ADVERTISEMENT

പാട്ടും നൃത്തച്ചുവടുകളും അകമ്പടിയൊരുക്കിയ ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു ‘നമസ്തേ’ പറഞ്ഞ് ഇന്ത്യ. പത്നി മെലനിയയുടെ കൈപിടിച്ചും മകൾ ഇവാൻകയെയും മരുമകൻ ജാറെദ് കഷ്നറെയും ഒപ്പം കൂട്ടിയും തന്റെ ആദ്യ ഇന്ത്യ സന്ദർശനത്തിനെത്തിയ ട്രംപിനെ അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്തു വരവേറ്റു.

സബർമതി ആശ്രമത്തിലേക്കായിരുന്നു ആദ്യ യാത്ര. വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോ ആയാണ് ആശ്രമത്തിലെത്തിയത്. ഇവിടെ അൽപനേരം ചെലവഴിച്ച ശേഷം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ‘നമസ്തേ ട്രംപ്’ സ്വീകരണച്ചടങ്ങിലേക്ക്.
സ്റ്റേഡിയത്തിലെ ഒരുലക്ഷത്തിലേറെ ആളുകളുടെ ആവേശത്തിലൂടെ അദ്ദേഹം ഇന്ത്യയുടെ മനം നിറഞ്ഞ ആതിഥ്യം ഏറ്റുവാങ്ങി.

ഇസ്‍ലാമിക തീവ്രവാദം തുരത്താനുള്ള ദൗത്യത്തിൽ ഇന്ത്യയും യുഎസും ഒറ്റക്കെട്ടാണെന്നു ട്രംപ് വ്യക്തമാക്കി.
മോദിയും താനുമായുള്ള ഊഷ്മള ബന്ധത്തെക്കുറിച്ചു പലതവണ ആവർത്തിച്ച ട്രംപ്, യുഎസ് എക്കാലവും ഇന്ത്യയുടെ വിശ്വസ്ത സുഹൃത്തായിരിക്കുമെന്നും പ്രഖ്യാപിച്ചു. പ്രസംഗത്തിൽ ഇരു നേതാക്കളും പരസ്പരം വാനോളം പ്രശംസിക്കാനും മടി കാണിച്ചില്ല. കുടുംബസമേതമുള്ള ട്രംപിന്റെ സന്ദർശനം ഇന്ത്യ – യുഎസ് ബന്ധത്തെ പുതിയ തലത്തിലെത്തിച്ചതായി മോദി പറഞ്ഞു.

ഒരു മണിക്കൂറോളം നീണ്ട സമ്മേളനത്തിനു ശേഷം ട്രംപും മെലനിയയും മക്കളും താജ്മഹൽ കാണാൻ ആഗ്രയിലേക്കു പറന്നു.
ഇന്നു ഡൽഹിയിൽ ഉഭയകക്ഷി ചർച്ചകൾക്കു ശേഷം രാത്രി 10ന് അദ്ദേഹം മടങ്ങും. 

21,629 കോടിയുടെ ഹെലികോപ്റ്റർ കരാർ ഇന്ന്

അഹമ്മദാബാദ്∙ 21,629 കോടി രൂപയുടെ (3 ബില്യൻ ഡോളർ) ഹെലികോപ്റ്റർ കരാർ ഡൽഹിയിൽ താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഒപ്പിടുമെന്നു ട്രംപ് അഹമ്മദാബാദിലെ ‘നമസ്തേ ട്രംപ്’ വേദിയിൽ പ്രഖ്യാപിച്ചു. ട്രംപിന്റെ സന്ദർശനത്തിലെ ഏറ്റവും പ്രധാന കരാറാണിത്. ഹെലികോപ്റ്ററിനു പുറമേ സായുധ ഡ്രോണുകളും (ആളില്ലാ വിമാനങ്ങൾ) ഇന്ത്യയ്ക്കു വിൽക്കാൻ യുഎസ് ശ്രമിക്കും.

ഇന്ത്യൻ നാവികസേനയ്ക്ക് 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും കരസേനയ്ക്കായി 6 അപ്പാച്ചി അറ്റാക് കോപ്റ്ററുകളും വാങ്ങാനാണു കരാർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com