ട്രെയിനിൽ സീറ്റ് തർക്കം: യുവാവിനെ കൊലപ്പെടുത്തി

murder-1122
പ്രതീകാത്മക ചിത്രം
SHARE

മുംബൈ ∙ കൈക്കു‍‍ഞ്ഞുമായി യാത്ര ചെയ്ത ഭാര്യയ്ക്ക് ഇരിക്കാൻ സ്ഥലം ചോദിച്ച യാത്രക്കാരനെ അടിച്ചു കൊലപ്പെടുത്തി സഹയാത്രികർ. 6 സ്ത്രീകളടക്കം 12 സഹയാത്രികർ ചേർന്നാണ് എക്സ്പ്രസ് ട്രെയിനിൽ യുവാവിനെ കൊലപ്പെടുത്തിയത്. മുംബൈ–ബീഡർ ട്രെയിനിൽ  ഇന്നലെ പുലർച്ചെയാണ് സംഭവം.

അമ്മയ്ക്കും ഭാര്യയ്ക്കും രണ്ടു വയസ്സുള്ള കുഞ്ഞിനുമൊപ്പം ജനറൽ കോച്ചിൽ യാത്ര ചെയ്യവെ മുംബൈ കല്യാൺ സ്വദേശിയായ സാഗർ മർകഡ് (26) എന്ന യുവാവാണു കൊല്ലപ്പെട്ടത്.  ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് മർദനമേറ്റുള്ള മരണം. 

റെയിൽവേ പൊലീസ് പറയുന്നത് ഇങ്ങനെ:

ഇന്നലെ പുലർച്ചെ 12.45ന് പുണെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സാഗറിന്റെ കുടുംബം ട്രെയിനിൽ കയറിയത്. നല്ല തിരക്കുണ്ടായിരുന്ന കോച്ചിൽ, കുഞ്ഞിനെ എടുത്തു നിൽക്കുകയായിരുന്ന ഭാര്യയ്ക്ക് ഇരിക്കാൻ സ്ഥലം നൽകാമോയെന്ന് ഇരുന്നു യാത്ര ചെയ്തിരുന്ന സ്ത്രീയോടു സാഗർ ചോദിച്ചു. 

അവർ രോഷാകുലയായതോടെ തർക്കമായി. ഇരുന്നിരുന്ന സ്ത്രീയ്ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ള 12 പേർ തുടർന്നു സാഗറിനെ കയ്യേറ്റം ചെയ്യുകയും മർദിക്കുകയുമായിരുന്നു.  നിലത്തിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്യുന്നത് യുവാവിന്റെ കുടുംബം തടയാൻ ശ്രമിച്ചെങ്കിലും ഒരു മണിക്കൂറോളം സംഘം ചേർന്നുള്ള ആക്രമണം തുടർന്നു.  പ്രതികൾക്കെതിരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങൾക്കു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA