ഇന്ത്യക്കാരൻ ഭരിക്കും

HIGHLIGHTS
  • നാരായണമൂർത്തിയുടെ മരുമകൻ ഋഷി സുനക് (39) ബ്രിട്ടന്റെ ധനമന്ത്രി
rishi
ഋഷി സനക്
SHARE

ലണ്ടൻ ∙ ഇന്ത്യൻ വംശജനും ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മരുമകനുമായ ഋഷി സനക് (39) ബ്രിട്ടന്റെ പുതിയ ധനമന്ത്രി. പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി തെറ്റി രാജിവച്ച പാക്ക് വംശജൻ സാജിദ് ജാവിദിനു പകരമാണു നിയമനം. മൂർത്തിയുടെ മക‍ൾ അക്ഷതയുടെ ഭർത്താവായ ഋഷി, ഇതുവരെ ട്രഷറി ചീഫ് സെക്രട്ടറിയായിരുന്നു. 

ആദ്യ ബജറ്റ് ഒരു മാസത്തിനകമുണ്ടാകും. ബ്രിട്ടനിലെ അധികാരശ്രേണിയിൽ പ്രധാനമന്ത്രി കഴിഞ്ഞാൽ അടുത്തയാൾ ധനമന്ത്രിയാണ്. നോർത്ത് യോർക്‌ഷറിലെ റിച്ച്മണ്ടിൽ നിന്നുളള കൺസർവേറ്റീവ് പാർട്ടി എംപിയാണ് ഋഷി. തെരേസ മേ മന്ത്രിസഭയിൽ ഭവനകാര്യ സഹമന്ത്രിയായിരുന്നു.

ബോറിസ് ജോൺസന്റെ പുതിയ മന്ത്രിസഭയിൽ ഇന്ത്യൻ വംശജ പ്രീതി പട്ടേൽ ആഭ്യന്തരമന്ത്രി സ്ഥാനം നിലനിർത്തി. ഇന്ത്യൻ വംശജൻ ആലോക് ശർമ ബിസിനസ് സെക്രട്ടറിയായി. ഇതുവരെ രാജ്യാന്തര വികസന വകുപ്പു മേധാവിയായിരുന്നു. പ്രധാനമന്ത്രിയുടെ ഉപദേശകസംഘം തന്നെ ധനമന്ത്രിക്കും മതിയെന്ന ജോൺസന്റെ നിർദേശത്തിൽ പ്രതിഷേധിച്ചാണു ജാവിദ് രാജിവച്ചത്.

rishi-family
ഋഷി സുനക് കുടുംബത്തോടൊപ്പം.

ഋഷി സുനക്: ഇനി വിലാസം  ‘നമ്പർ 11 ഡൗണിങ് സ്ട്രീറ്റ്’ 

ഒരു പഞ്ചാബി പോപ് ഗാനം പോലെ ജനപ്രിയം, ഹൃദ്യം, വർണശബളം. ഋഷി സുനകിന്റെ കരിയറിന്റെ അങ്ങനെ വിശേഷിപ്പിക്കാം. പഞ്ചാബിൽ വേരുകളുള്ള ഈ കുശാഗ്രബുദ്ധിയായ സാമ്പത്തിക വിദഗ്ധന്റെ കയ്യിൽ ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടന്റെ ഭാവി ഭദ്രമായിരിക്കുമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ അടിയുറച്ചു വിശ്വസിക്കുന്നു. 

5 വർഷം മുൻപ് എംപി പോലും അല്ലാതിരുന്നയാൾ കൈവരിച്ചിരിക്കുന്നത് കഥകളെ വെല്ലുന്ന വിധമുള്ള രാഷ്ട്രീയവളർച്ച.  ബ്രിട്ടനിലെ ഓക്സ്‌ഫഡിലും യുഎസിലെ സ്റ്റാൻഫഡിലുമായി പൊളിറ്റിക്സും സാമ്പത്തിക ശാസ്ത്രവും പഠിച്ച്, ഗോൾഡ്മൻ സാക്സ് ഉൾപ്പെടെ വൻകിട കമ്പനികളിൽ ജോലി ചെയ്തും സ്വന്തമായി നിക്ഷേപ സഹായ കമ്പനി രൂപീകരിച്ചും ശോഭനമായ കരിയർ കെട്ടിപ്പടുത്ത ശേഷമാണ് അതെല്ലാം വിട്ടു 33ാം വയസ്സിൽ രാഷ്ട്രീയത്തിലിറങ്ങി കൺസർവേറ്റിവ് പാർട്ടിയിൽ ചേർന്നത്.

തൊട്ടുപന്നാലെ, അന്നത്തെ വിദേശകാര്യമന്ത്രി വില്യം ഹേഗ് ഒഴിഞ്ഞ സീറ്റിൽ മത്സരിച്ചു. 50 ശതമാനത്തിലേറെ വോട്ടു നേടി വിജയം. വെള്ളക്കാർ ഭൂരിപക്ഷമായ നോർത്ത് യോർക്‌ഷറിലെ റിച്ച്മണ്ടിൽ ഋഷി കാഴ്ചവച്ച വിജയം ഏറെ ശ്രദ്ധിക്കപ്പെട്ടു. മരുമകന്റെ രാഷ്ട്രീയപ്രവേശത്തിന് നാരായണമൂർത്തിയുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നെന്നു മാത്രമല്ല, തിരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം അക്ഷത ഒപ്പമുണ്ടായിരുന്നു. 

യൂറോപ്യൻ യൂണിയൻ വിടുന്നതു സംബന്ധിച്ചു ബ്രിട്ടിഷ് രാഷ്ട്രീയം വിവിധ ചേരികളിലായി നിലയുറപ്പിച്ചപ്പോൾ, ഋഷി തുടക്കം മുതൽ ബോറിസ് ജോൺസനൊപ്പം ആവേശപൂർവം നിലകൊണ്ടു. ബ്രിട്ടനിലെ ബിസിനസുകളിൽ 94 ശതമാനത്തിനും യൂറോപ്യൻ യൂണിയനു(ഇയു) മായി ഒരു ബന്ധവുമില്ലെന്നും അവർ പിന്നെയെന്തിന് ഇയു നിയമങ്ങൾക്കു കീഴിൽ തുടരണമെന്നും ഋഷി വാദിച്ചു. കാര്യകാരണങ്ങളുമായി, സ്ഫുടതയുള്ള ബ്രെക്സിറ്റ് സാമ്പത്തിക കാഴ്ചപ്പാടായിരുന്നു അത്. ആ രാഷ്ട്രീയവിവേകത്തിന് അർഹമായ പ്രതിഫലം കൂടിയാണ് ഈ മന്ത്രിപദം. 

പഞ്ചാബിൽ ജനിച്ച്, ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും തുടർന്നു ബ്രിട്ടനിലേക്കും കുടിയേറിയവരാണു ഋഷിയുടെ പൂർവികർ. ബ്രിട്ടനിൽ അവർ സർക്കാർ ജോലിക്കാരായി. മാതാപിതാക്കളായ ഉഷയും യശ്‌വീരും ബ്രിട്ടനിൽ ജനിച്ചവർ. ഇവരുടെ മൂത്തമകനായി 1980 മേയ് 12നു ഹാംഷറിലെ സതാംപ്റ്റണിൽ ഋഷിയുടെ ജനനം. 2 ഇളയസഹോദരങ്ങളുണ്ട്. അച്ഛൻ ഡോക്ടറാണ്. അമ്മ ഫാർമസിസ്റ്റും. അമ്മയുടെ അച്ഛൻ (നാനാജി എന്നു ഋഷി വിളിക്കും) മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ ബഹുമതി നേടിയിട്ടുണ്ട്. 

ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് നേടി യുഎസിലെ സ്റ്റാൻഫഡ് ബിസിനസ് സ്കൂളിൽ എംബിഎയ്ക്കു പഠിക്കുമ്പോഴാണ് ഋഷി ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണമൂർത്തിയുടെ മകൾ അക്ഷതയെ പരിചയപ്പെട്ടത്. സഹപാഠികളുടെ സൗഹൃദം തീവ്രപ്രണയമായി വളർന്നു. 2009 ഓഗസ്റ്റിൽ വിവാഹം. രണ്ടു മക്കൾ: കൃഷ്ണയും അനൗഷ്കയും. 

English summary: Britain's new FM Rishi Sunak

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA