ADVERTISEMENT

ന്യൂഡൽഹി ∙ സമൂഹത്തിൽ ഒന്നാകെ കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യം ഇന്ത്യയിൽ ഇല്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശികമായി രോഗം പടർന്ന ഒന്നോ രണ്ടോ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആശങ്കയ്ക്ക് അടിസ്ഥാനമില്ല. അതുകൊണ്ടു തന്നെ നിലവിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി.  

കഴിഞ്ഞദിവസം ഡൽഹിയിൽ മരിച്ച 68 വയസ്സുകാരിയുടെ മകന്റെ ആരോഗ്യനില മെച്ചപ്പെട്ടു. സൗദിയിൽനിന്നു തിരിച്ചെത്തി മഹാരാഷ്ട്രയിൽ ചികിത്സയിലിരിക്കെ മരിച്ച 71 വയസ്സുകാരനു വൈറസ് ബാധയില്ലായിരുന്നുവെന്നും സ്ഥിരീകരിച്ചു.

കോവിഡ് മൂലം മരിച്ച കലബുറഗി സ്വദേശിയുടെ ബന്ധുവിനു കൂടി രോഗം സ്ഥിരീകരിച്ചതോടെ കർണാടകയിൽ രോഗബാധിതർ ഏഴായി. രാജ്യത്തു മറ്റിടങ്ങളിലെ കണക്ക് ഇങ്ങനെ: യുപി– 11, ഡൽഹി–7, തെലങ്കാന–3, ലഡാക്ക്– 3, ജമ്മു കശ്മീർ –2, രാജസ്ഥാൻ–2, തമിഴ്നാട്, പഞ്ചാബ്, ആന്ധ്ര – ഒന്നു വീതം. ശേഷിക്കുന്ന 17 പേർ വിദേശികളാണ്.

മരിച്ച കോവിഡ് രോഗിയെ പ്രവേശിപ്പിച്ച കർണാടകയിലെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളെ ഇന്നു നാട്ടിലെത്തിക്കും. 80 ലക്ഷത്തോളം എൻ 95 മാസ്കുകൾ കൂടി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി കേന്ദ്രം അറിയിച്ചു. 

കോവിഡ് ഭീഷണിയുമായി ബന്ധപ്പെട്ട് കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികൾ:

∙ രാജ്യാന്തര, ആഭ്യന്തര വിനോദസഞ്ചാര ഗ്രൂപ്പുകളെ വിലക്കി മുംബൈ പൊലീസിന്റെ നിരോധനാജ്ഞ, കർണാടകയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും 22 വരെ വിലക്ക്. 

∙ അസമിൽ സ്കൂളുകൾ അടച്ചു. 29 വരെയുള്ള പരീക്ഷകൾ റദ്ദാക്കി. കർണാടകയിൽ ഇന്നു തുടങ്ങേണ്ടിയിരുന്ന 7-9 ക്ലാസ് പരീക്ഷകൾ മാറ്റി. 27 മുതൽ ഏപ്രിൽ 9 വരെയുള്ള എസ്എസ്എൽസി പരീക്ഷയിൽ മാറ്റമില്ല. തമിഴ്നാട്ടിൽ സിബിഎസ്ഇ ഉൾപ്പെടെ എല്ലാ സ്കൂളുകളിലും 5 ാം ക്ലാസ് വരെയുള്ളവർക്ക് 31 വരെ അവധി. പുതുച്ചേരിയിൽ അഞ്ചാം ക്ലാസ് വരെയുള്ളവർക്ക് ഇനി അറിയിപ്പുണ്ടാകുന്നതുവരെ അവധി.

∙ ഇന്ത്യ –ബംഗ്ലദേശ് ട്രെയിൻ സർവീസ് നിർത്തി.

∙ കൂടുതൽ ക്വാറന്റീൻ ക്യാംപുകൾ ഒരുക്കാൻ അർധ സൈനികവിഭാഗങ്ങൾക്ക് നിർദേശം.

∙ ഡൽഹിയിൽ എല്ലാ മിനി ബസുകളും ദിവസേന അണുവിമുക്തമാക്കാൻ സംസ്ഥാന സർക്കാർ നിർദേശം.

∙ തിരുപ്പതി ക്ഷേത്രത്തിൽ ആചാരാനുഷ്ഠാനങ്ങൾക്ക് നിയന്ത്രണം. 

∙ പരീക്ഷാ ഹാളിൽ വിദ്യാർഥികൾ നിശ്ചിത അകലം പാലിക്കണമെന്നു ലക്നൗ സർവകലാശാല.

∙ സംസ്ഥാന ഘടകങ്ങൾ നടത്താനിരുന്ന പരിപാടികൾ നീട്ടിവയ്ക്കാൻ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ നിർദേശം.

∙ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറമേ, മൾട്ടിപ്ലക്സുകൾ, നീന്തൽക്കുളങ്ങൾ, കല്യാണ ഹാളുകൾ എന്നിവയും അടയ്ക്കാൻ ഗുജറാത്ത്, മധ്യപ്രദേശ് സർക്കാ‍രുകളുടെ തീരുമാനം.

∙ കേരള– കർണാടക അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ 16 ജില്ലകളിൽ തിയറ്ററുകൾ, മാളുകൾ എന്നിവ അടച്ചിടും. 15 ദിവസത്തേക്കു സംസ്ഥാനത്തിനു പുറത്തേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം.

∙ കോവിഡ് ആശങ്ക ശക്തമായതോടെ ഇന്ത്യ മടക്കി അയച്ചത് എഴുനൂറോളം കപ്പലുകൾ

വിശദീകരണത്തിന് സമയം തേടി എംപി

ന്യൂഡൽഹി ∙ കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാമെന്നു വിശദീകരിക്കാൻ രാജ്യസഭയിൽ അവസരം തേടി തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയൻ. 5 മിനിറ്റ് സമയം നൽകണമെന്നാണ് ആവശ്യം. സാധാരണ ഗതിയിൽ 3 മിനിറ്റാണ് ശൂന്യവേളയിൽ വിഷയം അവതരിപ്പിക്കാൻ എംപിമാർക്കു നൽകാറുള്ളത്. 

കോടതിയിലും ജാഗ്രത

ന്യൂഡൽഹി ∙ പഴുതടച്ച ക്രമീകരണങ്ങളുമായി കോടതികളും. ഹോളി അവധിക്കു ശേഷം ഇന്നു തുറക്കുന്ന സുപ്രീം കോടതി അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമേ പരിഗണിക്കൂ. കോടതി പരിസരത്തെ സന്ദർശനാനുമതി നിർത്തിവച്ചു. മ്യൂസിയവും കഫെറ്റീരിയയും അടച്ചു. കോടതിമുറിയിയിൽ ന്യായാധിപർക്കു പുറമേ, അഭിഭാഷകർക്കു മാത്രം പ്രവേശനം. 

452 പേരെക്കൂടി തിരിച്ചെത്തിച്ചു

ന്യൂഡൽഹി ∙ കോവിഡ് ആശങ്ക ശക്തമായ ഇറ്റലിയിലും ഇറാനിലുമായി കുടുങ്ങിയ 452 പേരെ കൂടി ഇന്ത്യ മടക്കിയെത്തിച്ചു. ഇറ്റലിയിൽനിന്ന് 211 വിദ്യാർഥികളടക്കം 218 പേരെയാണ് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിച്ചത്. ഡൽഹി ചാവ്‌ലയിലെ ഐടിബിപി ക്യാംപിൽ ഇവരെ 14 ദിവസത്തേക്കു ക്വാറന്റീനിൽ വിട്ടു. ഇറ്റലി സർക്കാരിന്റെ പിന്തുണ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എടുത്തുപറഞ്ഞു.

ഇറാനിൽ നിന്നുള്ള മൂന്നാമത്തെ സംഘത്തിൽ 234 പേരാണു ഡൽഹിയിലെത്തിയത്. ഇതിൽ 131 പേർ വിദ്യാർഥികളും 103 പേർ തീർഥാടകരുമാണ്. ഇവരെ ജയ്സാൽമറിലെ സൈനിക ക്യാംപിൽ നിരീക്ഷണത്തിലാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com