ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് ബാധയെത്തുടർന്നുള്ള ലോക്ഡൗണിൽ ഉൽപാദനം നിലച്ച യൂണിറ്റുകളിൽനിന്ന് സാനിറ്റൈസറുകളും ആശുപത്രികളിലേക്കുള്ള കട്ടിലുകളും ഡ്രിപ് സ്റ്റാൻഡുകളും നിർമിക്കാൻ റെയിൽവേ. ബംഗാളിലെ അസൻസോൾ ഡീസൽഷെഡ്ഡിൽ നിന്നും രാജസ്ഥാനിലെ ജോധ്പുർ ഡീസൽ ലോക്കോമോട്ടീവ് ഷെഡിൽ നിന്നുമായി 700 ലീറ്റർ സാനിറ്റൈസർ ഇതുവരെ ഉൽപാദിപ്പിച്ചു.

വിപണിയിൽ സാനിറ്റൈസറുകൾ ലഭ്യമാകാത്ത സാഹചര്യത്തിൽ റെയിൽവേയുടെ വിവിധ മേഖലകളിൽ വിതരണം ചെയ്യാനാണിത്. യാത്രാ സർവീസുകൾ നിർത്തിയതിനൊപ്പം റെയിൽവേയുടെ കോച്ച്, എൻജിൻ, ചക്രനിർമാണ യൂണിറ്റുകളും അടച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോവിഡ് തടയാനുള്ള നടപടികളിൽ പങ്കുചേരാനുള്ള തീരുമാനം.

റെയിൽവേ കോച്ചുകൾ ഐസലേഷൻ വാർഡുകളാക്കാൻ കഴിയുമോയെന്നു നോക്കും. വിദൂരഗ്രാമങ്ങളിൽ ഇത് ഉപകാരപ്പെടുമെന്നാണു കണക്കുകൂട്ടൽ. ഒരു കോച്ചിലെ 9 ലോബികൾ ഇത്തരത്തിൽ മാറ്റാനാകും (6 ബെർത്തുള്ള ഒരു യൂണിറ്റാണ് ലോബി). പാൻട്രി കാർ ഭക്ഷണം നൽകാനും ഉപയോഗിക്കാം. കൺസൽറ്റിങ് റൂം, ഐസിയു എന്നിവയും സജ്ജമാക്കാനാകുമെന്നാണ് കരുതുന്നത്.

റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് ഇതു സംബന്ധിച്ച് മന്ത്രി പീയൂഷ് ഗോയലുമായി ചർച്ച നടത്തിയിരുന്നു. റെയിൽവേയുടെ അപകട നിവാരണ മെഡിക്കൽ ഉപകരണ കോച്ചുകളും സേവനത്തിന് ഉപയോഗപ്പെടുത്താൻ ഉദ്ദേശ്യമുണ്ട്. ഈ സാധ്യത കൂടി പരിഗണിച്ച് ഓരോ സോണിലെയും ട്രെയിനുകളുടെ റേക്കുകൾ അതതു യൂണിറ്റുകളിലേക്കു മാറ്റാൻ നിർദേശിച്ചിരുന്നു. 

English Summary: Railways to manufacture sanitizers and drip stand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com