ADVERTISEMENT

ന്യൂഡൽഹി ∙ രോഗികളുടെ എണ്ണം കുറഞ്ഞിട്ടില്ലെങ്കിലും കോവിഡ് സ്ഥിരീകരിക്കുന്നതിന്റെ തോതിൽ നേരിയ കുറവുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോക്ഡൗൺ നടപ്പാക്കുന്നതു ഫലം കണ്ടുതുടങ്ങിയെന്നതാണ് ആദ്യ സൂചനകൾ. എല്ലാവരും ഒന്നിച്ചുള്ള പ്രവർത്തനമുണ്ടെങ്കിൽ പ്രശ്നം മറികടക്കാൻ കഴിയും. സാമൂഹിക അകലം പാലിക്കുകയാണു മാർഗമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. 

അതേസമയം, സമൂഹവ്യാപനം ഉണ്ടായെന്ന ആശങ്ക മന്ത്രാലയം തള്ളി. നിലവിൽ 3–4 പേരുടെ കാര്യത്തിൽ മാത്രമാണ് രോഗബാധ എവിടെ നിന്നാണെന്നതിൽ അവ്യക്തതയുള്ളത്. യാത്രാപശ്ചാത്തലം ഇവർ വെളിപ്പെടുത്താത്തതു കൊണ്ടാണ് ഈ അവ്യക്തത. 20 – 30 കേസുകളിൽ ഇത്തരത്തിൽ അവ്യക്തത വരുമ്പോൾ മാത്രമേ സമൂഹവ്യാപനമെന്നു വിശേഷിപ്പിക്കാൻ കഴിയൂ. അത്തരമൊരു ഘട്ടമുണ്ടായാൽ ഒളിച്ചുവയ്ക്കേണ്ട കാര്യമില്ല. കാരണം, അതിനനുസരിച്ചേ സർക്കാരിന് അടുത്ത ഘട്ടത്തിലേക്കും ബോധവൽക്കരണത്തിലേക്കും നീങ്ങാനാകൂ– അഗർവാൾ പറഞ്ഞു. 

മേയ് അവസാനത്തോടെ രാജ്യത്തു 13 ലക്ഷം രോഗികളുണ്ടാകുമെന്ന മിഷിഗൻ സർവകലാശാലയുടെ പഠനം ഐസിഎംആർ തള്ളി. ഇപ്പോഴത്തെ ലോക്ഡൗൺ വിജയിച്ചാൽ രോഗികളുടെ എണ്ണം കാര്യമായി കൂടില്ലെന്ന് ഐസിഎംആർ വ്യക്തമാക്കി. 

കോവിഡ് രോഗികളെ മാത്രം ചികിത്സിക്കാൻ രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ പ്രത്യേകം ആശുപത്രിക്കുള്ള പ്രവർത്തനം തുടങ്ങി. നിലവിൽ രാജ്യത്തു നിന്നുള്ള യാത്രാനിയന്ത്രണത്തെക്കുറിച്ചു മന്ത്രിതല സമിതി ചർച്ച ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലോക്ഡൗൺ നിലനിൽക്കെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ വിവിധ മന്ത്രാലയങ്ങളുടെ കൺട്രോൾ റൂം തുറന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

English Summary: Health ministry rejects social spread

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com