ADVERTISEMENT

അഹമ്മദാബാദ് ∙ 13 വർഷത്തോളം മഹാത്മാഗാന്ധിയുടെ പ്രവർത്തന കേന്ദ്രവും ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരായ അഹിംസാ പോരാട്ടങ്ങളുടെ വാർ റൂമുമായിരുന്ന സബർമതി ആശ്രമത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും പത്നി മെലനിയയ്ക്കും ഹൃദ്യമായ വരവേൽപ്. വിമാനത്താവളത്തിൽ നിന്നു റോഡ് ഷോ നടത്തി എത്തിയ ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗാന്ധിജിക്കു പ്രിയപ്പെട്ട ‘രഘുപതി രാഘവ രാജാറാം’ ഭജനയോടെയാണു സ്വീകരിച്ചത്.

ആശ്രമത്തിനു മുന്നിലെ ഇരിപ്പിടത്തിലിരുന്നു പാദരക്ഷകൾ അഴിച്ചുമാറ്റി മൂവരും അകത്തേക്കു കയറി. പൂമുഖത്തെ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പരുത്തിനൂലുകൾ കൊണ്ടുള്ള മാല ഇരുനേതാക്കളും ചേർന്നു ചാർത്തി. ചിത്രത്തിനു കീഴെ ആലേഖനം ചെയ്ത ഗാന്ധിജിയുടെ പ്രാർഥനാഗീതത്തിലേക്കും ശ്രദ്ധ പതിഞ്ഞു.

തുടർന്ന് അകത്തേക്ക്. ഗാന്ധിജി പ്രവർത്തനമുറിയായി ഉപയോഗിച്ചിരുന്ന സ്ഥലത്തേക്ക് ആദ്യം. ഗാന്ധിജി ഉപയോഗിച്ചിരുന്ന എഴുത്തുമേശയും ചർക്കയും പഞ്ഞി കൊണ്ടുള്ള ഇരിപ്പിടവും ട്രംപും മെലനിയയും കണ്ടു. 

ഇരുവരുടെയും സംശയങ്ങൾക്കു മറുപടി നൽകിയും കാര്യങ്ങൾ വിശദീകരിച്ചും മോദി കൂടെയുണ്ടായിരുന്നു. 

കസ്തൂർബയുടെ മുറിയടക്കം കണ്ടു വീണ്ടും പുറത്തേക്ക്.

 വിസ്മയമായി ചർക്ക

പൂമുഖത്തെ വലിയ ചർക്കയ്ക്ക് അരികിൽ വിസ്മയം പൂണ്ട് ട്രംപും മെലനിയയും അൽപനേരം നിന്നു. മോദി ചർക്കയെക്കുറിച്ചു വിവരിച്ചു. തുടർന്നു ട്രംപ് ചർക്കയ്ക്കു മുന്നിൽ നിലത്തിരുന്നു; പിന്നാലെ മെലനിയയും. ചർക്കയുടെ ചക്രം തിരിച്ച് അതിന്റെ പ്രവർത്തനം വീക്ഷിച്ച് ഇരുവരും കുറച്ചുനേരം കൂടി.

ആശ്രമ അന്തേവാസിയെത്തി ചർക്കയുടെ പ്രവർത്തനം ഒന്നുകൂടി വിശദീകരിച്ചു. പിന്നെ ഇടതുഭാഗത്തെ ഇരുമ്പാണിയിൽ പരുത്തി തിരുകി നൂൽ നൂറ്റാൻ തുടങ്ങി. ഇതോടെ ട്രംപിനും കൗതുകമായി.

 സബർമതി പാഠങ്ങൾ

സബർമതിയിൽ ഗാന്ധിജി സൂക്ഷിച്ചിരുന്ന 3 കുരങ്ങുപ്രതിമകളുടെ അർഥവ്യാപ്തി നേരിട്ടറിഞ്ഞ് ട്രംപ്. ജപ്പാനിലെ മിസാരു, കിക്കാസാരു, ഇവാസാരു എന്നീ ജ്ഞാനികളായ 3 കുരങ്ങന്മാരുടെ പ്രതിമയാണ് ആശ്രമത്തിലുള്ളത്. തിന്മ കാണരുത്, കേൾക്കരുത്, പറയരുത് എന്നാണ് അവ നൽകുന്ന പാഠം.

ട്രംപിനും മെലനിയയ്ക്കും സമ്മാനമായി ചർക്കയും ഗാന്ധിജിയുടെ ആത്മകഥയും ഛായാചിത്രവും നൽകി. ഗാന്ധിജിയുടെ ആശ്രമത്തിന്റെ മഹത്വം തങ്ങൾ വിലമതിക്കുന്നുവെന്ന് ഇരുവരും പറഞ്ഞു.

പൗരത്വനിയമം പറയുമോ ട്രംപ്?

അഹമ്മദാബാദ് / ന്യൂഡൽഹി ∙ ഇന്ത്യയിലെ പൗരത്വ നിയമത്തെക്കുറിച്ച് ഡോണൾഡ് ട്രംപ് ഇന്ന് ചർച്ചകളിൽ പരാമർശിക്കുമോ എന്ന ആകാംക്ഷയോടെ നയതന്ത്ര വൃത്തങ്ങൾ.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ട്രംപ് ഉന്നയിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. പൗരത്വ നിയമത്തെക്കുറിച്ച് ട്രംപ് പറഞ്ഞാൽ, പഴയ സോവിയറ്റ് യൂണിയനിൽ നിന്ന് പീഡനത്തിന്റെ പേരിൽ യുഎസിലേക്കു കുടിയേറിയവർക്കു പൗരത്വം നൽകാൻ പാസാക്കിയ നിയമഭേദഗതിക്കു സമാനമാണ് ഇന്ത്യയിലെ നിയമമെന്ന വാദമുന്നയിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

അഹമ്മദാബാദിൽ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ ട്രംപ് പ്രകീർത്തിച്ചു. സ്വാതന്ത്ര്യം, വ്യക്തിഗത അവകാശങ്ങൾ, നിയമം എന്നിവയെ അഭിമാനപൂർവം ആശ്ലേഷിക്കുന്ന നാടാണ് ഇന്ത്യ. 

കോടിക്കണക്കിന് ഹിന്ദു, മുസ്‍ലിം, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, ജൂത വിശ്വാസികൾ തോളോടുതോൾ ചേർന്നുനിന്ന് സമാധാനത്തോടെ സ്വന്തം ആരാധനാകർമങ്ങൾ ചെയ്യുന്ന നാടാണ് ഇന്ത്യ. ലോകം മുഴുവൻ ഇന്ത്യയെ ആരാധനയോടെ നോക്കുന്നു. നൂറിലധികം ഭാഷകളും 2 ഡസനിലധികം സംസ്ഥാനങ്ങളുമുണ്ടെങ്കിലും രാജ്യമെന്ന നിലയിൽ ഇന്ത്യ ഒന്നായി നിൽക്കുന്നു. നിങ്ങളുടെ ഐക്യം ലോകത്തിനു പ്രചോദനമാണ് – ട്രംപ് അഭിപ്രായപ്പെട്ടു.

ന്യൂഡൽഹിയിൽ ഡോണൾഡ് ട്രംപിന്റെ ഇന്നത്തെ പരിപാടി

10.00 – രാഷ്ട്രപതി ഭവനിൽ ഒൗദ്യോഗിക സ്വീകരണം

10.30 – ഗാന്ധി സമാധിയിൽ പുഷ്പചക്ര സമർപ്പണം

11.00 – പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച ഹൈദരാബാദ് ഹൗസിൽ

12.40 – കരാറുകൾ ഒപ്പുവയ്ക്കൽ, ഇരുനേതാക്കളുടെയും പ്രസ്താവന – ഹൈദരാബാദ് ഹൗസിൽ

07.30 – രാഷ്ട്രപതിയുമായി കൂടിക്കാഴ്ച, രാഷ്ട്രപതി ഭവനിലെ വിരുന്ന്

10.00 – യുഎസിലേക്ക് മടക്കം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com