ചൈനീസ്, പാക്ക് പ്രകോപനം; തർക്കവുമായി നേപ്പാൾ: അതിർത്തികൾ പുകയുന്നു

india-china-border
SHARE

ന്യൂ‍ഡൽഹി ∙ ചൈനയും പാക്കിസ്ഥാനും പ്രകോപനപരമായ നീക്കങ്ങളുമായി നിലയുറപ്പിച്ചതോടെ, ഇന്ത്യയുടെ അതിർത്തി മേഖലകളിൽ സംഘർഷം പുകയുന്നു. 2 മാസമായി പാക്കിസ്ഥാനും ഏതാനും ആഴ്ചകളായി ചൈനയും വെല്ലുവിളി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ അതീവ ജാഗ്രതയിലാണ്. ഇതിനു പുറമേ, തർക്കമുന്നയിച്ച് നേപ്പാളും രംഗത്തുവന്നിട്ടുണ്ട്. 

ഇന്ത്യ – ചൈന

 2017 ൽ സിക്കിമിലെ ദോക് ലാ സംഭവത്തിനു ശേഷം ഇന്ത്യ – ചൈന അതിർത്തിയിലെ ഏറ്റവും രൂക്ഷമായ സംഘർഷമാണ് ഇപ്പോഴത്തേതെന്നു സേന. 

 നിലവിൽ സംഘർഷം വടക്കൻ സിക്കിമിലും ജമ്മു കശ്മീരിലെ കിഴക്കൻ ലഡാക്കിലും. 

 കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‍വര, പാങ്ങ്യോങ് തടാകത്തിന്റെ വടക്കൻ തീരം എന്നിവിടങ്ങളിൽ ഇരു സേനകളും മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്നു.

 കിഴക്കൻ ലഡാക്കിൽ ഇരു രാജ്യങ്ങളും പങ്കിടുന്ന അതിർത്തി – 826 കിലോമീറ്റർ. 

 ഗാൽവൻ താഴ്‍വര – ഇവിടെ ഇന്ത്യ റോഡ് നിർമിച്ചതാണു ചൈനയുടെ എതിർപ്പിനു കാരണം. റോഡ് പൂർണമായി ഇന്ത്യൻ ഭാഗത്താണെങ്കിലും അതിർത്തിയിൽ ഏതു കാലാവസ്ഥയിലും സൈന്യത്തെ എത്തിക്കാൻ കഴിയുന്നവിധം റോഡ് നിർമിക്കുന്നതിലാണ് എതിർപ്പ്. 

 പാങ്ങ്യോങ് തടാകത്തിന്റെ വടക്കൻ തീരം – ഇവിടെ തർക്കങ്ങൾ പതിവ്. തടാകക്കരയിലേക്ക് അടുത്തിടെ ഇന്ത്യ സേന റോഡ് നിർമിച്ചതും ചൈനയ്ക്കു രസിച്ചില്ല.  ഈ മാസം 5ന് ഇവിടെ പട്ടാളക്കാർ തമ്മിൽ കയ്യാങ്കളിയുണ്ടായി. 

ഈ ഭാഗത്തെ 8 മലനിരകളിൽ (സേനാ ഭാഷയിൽ 8 ഫിംഗേഴ്സ്) നാലാമത്തേതാണ് (ഫിംഗർ 4) അതിർത്തിയെന്ന നിലപാടിലാണ് ഇന്ത്യൻ സേന നിൽക്കുന്നത്. രണ്ടാമത്തേതാണ് അതിർത്തിയെന്ന് വാദിച്ച് ഇന്ത്യയെ 10 കിലോമീറ്ററോളം പിന്നോട്ടു തള്ളാൻ ചൈന ശ്രമിക്കുന്നു. ഒരിഞ്ചു പിന്നോട്ടില്ലെന്ന് ഇന്ത്യ. 

india-china-border

 ഇന്ത്യ – പാക്കിസ്ഥാൻ 

 ജമ്മു കശ്മീരിലെ രാജ്യാന്തര അതിർത്തിയിലും നിയന്ത്രണ രേഖയിലുമുടനീളം (ലൈൻ ഓഫ് കൺട്രോൾ – എൽഒസി) 2 മാസമായി പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തുന്നു. പ്രത്യാക്രമണവുമായി ഇന്ത്യ തിരിച്ചടിക്കുന്നു. ആക്രമണത്തിന്റെ മറവിൽ ഭീകരരെ ഇന്ത്യയിലേക്കു കടത്തിവിടുകയാണു പാക്ക് ലക്ഷ്യം. 

 പൂഞ്ച്, ബാരാമുള്ള, നൗഷേര, കുപ്‌വാര, ഉറി, ആർ.എസ്. പുര എന്നിവിടങ്ങളിൽ സംഘർഷം നിലനിൽക്കുന്നു. ജനവാസ മേഖലകൾ ലക്ഷ്യമിട്ടാണു പാക്ക് ആക്രമണം. 

 നുഴഞ്ഞുകയറാൻ അവസരം നോക്കി അതിർത്തിക്കപ്പുറമുള്ള താവളങ്ങളിൽ 300 ഭീകരർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഇന്റിലിജൻസ് വിവരം. 

ഇന്ത്യ – നേപ്പാൾ

  മാനസസരോവർ തീർഥയാത്രയ്ക്കുള്ള ദൂരം ഗണ്യമായി കുറച്ച്, ഉത്തരാഖണ്ഡിലെ ധാർച്ചുല മുതൽ ടിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരം വരെ ഇന്ത്യ റോഡ് നിർമിച്ചതിലാണ് നേപ്പാളിനു പ്രതിഷേധം.

 ലിപുലേഖ് ചുരത്തിന്റെ തെക്കേ അറ്റത്തുള്ള കാലാപാനി പ്രദേശം തങ്ങളുടേതാണെന്ന് നേപ്പാൾ. ഇന്ത്യ – നേപ്പാൾ – ടിബറ്റ് അതിർത്തിയിലെ മുക്കവലയാണിത്. 

 പൂർണമായി തങ്ങളുടെ അധികാരത്തിലുള്ള സ്ഥലത്താണ് റോഡ് നിർമിച്ചതെന്നും തീർഥയാത്രയ്ക്കായി മുൻപു മുതലുള്ള പാതയാണിതെന്നും ഇന്ത്യ. 

 റോഡിനെതിരെ നേപ്പാൾ ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയും രംഗത്ത്. 

 പ്രതിഷേധത്തിനു പിന്നിൽ ചൈനയുടെ പങ്ക് ഇന്ത്യ സംശയിക്കുന്നു. 

ചൈനീസ് പ്രകോപനം എന്തുകൊണ്ട്? 

കോവിഡിന്റെ പേരിൽ രാജ്യാന്തര തലത്തിൽ ഒറ്റപ്പെട്ട ചൈനയെ വ്യാപാര മേഖലയിൽ കടത്തിവെട്ടാൻ ഇന്ത്യ നടത്തുന്ന നീക്കങ്ങളിൽ അവർക്ക് അമർഷമുണ്ട്. അതിർത്തിത്തർക്കങ്ങൾ കുത്തിപ്പൊക്കി സംഘർഷമുണ്ടാക്കാൻ ചൈനയെ പ്രേരിപ്പിക്കുന്നത് ഇതാവാമെന്നാണ് വിലയിരുത്തൽ.  

കശ്മീരിൽ 3 ഭടന്മാർക്ക് വീരമൃത്യു

ന്യൂഡൽഹി ∙ കശ്മീരിൽ 2 ഭീകരാക്രമണങ്ങളിൽ 2 ബിഎസ്എഫ് ജവാൻമാരും ഒരു പൊലീസുകാരനും വീരമൃത്യു വരിച്ചു. ബൈക്കിലെത്തിയ ഭീകരർ ശ്രീനഗറിനു സമീപം ജവാൻമാരായ റാണാ മണ്ഡൽ, ജിയാവുൽ ഹഖ് എന്നിവരെ വെടിവച്ചുകൊന്നു. ജവാൻമാരുടെ തോക്കുകളും ഭീകരർ തട്ടിയെടുത്തു.

ദക്ഷിണ കശ്മീരിലെ പുൽവാമയിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിലാണു പൊലീസ് ഉദ്യോഗസ്ഥനായ അനൂജ് സിങ് വീരമൃത്യു വരിച്ചത്. മുഹമ്മദ് ഇബ്രാഹിം എന്ന പൊലീസുകാരനു പരുക്കേറ്റു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA