ADVERTISEMENT

ന്യൂഡൽഹി ∙ നിസാമുദ്ദീൻ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 12 പേർ കോവിഡ് ബാ‌ധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സമ്മേളനത്തിൽ പങ്കെടുത്ത 647 പേർക്കു രോഗം സ്ഥിരീകരിച്ചെന്നും ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. രാജ്യത്തെ മൊത്തം രോഗബാധിതരിൽ 28 ശതമാനവും സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ്.

നിസാമുദ്ദീൻ തബ്‌ലീഗ് മസ്ജിദിൽ തങ്ങിയവരെ ഒഴിപ്പിക്കാൻ നേതൃത്വം ന‌ൽകിയ ഡൽഹി പൊ‌ലീസിലെ 14 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. യുപിയിൽ ഇന്നലെ രോഗം‌ സ്ഥിരീകരിച്ച 172 പേരിൽ 42 പേർ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. സമ്മേളനം കഴിഞ്ഞുമടങ്ങിയ 26 പേർ നേപ്പാളിലെ കഠ്മണ്ഡുവിൽ ക്വാറന്റീനിലുണ്ട്.

അതിനിടെ, സമ്മേളനശേഷം കോവിഡ് ലക്ഷണങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ട 6 പേർ നിർദേശങ്ങൾ പാല‌ിക്കുന്നില്ലെന്നും ജീവനക്കാരോടു മോശമായി പെരുമാറുന്നുവെന്നും ആരോ‌പിച്ച് ഗാസിയാബാദ് എംഎംജി സർക്കാർ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ നൽകിയ പരാതിയിൽ 6 പേർക്കെതിരെ യുപി പൊലീസ് കേസെടുത്തു. ഇവർക്കെതിരെ ദേശീയ സുരക്ഷാ നി‌യമം (എൻഎസ്എ) പ്രയോഗിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ നിർദേശിച്ചു. 

ഡൽഹിയിൽ ആശുപത്രിയിൽ കഴിയുന്നവർ സഹ‌കരിക്കുന്നില്ലെന്നും പൊലീസ് കാവൽ വേണമെന്നും പറഞ്ഞ് സംസ്ഥാന ആരോ‌ഗ്യ സെ‌ക്രട്ടറി പത്മിനി സിംഗ്ല ഡൽഹി പൊലീസ് കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവയ്ക്കു കത്തു നൽ‌കി. രോ‌ഗികളിലൊരാൾ കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ മുകൾനിലയിൽ നി‌ന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തബ്‌ലീഗ് മർകസിൽനിന്ന് ഒഴിപ്പിച്ച 1810 പേരാണു ഡൽഹിയിലെ വിവിധ ആശുപത്രികളിലുള്ളത്.

English Summary: Twelve people participated in delhi conference died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com