ADVERTISEMENT

ചെന്നൈ∙ ലാത്തിച്ചാർജിനെ തുടർന്ന് ഇന്നലെ പുലർച്ചെ അവസാനിപ്പിച്ച ഡൽഹി ഷഹീൻബാഗ് മോഡൽ പ്രതിഷേധം പുനരാംരംഭിച്ച് ചെന്നൈ സമരക്കാർ. വാഷർമെൻ പെട്ടിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിനു പേരാണ് ഒത്തുകൂടിയിരിക്കുന്നത്. അതിനിടെ, വെള്ളിയാഴ്ചത്തെ സമരത്തെ തുടർന്ന് അയ്യായിരത്തിലധികം പേർക്കെതിരെ കേസെടുത്തു.

വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനു ശേഷം ഓൾഡ് വാഷർമെൻപെട്ടിൽ സംഘടിച്ച സമരക്കാർ, ചെന്നൈ നഗരത്തിലെ പ്രധാന റോഡായ അണ്ണാശാലയിൽ വെള്ളിയാഴ്ച രാത്രി വൈകി അണിചേരുകയായിരുന്നു. പൗരത്വ നിയമത്തിനെതിരെ നിയമസഭയുടെ നടപ്പു സമ്മേളനത്തിൽ പ്രമേയം പാസാക്കണമെന്നായിരുന്നു ആവശ്യം. മുൻകൂർ അനുമതിയില്ലാതെ സമരം അനുവദിക്കില്ലെന്നു പൊലീസ് വ്യക്തമാക്കിയെങ്കിലും സമരക്കാർ പിൻവാ‌ങ്ങിയില്ല. തുടർന്നായിരുന്നു ലാത്തിച്ചാർജ്. ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തു. സ്ത്രീകളെ ഉൾപ്പെടെ പൊലീസ് ക്രൂരമായി മർദിച്ചതായി ആരോപണമുണ്ട്. പ്രതിഷേധക്കാർ കല്ലെറിഞ്ഞതായി പൊലീസും പറയുന്നു. സംഘർഷത്തിൽ 10 സമരക്കാർക്കും 5 പൊലീസുകാർക്കും പരുക്കേറ്റു.

കമ്മിഷണർ നേരിട്ടെത്തി നടത്തിയ ചർച്ചയെ തുടർന്ന് ‌ഇന്നലെ പുലർച്ചെ അവസാനിപ്പിച്ച സമരമാണ് വീണ്ടും ആരംഭിച്ചത്. ലാത്തിച്ചാർജ് വാർത്ത പുറത്തുവന്നതിനു പിന്നാലെ വെള്ളിയാഴ്ച രാത്രി തന്നെ പലയിടത്തും പ്രതിഷേധം തുടങ്ങിയിരുന്നു.തെങ്കാശി, തിരുനൽവേലി, തൂത്തുക്കുടി, മധുര, രാമനാഥപുരം തുടങ്ങി സംസ്ഥാനത്തെ നാൽപതോളം കേന്ദ്രങ്ങളിൽ ഇന്നലെ സമരം നടന്നു. പലയിടത്തും റോഡ് ഉപരോധിച്ചതിനാൽ ഗതാഗതവും തടസ്സപ്പെട്ടു. ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പൊലീസിനെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തി. നിലവിലെ സ്ഥി‌തി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി ചെന്നൈ കമ്മിഷണർ എ.കെ.വിശ്വനാഥനുമായി ചർച്ച നടത്തി.

∙ഓൾഡ് വാഷർമെൻപെട്ട് ‘ബാഗ്’

നടപ്പു നിയമസഭാ സമ്മേളനത്തിൽ പൗരത്വ നിയമത്തിനെതിരെ നിയമം പാസാക്കുക, വെള്ളിയാഴ്ചത്തെ സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണു സമരക്കാർ ഉന്നയിക്കുന്നത്. ഗതാഗതം തടസ്സപ്പെടുത്താതെയാണു പ്രതിഷേധം. രാവിലെ വാഷർമെൻപെട്ട് പൊലീസ് സ്റ്റേഷനു മുന്നിൽ ആരംഭിച്ച പ്രതിഷേധം ചർച്ചയെത്തുടർന്നു സമീപത്തെ മറ്റൊരിടത്തേക്കു മാറി. പ്രദേശത്തെ ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com