ADVERTISEMENT

ന്യൂഡൽഹി ∙പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളാവും ഇന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന ചർച്ചയിലെ പ്രധാന വിഷയം.

ഹെലികോപ്റ്റർ കരാറിനു പുറമേ, ഡൽഹിക്ക് മിസൈൽ കവചമൊരുക്കുന്നതിനുള്ള കരാറിനും പ്രതിരോധ സാങ്കേതികവിദ്യയുടെയും വിവരങ്ങളുടെയും കൈമാറ്റം എളുപ്പമാക്കുന്ന അടിസ്ഥാന കൈമാറ്റ – സഹകരണ കരാറിനും (ബിഇസിഎ) അന്തിമ രൂപം നൽകുന്നതിനുള്ള ചർച്ചകളുമുണ്ടാവും. ബിഇസിഎകൂടി ഒപ്പുവച്ചുകഴിഞ്ഞാൽ, ട്രംപ് ഇന്നലെ പ്രഖ്യാപിച്ചതുപോലെ, പ്രതിരോധ മേഖലയിൽ യുഎസിന്റെ പ്രധാന പങ്കാളിയെന്ന പദവിയിലേക്ക് ഇന്ത്യ മാറുന്ന സ്ഥിതിയാവും.

ട്രംപിന്റെ സന്ദർശന വേളയിൽ വ്യാപാര കരാർ സാധ്യമാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതായി അടുത്തിടെ ഇരുരാജ്യങ്ങളും സൂചിപ്പിച്ചിരുന്നു. കൃഷി, ക്ഷീര മേഖലകളിലെ ഇറക്കുമതി ഉദാരമാക്കുന്നതു സംബന്ധിച്ചു ധാരണ സാധ്യമാവാത്തതാണ് കരാറുണ്ടാക്കുന്നതിനു പ്രധാന തടസ്സമായത്. കരാർ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനുള്ള താൽപര്യം സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുമെന്നാണ് സൂചന.

ആഭ്യന്തര സുരക്ഷ, ബൗദ്ധിക സ്വത്തവകാശം, ആരോഗ്യം, ബഹിരാകാശ സാങ്കേതികവിദ്യ, വ്യാപാര സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് ധാരണാപത്രങ്ങളുണ്ടാവുമെന്നും സൂചനയുണ്ട്. ഐടി മേഖലയിലുൾപ്പെടെ സാങ്കേതികവിദ്യയുടെ മോഷണം തടയുന്നതിനുള്ള നടപടികളാണ് ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട് യുഎസ് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് അറിയുന്നത്.

കണ്ടെയ്നറുകൾ ഉപയോഗിച്ച് ദ്രവീകൃത പ്രകൃതി വാതക വിതരണം സാധ്യമാക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷനും യുഎസിലെ എക്സൺ മൊബീൽ, ചാർട്ട് ഇൻഡസ്ട്രീസ് എന്നിവയുമായി കരാർ ഒപ്പുവച്ചേക്കും. പൈപ്പുകളിലൂടെയല്ലാതെ, വാതകം വിതരണം ചെയ്യുന്നതിലെ പങ്കാളിത്തത്തിന് ഈ രാജ്യങ്ങൾ കഴിഞ്ഞ വർഷം ധാരണാപത്രം ഒപ്പുവച്ചിരുന്നു. 5 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് യുഎസ് കമ്പനികൾക്ക് സൗകര്യമൊരുക്കുന്നതിനുള്ള നടപടികൾ ട്രംപ് ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്.

‘‘ലോകത്തെ ഏറ്റവും പ്രഹരശേഷിയുള്ള സൈനിക ഉപകരണങ്ങൾ ഇന്ത്യയ്ക്കു ലഭ്യമാക്കാൻ യുഎസ് കാത്തിരിക്കുകയാണ്. മികച്ച ആയുധങ്ങൾ നിർമിക്കുന്നവരാണു ഞങ്ങൾ’’

– ഡോണൾഡ് ട്രംപ് അഹമ്മദാബാദിലെ പ്രസംഗത്തിൽ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com