ന്യൂഡൽഹി∙ പ്രധാനമന്ത്രിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വനിതാ ദിനത്തിൽ കൈകാര്യം ചെയ്തതു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 7 വനിതകൾ. ജലസംരക്ഷണം, സാധുജന സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ പ്രവർത്തന മുദ്രപതിപ്പിച്ച ഇവരാണ് ഇന്നലെ മോദിയെ പിന്തുടരുന്നവരോടു പ്രതികരിച്ചത്. ‘ഷി ഇൻസ്പയേഴ്സ്’ എന്ന ഹാഷ്ടാഗുപയോഗിച്ചായിരുന്നു ട്വീറ്റുകൾ.
താൻ ‘സൈൻ ഓഫ്’ ചെയ്യുന്നതായി രാവിലെ മോദി ട്വീറ്റ് ചെയ്തിരുന്നു. ചെന്നൈയിൽനിന്നുള്ള സ്നേഹ മോഹൻദാസ് ആണ് ആദ്യം മോദിയുടെ അക്കൗണ്ടിലെത്തിയത്.
ചെന്നൈയിൽ നിന്നുള്ള പ്രചോദന പ്രഭാഷകയും മോഡലുമായ മാളവിക അയ്യരാണു പിന്നീട് വന്നത്. 13–ാം വയസ്സിൽ രാജസ്ഥാനിലെ ബോംബ് സ്ഫോടനത്തിൽ 2 കൈകളും നഷ്ടപ്പെടുകയും കാലുകൾക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്ത മാളവിക ആത്മവീര്യം കൈവിടാതെ പഠിച്ച് പിഎച്ച്ഡി നേടിയിരുന്നു.
കശ്മീരിൽ നിന്നുള്ള നംദ കരകൗശല വിദ്യയുടെ പുനരുദ്ധാരണത്തിൽ വലിയ പങ്കുവഹിച്ച നാരീശക്തി പുരസ്കാര ജേതാവ് ആരിഫ ജാനാണു മൂന്നാമതെത്തിയത്.
ഹൈദരാബാദിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന കൽപന രമേഷ് മഴവെള്ള സംഭരണം, ജലസംരക്ഷണം എന്നിവയുടെ പ്രാധാന്യമാണ് വിവരിച്ചത്.
മഹാരാഷ്ട്രയിലെ ബൻജാര വിഭാഗത്തിന്റെ കരകൗശല വസ്തുക്കൾ പ്രസിദ്ധമാക്കിയ വിജയ പവാർ കൂട്ടായ്മയുടെ വിജയത്തെക്കുറിച്ചു പറഞ്ഞു.
ജനങ്ങളിൽ നിന്നു ശേഖരിച്ച പണത്തിലൂടെ കാൻപുരിലെ ഗ്രാമങ്ങളിൽ നാലായിരത്തോളം ശുചിമുറികളുണ്ടാക്കിയ നാരീശക്തി പുരസ്കാര ജേതാവു കൂടിയായ കലാവതി ദേവിയും എത്തി.

നാരീശക്തി പുരസ്കാരം നേടിയ ‘മഷ്റൂം മഹിള’ എന്നറിയപ്പെടുന്ന ബിഹാറിലെ വീണാദേവിയും പ്രധാനമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ എത്തി.
ക്ഷണം നിരസിച്ച് ലിസിപ്രിയ
വനിതാ ദിനത്തിൽ നരേന്ദ്രമോദിയുടെ ‘ഷീ ഇൻസ്പയേഴ്സ്’ പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച എട്ടു വയസ്സുകാരി ക്ഷണം നിരസിച്ചിരുന്നു. മണിപ്പുർ സ്വദേശിയും ലോക ചിൽഡ്രൻസ് പീസ് പ്രൈസ് ജേതാവുമായ ലിസിപ്രിയ കാങ്ഗുജാം ആണു 2 ദിവസം മുൻപു ക്ഷണം നിരസിച്ചത്.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു തനിക്കു പറയാനുള്ളതൊന്നും സർക്കാരും നേതാക്കളും കേൾക്കാത്തതിനാൽ ക്ഷണം നിരസിക്കുകയാണെന്ന് ലിസിപ്രിയ ട്വീറ്റ് ചെയ്തിരുന്നു. ആഗോള പരിസ്ഥിതി സമര നായിക ഗ്രേറ്റ ടുൻബെർഗിന്റെ ഇന്ത്യൻ പ്രതിരൂപമായാണു ലിസിപ്രിയ അറിയപ്പെടുന്നത്.