ADVERTISEMENT

ന്യൂഡൽഹി ∙ അതിർത്തി എവിടെയെന്ന കാര്യത്തിൽ പണ്ടേ തർക്കമുണ്ടെങ്കിലും ഗൽവാൻ താഴ്‍വരയുടെ മേൽ ഇതാദ്യമായാണ് ചൈന രാഷ്ട്രീയമായി അവകാശമുന്നയിക്കുന്നത്. ഇതിനു മുൻപു ഗൽവാൻ പിടിച്ചെടുക്കാൻ ചൈന ശ്രമിച്ചിട്ടില്ല എന്നല്ല അതിനർഥം. 1962 ൽ ചൈനയുടെ സൈനിക നീക്കമറിഞ്ഞ ഇന്ത്യൻ സൈന്യം ഗാൽവൻ താഴ്‍വരയ്ക്കു ചുറ്റുമുള്ള കുന്നുകളൊന്നിൽ ഒരു പോസ്റ്റ് സ്ഥാപിച്ചതാണ്. ആ പോസ്റ്റ് തകർത്തുകൊണ്ടാണ് ചൈന ലഡാക്കിലേക്ക് ആക്രമണം അഴിച്ചുവിട്ടത്.

മേജർ ശെയ്ത്താൻ സിങ്ങിന്റെ നേതൃത്വത്തിൽ ഇതിനടുത്തു പൊരിഞ്ഞ ചെറുത്തുനിൽപു നടന്നതാണ്. (അദ്ദേഹത്തെ മരണാനന്തരം പരമവീരചക്രം നൽകി ഇന്ത്യ ബഹുമാനിച്ചു). ആ ചെറുത്തുനിൽപു തകർത്ത് ചൈന അവിടം പിടിച്ചു. എന്നാൽ അവിടെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ ചൈനീസ്  സൈന്യം ഒരു മാസത്തിനുള്ളിൽ അവിടെ നിന്നു സ്വമേധയാ പിന്മാറുകയായിരുന്നു.

നിർമാണത്തിൽ ചൈനയ്ക്ക് ആശങ്ക

ഗൽവാൻ താഴ്‌വര തങ്ങളുടെ അധീനതയിലായിരുന്ന പ്രദേശമായിരുന്നുവെന്ന് ചൈന അന്നു വാദമുയർത്തിയില്ല.

ചൈന പിടിച്ചുവച്ചിരിക്കുന്ന അക്സായ് ചിന്നിനു മേൽ അവകാശമുന്നയിക്കുന്ന ഇന്ത്യ ആ പ്രദേശം പിടിച്ചെടുക്കാൻ ശ്രമിക്കുമെന്നാണ് ചൈനയുടെ പണ്ടേയുള്ള ആശങ്ക. പണ്ട് അവകാശം മാത്രം ഉയർത്തിയിരുന്ന ഇന്ത്യ അടുത്തകാലത്തായി അതു പിടിച്ചെടുക്കാനുള്ള ശേഷി കൈവരിക്കുന്നുണ്ടെന്നാണ് ചൈന കരുതുന്നത്.

ഇന്ത്യ അതിർത്തിയിൽ നടത്തുന്ന നിർമാണപ്രവർത്തനങ്ങളെ പ്രതിരോധപരമായാണു നാം കാണുന്നതെങ്കിലും ചൈന അവയെ ആക്രമണസ്വഭാവമുള്ളവയായാണു കാണുന്നത്.

മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് അതിർത്തിക്കടുത്ത് ലാൻഡിങ് സ്ട്രിപ്പുകൾ നിർമിച്ചതും തർക്കഭൂമിക്കടുത്തു സൈനികസാമ്രികളെത്തിക്കാൻ പഴയവിമാനത്താവളം പരിഷ്ക്കരിച്ചെടുത്തതും പർവതപ്രഹരകോർ തന്നെ രൂപീകരിച്ചതും ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ അതിർത്തിയിലെ ദൗലത് ബേഗ് ഓൽഡിയിലേക്കു റോഡ് നിർമാണം പൂർത്തിയാക്കിയതും എല്ലാം പടയൊരുക്കത്തിനുള്ള മുന്നൊരുക്കങ്ങളായാണ് ചൈന കാണുന്നത്. 

ൈൈഓഗസ്റ്റിൽ കശ്മീരിന്റെ പ്രത്യേകപദവി എടുത്തുമാറ്റിയപ്പോഴും അതിനു മുൻപും അക്സായ് ചിൻ തിരിച്ചുപിടിക്കുമെന്ന് ഇന്ത്യൻ ഭരണകർത്താക്കൾ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം പാർലമെന്റിൽ പ്രഖ്യാപിക്കുകയും ചെയ്തു.

ലക്ഷ്യം അക്സായി ചിൻ നിയന്ത്രണം

ചുരുക്കത്തിൽ ഇന്ത്യയുടെ സൈന്യത്തിന് അക്സായ് ചിന്നിലേക്ക് ആക്രമിച്ചുകയറാനുള്ള വഴിയായാണു ചൈന ഗൽവാൻ താഴ്‌വരയെ കാണുന്നത്. 1962 ൽ തങ്ങൾ വിട്ടൊഴിഞ്ഞുപോയ, താഴ്‌വരയ്ക്കു ചുറ്റുമുള്ള കുന്നുകൾ കൈവശമാക്കിയാൽ ഈ വഴി തടയാനാവും എന്നാണ് അവരുടെ കണക്കുകൂട്ടൽ.

താഴ്‍വര പിടിച്ചാൽ മറ്റൊന്നു കൂടിയുണ്ട് നേട്ടം. അതോടെ ദൗലത് ബേഗ് ഓൾഡിയും ചൈനയുടെ കൈപ്പിടിയിലാവും. അവിടെ നിന്ന് വെറും 16 കിലോമീറ്ററേയുള്ളു കാരക്കോറം ചുരത്തിലേക്ക്. അതിനപ്പുറത്താണ് പാക്കിസ്ഥാന്റെ കൈവശമുള്ള ഗിൽജിത്–ബാൾട്ടിസ്ഥാൻ പ്രദേശങ്ങൾ. അവിടേക്ക് ഇന്ത്യ ഭീഷണി ഉയർത്തുന്നതു തടയാനും കുറേയൊക്കെ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com