ADVERTISEMENT

ന്യൂഡൽഹി ∙ പുൽവാമ ഭീകരാക്രമണത്തിൽ സംശയം പ്രകടിപ്പിക്കും വിധം ചോദ്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നതിനു പിന്നാലെ കത്തിക്കയറി രാഷ്ട്രീയ വിവാദം. ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ രാഹുൽ ട്വിറ്ററിൽ ഉന്നയിച്ച 3 ചോദ്യങ്ങളാണു കോൺഗ്രസ് – ബിജെപി വാക്പോരിൽ കലാശിച്ചത്. 

‘പുൽവാമയിൽ വീരമൃത്യു വരിച്ച 40 സിആർപിഎഫ് ജവാന്മാരെ സ്മരിക്കുന്ന ദിനത്തിൽ നമുക്ക് ചിലതു ചോദിക്കാം’ എന്നു പറഞ്ഞായിരുന്നു രാഹുലിന്റെ ട്വീറ്റ്. ‘ആക്രമണം കൊണ്ട് ഏറ്റവുമധികം ഗുണം ലഭിച്ചതാർക്കാണ്? ആക്രമണം സംബന്ധിച്ച അന്വേഷണം എവിടെ വരെയായി? സുരക്ഷാവീഴ്ച വരുത്തിയ ബിജെപി സർക്കാരിലെ ആർക്കെതിരെയാണ് ഇതുവരെ നടപടി സ്വീകരിച്ചത്?’ 

ഭീകരാക്രമണവും പിന്നാലെ പാക്ക് അധീന കശ്മീരിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ തിരിച്ചടിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നു സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമർശം. 

മാന്യതയില്ലാത്ത പരാമർശത്തിലൂടെ പുൽവാമയിലെ രക്തസാക്ഷികളെ രാഹുൽ അപമാനിച്ചതായി ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ ആരോപിച്ചു. ഇത്തരം പരാമർശങ്ങൾ രാജ്യാന്തര വേദികളിൽ പാക്കിസ്ഥാൻ ആയുധമാക്കുമെന്നും കുറ്റപ്പെടുത്തി. 

ഭീകരാക്രമണത്തിന് ആരാണ് ഉത്തരവാദിയെന്നു ചോദിച്ചു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പിന്നാലെ രംഗത്തെത്തി. ആക്രമണം സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര സർക്കാർ എന്തുകൊണ്ടു പുറത്തുവിടുന്നില്ല? 350 കിലോ സ്ഫോടകവസ്തു ആരാണു വാങ്ങിയത്? ആക്രമണത്തിൽ ദേവീന്ദർ സിങ്ങിനു (ഭീകരരെ സഹായിച്ചതിന് അടുത്തിടെ അറസ്റ്റിലായ ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ) പങ്കുണ്ടോ? – സുർജേവാല ചോദിച്ചു. 

ആക്രമണത്തിൽ പാക്കിസ്ഥാനു പങ്കില്ലെന്നാണോ രാഹുൽ ഉദ്ദേശിച്ചതെന്നു ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ തിരിച്ചടിച്ചു. പാക്കിസ്ഥാനു ക്ലീൻ ചിറ്റ് നൽകാൻ രാഹുൽ എപ്പോഴും നിർബന്ധം പിടിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. 

English Summary: Who benefited from Pulwama, asks Rahul Gandhi; BJP calls him JEM sympathiser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com