ADVERTISEMENT

ന്യൂഡൽഹി∙ കഴിഞ്ഞ 4 ദിവസത്തിനിടെ അതിഥിത്തൊഴിലാളികൾക്കുള്ള ശ്രമിക് ട്രെയിനുകളിൽ മരിച്ചത് 9 പേർ. പട്ടിണിയും ചൂടും മൂലവുമുള്ള മരണമാണ് ഇവയിൽ പലതുമെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. എന്നാൽ മരിച്ചവരിൽ ഭൂരിഭാഗവും മറ്റ് അസുഖങ്ങളുള്ളവരാണെന്നാണ് അധികൃതരുടെ വിശദീകരണം. 

ബിഹാറിലെ മുസഫർപുർ റെയിൽവേ സ്റ്റേഷനിൽ മരിച്ചു കിടക്കുന്ന അമ്മയെ മൂടിയ പുതപ്പുമാറ്റാൻ ശ്രമിക്കുന്ന കുഞ്ഞിന്റെ കരളലയിക്കുന്ന ചിത്രമാണ് അതിഥിത്തൊഴിലാളികളുടെ ദുരിതങ്ങളിലേക്കു വീണ്ടും രാജ്യത്തിന്റെ ശ്രദ്ധയെത്തിച്ചത്. അഹമ്മദാബാദിൽ നിന്നു കുടുംബാംഗങ്ങളോടൊപ്പം വരികയായിരുന്ന ഉർവിന ഖാത്തൂൻ എന്ന യുവതിയാണു മരിച്ചത്. 4 ദിവസം ട്രെയിനിൽ കഴിഞ്ഞ ഇവർക്ക് ഭക്ഷണവും വെള്ളവും കിട്ടാതെയാണു മരിച്ചതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചിരുന്നു. എന്നാൽ ഇവർക്ക് ഹൃദ്രോഗമുണ്ടായിരുന്നുവെന്നാണ് അധിക‍‍ൃതർ പറയുന്നത്. 

തൊട്ടു മുൻപത്തെ ദിവസം ഡൽഹിയിൽ നിന്നു ബിഹാറിലേക്കു വന്ന ട്രെയിനിലെ നാലര വയസ്സുള്ള ആൺകുട്ടിയും മുസഫർപുരിൽ മരിച്ചിരുന്നു. കുട്ടിയുടെ പിതാവ് അൽപം പാലിനു വേണ്ടി ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നു റിപ്പോർട്ടുകളുണ്ട്. ചൂടു കാരണമാണു കുട്ടി മരിച്ചതെന്നാണ് പിതാവ് പറയുന്നത്. എന്നാൽ ഈ കുട്ടിക്കും നേരത്തേ അസുഖമുണ്ടായിരുന്നുവെന്നും സ്റ്റേഷനിലെത്തുമ്പോൾ മരിച്ച നിലയിലായിരുന്നുവെന്നും അധികൃതർ പറയുന്നു. 

മുംബൈ– ദർഭംഗ ട്രെയിനിൽ 70 വയസ്സുകാരൻ, വരാണസി റെയിൽവേ സ്റ്റേഷനിൽ മുംബൈയിൽ നിന്നെത്തിയ 2 പേർ, സൂറത്ത്– ഹാജിപുർ ട്രെയിനിൽ യുപിയിലെ ബലിയ സ്റ്റേഷനിൽ ഒരാൾ, ഝാൻസി– ഗൊരഖ്പുർ ട്രെയിനിൽ 2 പേർ, വാപി– ദീൻദയാൽ ഉപാധ്യായ ജംക്‌ഷൻ ട്രെയിനിൽ ഒരാൾ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മറ്റ് അതിഥിത്തൊഴിലാളികൾ. 

മഹാരാഷ്ട്രയിൽ പാളത്തിലൂടെ നടന്നു പോകവെ ട്രെയിൻ കയറി 16 പേർ മരിച്ചിരുന്നു. നാട്ടിലേക്കു നടന്നുപോകുന്നവർ വാഹനാപകടങ്ങളിലും തളർന്നുവീണും മരിച്ച സംഭവങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. 

നാടണയാൻ ഇനിയും 4 കോടി തൊഴിലാളികൾ

ന്യൂഡൽഹി ∙ സ്വന്തം നാടുകളിലേക്കു മടങ്ങാൻ ഇനിയും 4 കോടി അതിഥിത്തൊഴിലാളികൾ. മടക്കം പൂർണമാകാൻ 3– 6 മാസം വരെ സമയം വേണ്ടിവരാമെന്നും സുപ്രീം കോടതിയിൽ തൊഴിലാളി സംഘടനയ്ക്കുവേണ്ടി ഹാജരായ ഇന്ദിര ജയ്സിങ് പറഞ്ഞു. 

ഇതിനകം ഏകദേശം ഒരു കോടി തൊഴിലാളികൾ നാട്ടിലെത്തിയിട്ടുണ്ടെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദീകരിച്ചപ്പോൾ, ബാക്കിയുള്ളവരുടെ കാര്യമെന്തെന്നു കോടതി ചോദിച്ചു. ഒരാഴ്ചയ്ക്കകമോ 10 ദിവസത്തിനുള്ളിലോ നാട്ടിലെത്താൻ സാധിക്കുമെന്ന് അവർക്ക് ഉറപ്പുണ്ടോ? വ്യക്തത ആവശ്യമാണെന്നും കോടതി പറഞ്ഞു.ദിവസം 1.85 ലക്ഷം പേരെ വീതമാണ് യാത്രയാക്കുന്നതെന്നും ചിലയിടത്തു മാത്രമുള്ള പ്രതിസന്ധി മാധ്യമങ്ങൾ ആവർത്തിച്ചു റിപ്പോർട്ട് ചെയ്യുന്നതും ചിലർ തൊഴിലാളികളെ യാത്രയ്ക്കു പ്രേരിപ്പിക്കുന്നതുമാണ് പ്രശ്നമെന്നും തുഷാർ മേത്ത പറഞ്ഞു. 

യാത്രാ സൗകര്യം, ചെലവ് തുടങ്ങിയ കാര്യങ്ങളിലെ ആശയക്കുഴപ്പവും ഉന്നയിക്കപ്പെട്ടു. ടിക്കറ്റിന്റെ പണം ആദ്യം തൊഴിലാളി നൽകണം, പിന്നീടു സംസ്ഥാനം അതു തിരിച്ചുനൽകുമെന്നാണു ബിഹാറിന്റെ നയം. ടിക്കറ്റിന് തൊഴിലാളിയുടെ പോക്കറ്റിൽ പണമുണ്ടെങ്കിലല്ലേ ഇതു നടപ്പാവൂ എന്നു ചോദിച്ച കോടതി, ചെലവു വഹിക്കുന്നതു സംബന്ധിച്ച് പൊതുനയം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com