ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ മേഖലയിലെ അരുണാചലിനു മേലുള്ള അവകാശവാദത്തിനാണ് ചൈന രാഷ്ടീയമായി ഊന്നൽ നൽകുന്നതെങ്കിലും പടിഞ്ഞാറൻ മേഖലയിലെ ലഡാക്കിലാണ് അടുത്തകാലത്തായി ചൈനീസ് സൈന്യത്തിന്റെ ശ്രദ്ധ കൂടുതൽ. കഴിഞ്ഞകൊല്ലം ലഡാക്ക് അതി‍ർത്തിയിൽ 500 തവണയോളം ചൈനയുടെ സൈന്യവും ഇന്ത്യൻ സൈന്യവും തമ്മിൽ സംഘർഷമുണ്ടായി.

അതേസമയം കിഴക്കൻ മേഖലയിലും ഉത്തരാഖണ്ഡിനോടു ചേർന്നുള്ള മധ്യമേഖലയിലുമായി 165 തവണയാണ് സംഘർഷമുണ്ടായത്. 2018 ൽ പടിഞ്ഞാറൻ മേഖലയിൽ 280 തവണ പ്രശ്നങ്ങളുണ്ടായെങ്കിൽ കിഴക്ക്, മധ്യമേഖലയിൽ 120 സംഭവങ്ങളേ ഉണ്ടായുള്ളൂ.

കിഴക്കിനെ അപേക്ഷിച്ച് പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യൻ സൈന്യം കൂടുതൽ പട്രോളിങ് നടത്തുന്നുണ്ട്. ഇതാവാം ഇവിടെ തർക്കങ്ങൾ കൂടുന്നതെന്നാണു വിലയിരുത്തൽ. 2002–03 മുതൽ ഇന്ത്യ കിഴക്കൻ മേഖലയിലെ പ്രതിരോധം ശക്തമാക്കിയിരുന്നു. അതിർത്തി റോഡുകൾ വികസിപ്പിച്ചു. ഒരു ഡിവിഷൻ സൈന്യത്തെ കൂടുതലായി നിയോഗിച്ചു. പുതിയ ലാൻഡിങ് ഗ്രൗണ്ടുകൾ നിർമിച്ചതോടെ സൈന്യത്തിനു സാമഗ്രികൾ എത്തിക്കാൻ സംവിധാനമായി.

അതേസമയം, പടിഞ്ഞാറൻ മേഖലയിൽ ദൗലത്ത് ബേഗ് ഓൾഡിയിൽ ലാൻഡിങ് സ്ട്രിപ് നിർമിച്ചശേഷം കാര്യമായ നിർമാണപ്രവർത്തനം നടന്നിട്ടില്ല. പല റോഡുകളുടെയും പണി തുടങ്ങിയിട്ടേയുള്ളൂ.  ഇരു സൈന്യവും അടുത്തടുത്ത പ്രദേശങ്ങളിലൂടെ പട്രോളിങ് നടത്തുമ്പോഴാണു തർക്കങ്ങളുണ്ടാകുന്നത്. സായുധാക്രമണങ്ങൾ നടന്നിട്ടില്ല.

ലഡാക്ക് മുതൽ അരുണാചൽ വരെയുള്ള 4000 കിലോമീറ്റർ അതിർത്തിയിൽ 23 സ്ഥലങ്ങളിലാണു പ്രശ്നസാധ്യതയുള്ളത്. ലഡാക്ക് പ്രദേശത്തെ ഡെംചോക്ക്, ചുമാർ, ട്രിഗ് കുന്നുകൾ, ഡുംചേലെ, സ്പാംഗൂർ ഗ്യാപ്, പാംഗോഗ് ട്സോ എന്നിവ കൂടുതൽ പ്രശ്നബാധിതം. മധ്യമേഖലയിൽ ബാരാഹോതി, കൗരിക്ക്, ഷിപ്കി ലാ എന്നിവയും കിഴക്കൻ മേഖലയിൽ ഡിച്ചു, നാംകാചു, അസാഫി ലാ, യാംഗ്സി, ദിബാംഗ് എന്നിവയുമാണു പ്രശ്ന സ്ഥലങ്ങൾ.

English Summary: Issues in 23 places to stop ladakh development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com