ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ തുർക്കിയെയും മറികടന്ന് ലോകത്ത് ഒൻപതാം സ്ഥാനത്ത്. സംസ്ഥാനങ്ങൾ സ്ഥിരീകരിച്ച കണക്കുപ്രകാരം ഇന്ത്യയിൽ രോഗികൾ 1,63,732 ആയി. തുർക്കിയിൽ 1,59,797. രാജ്യത്തു മൊത്തം മരണം 4655 ആയി. രോഗികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്കു തൊട്ടുമുന്നിൽ ഇപ്പോൾ ജർമനിയാണ് – 1,82,150 പേർ. 

ഒരാഴ്ചയ്ക്കിടെ അരലക്ഷത്തിനടുത്ത് രോഗികൾ

പ്രതിദിന കോവിഡ‍് പരിശോധന ശരാശരി ഒരു ലക്ഷമായി ഉയർത്തിയതിനു പിന്നാലെ, രാജ്യത്തു രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ രാജ്യത്തു റിപ്പോർട്ട് ചെയ്തത് 46,574 കോവിഡ് കേസുകൾ. 7 ദിവസത്തിനിടെ 1096 പേർക്കാണ് ജീവൻ നഷ്ടമായത്. മേയ് 13 മുതൽ തുടർച്ചയായി 100ലധികം പേരാണു പ്രതിദിനം മരിക്കുന്നത്. 20നു ശേഷം രോഗികളുടെ എണ്ണം പ്രതിദിനം അയ്യായിരത്തിലധികമാണ്.  ‌‌

ഏപ്രിൽ 14 മുതൽ മേയ് 27 വരെയുള്ള കണക്കിൽ കോവിഡ് പരിശോധന പ്രതിദിനം 5.9% എന്ന നിരക്കിൽ വർധിച്ചപ്പോൾ രോഗികളുടെ എണ്ണം ദിവസേന 6.4% എന്ന നിരക്കിലാണ് കൂടുന്നത്. 

ദേശീയ ശരാശരിയെക്കാൾ വേഗം

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിലെ വർധന ദേശീയ ശരാശരിയെക്കാൾ വേഗത്തിൽ. കേരളത്തിൽ രോഗികളുടെ എണ്ണത്തിലെ വർധനയുടെ തോത് 8.67%. ദേശീയ ശരാശരി 4.14%. കേരളത്തിൽ രോഗികളുടെ എണ്ണം ഇരട്ടിക്കാൻ ഇപ്പോൾ 12ൽ താഴെ ദിവസം മതി. ദേശീയതലത്തിൽ ഇതു 14 ദിവസമാണ്. അതേസമയം, കേരളത്തിൽ കോവിഡ്  മരണനിരക്ക് 0.5 % മാത്രമാണെന്നും ദേശീയ നിരക്ക് 2.89 % ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ട്രെയിൻ അഡ്വാൻസ് റിസർവേഷൻ 120 ദിവസം മുൻപേ

റെയിൽവേ ഓടിക്കുന്ന സ്പെഷൽ എസി ട്രെയിനുകളുടെയും ജൂൺ 1 മുതൽ ഓടിക്കുന്ന ട്രെയിനുകളുടെയും അഡ്വാൻസ് റിസർവേഷൻ 120 ദിവസം മുൻപേ ചെയ്യാം. 30 ദിവസം മുൻപു വരെയായിരുന്നു ഇതുവരെ അനുവദിച്ചിരുന്നത്.

ലോക്ഡൗൺ  ഇനി: മറ്റന്നാൾ അറിയാം

പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാൾ ‘മൻ കി ബാത്തി’ൽ ലോക്ഡൗണിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചു വിശദീകരിക്കും. ലോക്ഡൗൺ നാലാം ഘട്ടം തീരുന്നത് അന്നാണ്. 

English Summary: Covid Patients:India At No. 9 On Global Coronavirus Chart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com