ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചവരിൽ 83% പേരും 60 വയസ്സിനു താഴെയുള്ളവർ. രോഗബാധിതരിൽ 42% പേരും 21നും 40നും ഇടയിൽ പ്രായമുള്ളവരാണ്. 8% പേർ 20 വയസ്സിൽ താഴെയുള്ളവർ; 33% പേർ 41–60 പ്രായക്കാർ. രോഗബാധിതരിൽ 17% മാത്രമാണ് 60 വയസ്സിനു മുകളിലുള്ളവർ.

ആരോഗ്യമുള്ളവരെ പൊതുവിൽ കോവിഡ് ഗുരുതരമായി ബാധിക്കില്ലെന്നാണു നിഗമനം. പ്രായമായവരെയും സ്ഥിര രോഗമുള്ളവരെയുമാണ് ഗുരുതരമായി ബാധിക്കുക. 

രോഗബാധിതർ 3000 കടന്നു

ന്യൂഡൽഹി ∙ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗവും മരണവും റിപ്പോർട്ട് ചെയ്ത ഇന്നലെ, രോഗികളുടെ എണ്ണം 3000 കവിഞ്ഞു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 601 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്; 12 പേർ മരിച്ചു. ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ച കണക്കനുസരിച്ച് 2902 പേരാണ് രോഗബാധിതർ; 68 പേർ മരിച്ചു.

എന്നാൽ, സംസ്ഥാന ആരോഗ്യ വകുപ്പുകളടക്കം പുറത്തുവിട്ട കണക്കു കൂടി ചേരുമ്പോൾ രോഗികളുടെ എണ്ണം 3290 ആവും. 183 പേരാണ് സുഖംപ്രാപിച്ചത്. കേരളം, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ ചികിത്സയിലുള്ള 58 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

സുരക്ഷാ ഉപകരണം ലഭ്യമാക്കണം: മോദി

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ രംഗത്തു പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങളും മാസ്ക്, ഗ്ലൗസ് തുടങ്ങിയവയും ഉറപ്പാക്കാൻ നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിരോധം, ആസൂത്രണം എന്നിവയ്ക്കായി നിയോഗിച്ച ഉന്നതാധികാര സമിതികളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വൈറസ് വ്യാപനം തടയുന്നതിനായി നടത്തിയ തയാറെടുപ്പുകൾ, ആശുപത്രികളുടെ ലഭ്യത, ക്വാറന്റീൻ, ഐസലേഷൻ, പരിശീലന, ചികിത്സാസൗകര്യങ്ങൾ എന്നിവ അടക്കം സമിതി അവലോകനം ചെയ്തു.

∙ കോവിഡ് വിഷയത്തിൽ പ്രധാനമന്ത്രി മോദി 8നു പാർലമെന്റിലെ കക്ഷിനേതാക്കളുമായി വിഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തും. ലോക്സഭയിലും രാജ്യസഭയിലുമായി അഞ്ചോ അതിലേറെയോ അംഗങ്ങളുള്ള കക്ഷികളുടെ നേതാക്കളുമായാണു ചർച്ച. നാളെ വിഡിയോ കോൺഫറൻസിലൂടെ സമ്പൂർണ മന്ത്രിസഭാ യോഗം ചേരും.

വിളവെടുപ്പ് നടത്തണം

ന്യൂഡൽഹി ∙ ലോക്ഡൗൺ കാലയളവിലും സാമൂഹിക അകലം പാലിച്ചു വിളവെടുപ്പ്, വിത്തു വിത എന്നിവ സുഗമമായി നടക്കുന്നുവെന്നത് ഉറപ്പാക്കണമെന്നു സംസ്ഥാനങ്ങളോട് ആഭ്യന്തരമന്ത്രാലയം. റാബി വിളകളുടെ സുഗമമായ വിളവെടുപ്പിനും വേനൽക്കാല വിളകളുടെ വിതയ്ക്കും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നതായി കൃഷി മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com