ADVERTISEMENT

ന്യൂഡൽഹി ∙ കശ്മീരിലെ പുൽവാമയിൽ ചാവേറാക്രമണത്തിന് ഉപയോഗിക്കാൻ സജ്ജമാക്കിയ കാറിന്റെ ഉടമയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഷോപ്പിയാൻ സ്വദേശിയും ഹിസ്ബുൽ മുജാഹിദീൻ ഭീകരനുമായ ഹിദായത്തുല്ല മാലിക്കിന്റെ കാറിലാണു സ്ഫോടകവസ്തുക്കൾ നിറച്ച് ആക്രമണത്തിനു പദ്ധതിയിട്ടത്. കഴിഞ്ഞ വർഷമാണ് ഇയാൾ ഭീകര സംഘടനയിൽ ചേർന്നത്.

ഇരുചക്ര വാഹനത്തിന്റെ നമ്പർ പതിപ്പിച്ച വ്യാജ നമ്പർ പ്ലേറ്റ് ആണു കാറിൽ ഉപയോഗിച്ചത്. കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഹിസ്ബുൽ ഭീകരനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഹിസ്ബുലിനു പുറമെ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിനും ആക്രമണ പദ്ധതിയിൽ പങ്കുണ്ടെന്നാണു സൂചന. 

2019 ഫെബ്രുവരി 14നു സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ നടത്തിയ ചാവേറാക്രമണത്തിന്റെ ആവർത്തനമാണു ഭീകരർ ലക്ഷ്യമിട്ടത്. ജമ്മു കശ്മീർ പൊലീസിനു പുറമേ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) കേസ് അന്വേഷിക്കുന്നുണ്ട്. 2019ലെ ആക്രമണവുമായി കഴിഞ്ഞ ദിവസത്തെ സംഭവത്തിനുള്ള സാമ്യമാണ് എൻഐഎ പ്രധാനമായും പരിശോധിക്കുന്നത്. 

സ്ഫോടകവസ്തുക്കൾ നിർമിക്കുന്നതിൽ വൈദഗ്ധ്യമുള്ള ഹിസ്ബുൽ ഭീകരൻ മുഹമ്മദ് ഇസ്മായിലിന് ഇരു സംഭവങ്ങളിലും പങ്കുണ്ടെന്നാണു സൂചന. പാക്കിസ്ഥാനിലുള്ള കൊടും ഭീകരൻ മസൂദ് അസ്ഹറിന്റെ ബന്ധുവാണ് ഇയാൾ. 2019ലെ ആക്രമണവുമായി ബന്ധപ്പെട്ട കുറ്റപത്രം എൻഐഎ ജൂലൈയിൽ കോടതിയിൽ സമർപ്പിക്കും.

English Summary: Pulvama car owner arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com