ADVERTISEMENT

ന്യൂഡൽഹി∙ പ്രശ്നപരിഹാരത്തിനു നയതന്ത്രതലത്തിൽ അനൗദ്യോഗിക ചർച്ചകൾ തുടരുമ്പോഴും അതിർത്തി മേഖലകളിൽ സേനാ സന്നാഹം ശക്തമാക്കി ഇന്ത്യയും ചൈനയും. സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലകളിലേക്ക് കരസേന, ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നിവയിലെ കൂടുതൽ സേനാംഗങ്ങളെ ഇന്ത്യ നിയോഗിച്ചു.

അതിർത്തിക്കപ്പുറം ചൈനയും പടയൊരുക്കം തുടരുകയാണെന്ന് ഉപഗ്രഹ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സേനാ വൃത്തങ്ങൾ സൂചിപ്പിച്ചു. അതിർത്തിയിലെ കമാൻ‍ഡർമാർ തമ്മിൽ പലകുറി ചർച്ചകൾ നടത്തിയിട്ടും പ്രശ്നപരിഹാരം ഉരുത്തിരിയാത്ത സാഹചര്യത്തിലാണ് ഇന്ത്യ സേനാബലം കൂട്ടുന്നത്.

കേന്ദ്രഭരണ പ്രദേശമാക്കിയതിനു പിന്നാലെ ക്രമസമാധാന പാലനത്തിനായി ജമ്മു കശ്മീരിലെത്തിച്ച കരസേനാംഗങ്ങളോടാണ് അതിർത്തിയിലേക്കു നീങ്ങാൻ നിർദേശിച്ചത്. മറുവശത്തു സേനാംഗങ്ങളുടെ എണ്ണം ഉയർത്തി ചൈന സമ്മർദം ചെലുത്തുന്ന സാഹചര്യത്തിൽ, അതിർത്തിയിലുടനീളം നിതാന്ത ജാഗ്രത അനിവാര്യമാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.

ഇതിനിടെ, അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ ഏറ്റുമുട്ടുന്നതിന്റേത് എന്ന പേരിൽ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ചൈനീസ് സേനയുടെ വാഹനം ഇന്ത്യ തടഞ്ഞുവച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, വിഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെന്നു സേന വ്യക്തമാക്കി. അതിർത്തിയിൽ അക്രമ സംഭവങ്ങളുണ്ടായിട്ടില്ലെന്നും സംഘർഷ സാഹചര്യം വഷളാക്കുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിക്കരുതെന്നും സേന കൂട്ടിച്ചേർത്തു.

ഇന്ത്യൻ പ്രദേശം ചേർത്ത് ഭൂപടം മാറ്റാൻ നേപ്പാൾ

ഇന്ത്യ – നേപ്പാൾ അതിർത്തിയോടു ചേർന്ന് ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങൾ നേപ്പാളിന്റെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാൾ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. ഭേദഗതിയെ അനുകൂലിക്കുമെന്നു പ്രതിപക്ഷ കക്ഷിയായ നേപ്പാളി കോൺഗ്രസ് വ്യക്തമാക്കി.

മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണ്ട ഭരണഘടനാ ഭേദഗതി എളുപ്പം പാസാക്കാനാവുമെന്ന പ്രതീക്ഷയിലാണു ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി. നേപ്പാൾ ഭൂപടം ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും കൃത്രിമമായി ഭൂവിസ്തൃതി വർ‌ധിപ്പിക്കുന്നത് ഇന്ത്യ അംഗീകരിക്കില്ലെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അടുത്തിടെ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com