ADVERTISEMENT

ന്യൂഡൽഹി ∙ നിർഭാഗ്യകരമായ സംഭവങ്ങളാണു ഡൽഹിയിലുണ്ടായതെന്നും പൊലീസിനു പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും സുപ്രീം കോടതി. ഷഹീൻ ബാഗിലെ പൗരത്വ നിയമ വിരുദ്ധ സമരത്തിനെതിരെയുള്ള ഹർജികൾ പരിഗണിച്ചപ്പോഴാണ് വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങളെക്കുറിച്ചു ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് പരാമർശിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ നടപടിയുണ്ടാകാതിരുന്നതാണു പ്രശ്നങ്ങൾക്കു കാരണമായതെന്ന് കോടതി പരോക്ഷമായി സൂചിപ്പിച്ചു. 

നിർഭാഗ്യകരമായ സംഭവങ്ങളെന്നു ജസ്റ്റിസ് കൗൾ പറഞ്ഞതിനു പിന്നാലെ, പൊലീസിന്റെ അനാസ്ഥയെക്കുറിച്ചു തനിക്കും ചിലതു പറയാനുണ്ടെന്നു ജസ്റ്റിസ് ജോസഫ് പറഞ്ഞു. പറഞ്ഞില്ലെങ്കിൽ ചുമതല നിറവേറ്റാതിരിക്കലാവും.

എന്നാൽ, പരാമർശങ്ങൾ പാടില്ലെന്നും അതു പൊലീസിന്റെ മനോവീര്യം തകർക്കുമെന്നും സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്ത പറഞ്ഞു. എസ്ജിയുടെ നിലപാടു പരിഗണിക്കാതെ ജസ്റ്റിസ് ജോസഫ് തുടർന്നു: പൊലീസിനു പ്രവർത്തന സ്വാതന്ത്ര്യവും പ്രഫഷനൽ സമീപനവുമില്ലെന്നതാണു പ്രശ്നം. ഇന്ത്യയിലെ പൊലീസ് ബ്രിട്ടനിലെ പൊലീസിൽ നിന്നു പഠിക്കണം. നടപടിയെടുക്കുന്നതിന് അവർ ഉത്തരവുകൾക്കായി കാത്തുനിൽക്കില്ല. ആരെങ്കിലും പ്രകോപനപരമായ പരാമർശം നടത്തിയാൽ ഉടൻ നടപടിയെടുക്കും– കോടതി പറഞ്ഞു. 

വഴിതടയൽ: പരിഹാരമായില്ലെന്ന് കോടതി

ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ വഴിതടയാതെ സമരം ചെയ്യണമെന്ന് പലതവണ പറഞ്ഞെങ്കിലും ഇനിയും പരിഹാരമുണ്ടായിട്ടില്ലെന്നു കോടതി പറഞ്ഞു. പ്രത്യേക നടപടിയെന്ന നിലയ്ക്കാണു മധ്യസ്ഥരെ നിയോഗിച്ചത്. ഇനി പരിഹാരം നിർദേശിക്കേണ്ടതു സമരക്കാർ തന്നെയാണെന്നു മധ്യസ്ഥരായി പ്രവർത്തിച്ച അഭിഭാഷകർ സഞ്ജയ് ഹെഗ്ഡെ, സാധന രാമചന്ദ്രൻ എന്നിവരോടായി കോടതി പറഞ്ഞു.  

സമരക്കാരെ ഒഴിപ്പിക്കാൻ നടപടിയാവശ്യപ്പെട്ടു ബിജെപി നേതാവ് നന്ദ് കിഷോർ ഗാർഗും അഭിഭാഷകൻ അമിത് സാഹ്നിയും നൽകിയ ഹർജികളാണു കോടതി പരിഗണിച്ചത്. ഇവ വീണ്ടും അടുത്ത മാസം 23നു പരിഗണിക്കും. 

English Summary: No freedom for Delhi police for action says Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com