ADVERTISEMENT

അഹമ്മദാബാദ് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം രൂപീകരണത്തിലും സർക്കാരിന്റെ ഒളിച്ചുകളി. നാളെ നടക്കുന്ന മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനത്തിന്റെ മേൽനോട്ടത്തിനായി സമിതിയെ തട്ടിക്കൂട്ടിയത് 21 നു രാത്രി. സമിതിയുടെ ആദ്യയോഗം ചേർന്നത് ഇന്നലെ; പരിപാടിക്കു 48 മണിക്കൂർ മുൻപ്.

‘ഡോണൾഡ് ട്രംപ് നാഗരിക് അഭിവാദൻ സമിതി’യുടെ കാര്യം വിദേശകാര്യ മന്ത്രാലയം വക്താവ് രവീശ് കുമാറാണു വ്യാഴാഴ്ച ആദ്യമായി വെളിപ്പെടുത്തിയത്. ട്രംപിന്റെ സന്ദർശന മേൽനോട്ടം സ്വകാര്യ സമിതിക്കാണെന്ന് ആരോപിച്ചു കോൺഗ്രസ് രംഗത്തുവന്നതോടെയാണു വെള്ളിയാഴ്ച രാത്രി തിരക്കിട്ടു പത്തംഗ സംഘാടക സമിതിയുണ്ടാക്കിയത്.
സമിതിയിലേക്ക് അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട അഹമ്മദാബാദ് വെസ്റ്റ് എംപി കിരീട് സോളങ്കി പോലും വിവരമറിഞ്ഞതു വെള്ളിയാഴ്ച ഉച്ചയ്ക്ക്. ട്രംപിന്റെ സന്ദർശത്തോടനുബന്ധിച്ച കാര്യപരിപാടികൾ, ക്ഷണിതാക്കൾ, ഒരുക്കങ്ങൾ വിലയിരുത്തൽ തുടങ്ങി മുഴുവൻ കാര്യങ്ങളുടെയും ചുമതലയാണു സമിതിക്ക്. അഹമ്മദാബാദ് സിറ്റി മേയർ ബിജൽ പട്ടേലിന്റെ നേതൃത്വത്തിലുള്ള സമിതി ഇന്നലെ ആദ്യ യോഗം ചേർന്നു.

മൊട്ടേര സ്റ്റേഡിയ ഉദ്ഘാടനച്ചടങ്ങ് സർക്കാർ പരിപാടികളുടെ ഭാഗമല്ലെന്നും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനു പരിപാടി നടത്തിപ്പിനു സാധിക്കാത്തതിനാലാണു സമിതിയുടെ രൂപീകരണമെന്നുമാണ് ഔദ്യോഗിക വിശദീകരണം.
മൊട്ടേര സ്റ്റേഡിയത്തിലേതു സർക്കാർ പരിപാടിയല്ലെങ്കിൽ നടത്തിപ്പിനുള്ള ഫണ്ട് എവിടെനിന്ന് എന്ന കാര്യത്തിലും ദുരൂഹത തുടരുന്നു. 100 കോടി രൂപയാണു ചെലവ്. ഏതു മന്ത്രാലയത്തിൽ നിന്ന് എത്ര പണമാണു സമിതിക്കു നൽകിയതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ വ്യക്തമാക്കി. 

സദ്യ വിളമ്പാൻ സ്വർണത്തളിക

ജയ്പുർ ∙ ഡോണൾഡ് ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാനുള്ള സ്വർണത്തളികയും വെള്ളിപ്പാത്രങ്ങളും രാജസ്ഥാനിൽ നിർമിക്കും. ജയ്പുർ സ്വദേശി അരുൺ പാബുവാളാണ് ഇതു നിർമിക്കുന്നത്. ട്രംപിന്റെ ഡൽഹിയിലെ താമസക്കാലത്ത് ഇവ ഉപയോഗിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com