ADVERTISEMENT

ന്യൂഡൽഹി  ∙  കോവിഡ് വ്യാപനം തടയുന്നതിനു അടച്ചുപൂട്ടൽ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടി സ്വാഗതം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത്. 

കോവിഡിനെ തോൽപിക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും സർക്കാർ നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്കു പൂർണ പിന്തുണ നൽകുമെന്നും സോണിയ വ്യക്തമാക്കി. അഭിപ്രായവ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. രാജ്യത്തോടുള്ള കടമ നാം നിർവഹിക്കണം – സോണിയ പറഞ്ഞു.  

ആരോഗ്യ, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏതാനും നിർദേശങ്ങളും അവർ മുന്നോട്ടുവച്ചു.

∙ പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ള ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് ആവശ്യമായ സുരക്ഷാ കിറ്റുകൾ, മാസ്ക് എന്നിവ ലഭ്യമാക്കുക. ഇവർക്ക് 6 മാസത്തേക്ക് റിസ്ക് അലവൻസ് അനുവദിക്കുക. 

∙ വരും ദിവസങ്ങളിൽ രോഗം പടർന്നുപിടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഐസിയു, വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കുക. താൽക്കാലിക പരിചരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുക. 

∙ കർഷകർ, ഉദ്യോഗസ്ഥർ എന്നിവർക്ക് വായ്പാ തിരിച്ചടവിൽ 6 മാസത്തെ ഇളവ് അനുവദിക്കുക. 

∙ നിർധനർ, കർഷകർ, വിധവകൾ, ഭിന്നശേഷിക്കാർ, തൊഴിലുറപ്പ് പദ്ധതിയിലുള്ളവർ എന്നിവർക്ക് 7500 രൂപ സാമ്പത്തിക സഹായം നൽകുക. 

∙ റേഷൻ കാർഡുള്ള കുടുംബത്തിന് 10 കിലോ അരി/ ഗോതമ്പ് സൗജന്യമായി നൽകുക.

2.7 കോടിയുടെ സഹായവുമായി രാഹുൽ

കൽപറ്റ ∙ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സാസൗകര്യം ഒരുക്കാൻ രാഹുൽ ഗാന്ധി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 2.706 കോടി രൂപ അനുവദിച്ചു. രാഹുൽ 3 ജില്ലകളിലെയും കലക്ടർമാരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും ഐസിയു, വെന്റിലേറ്റർ തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾക്കായും തുക അനുവദിച്ചതെന്ന് എ.പി. അനിൽകുമാർ എംഎൽഎ പറഞ്ഞു. 

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കും (25 ലക്ഷം), മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിക്കും (1.45 കോടി), മാനന്തവാടി ജില്ലാ ആശുപത്രിക്കുമാണ് (ഒരു കോടി) തുക ലഭിക്കുക. രാഹുലിന്റെ അഭ്യർഥന പ്രകാരം ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗം ഡോ. അമീയാജ്നിക്ക്  പ്രാദേശിക വികസന ഫണ്ടിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിന് 25 ലക്ഷം രൂപ കൂടി അനുവദിച്ചതായും എ.പി. അനിൽകുമാർ അറിയിച്ചു.

English Summary: Nation to stand united to fight covid says Sonia Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com