ADVERTISEMENT

2013 ൽ ചൈന പ്രസിഡന്റ് ഷി ചിൻപിങ് പ്രഖ്യാപിച്ച വൺ ബെൽറ്റ്, വൺ റോഡ് പദ്ധതി (ഒബിഒആർ) പൗരാണിക വ്യാപാര പാതയായ പട്ടുപാത (സിൽക് റോഡ്) പുനരുജ്ജീവിപ്പിക്കാനുള്ളതാണ്. ചൈനയിൽ നിന്ന് ഏഷ്യയുടെ മറ്റു പ്രദേശങ്ങളിലേക്കും യൂറോപ്പിലേക്കും പട്ട് കൊണ്ടുപോയിരുന്ന വഴികളിലൂടെ ആധുനിക വാണിജ്യമാർഗങ്ങൾ നിർമിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.

പട്ടുപാത 70 രാജ്യങ്ങളിലൂടെ

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലായി ആറായിരത്തിലേറെ കിലോമീറ്റർ വരുന്നതാണു പട്ടുപാത. 70 രാജ്യങ്ങളിലൂടെ കടന്നുപോകുന്നു. മധ്യ, പശ്ചിമ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും റെയിൽവേയും ഊർജനിലയങ്ങളും തുറമുഖങ്ങളും എണ്ണ പൈപ്പ് ലൈനുകളും അടക്കം അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് വൺ ബെൽറ്റ്, വൺ റോഡിൽ വിഭാവനം ചെയ്തിട്ടുള്ളത്.

ലക്ഷ്യം ഇന്ത്യയെ വരിഞ്ഞുമുറുക്കൽ

അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ചൈനയുടെ മധ്യ–പടിഞ്ഞാറൻ പ്രവിശ്യകളുമായി വാണിജ്യ– വ്യാവസായികബന്ധം ശക്തമാക്കാനും ഒബിഒആർ പദ്ധതി ലക്ഷ്യമിടുന്നു. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ സ്വാധീനമുറപ്പിച്ച് തന്ത്രപരമായി ഇന്ത്യയെ വരിഞ്ഞുമുറുക്കുക എന്ന ലക്ഷ്യമാണ് ചൈനയ്ക്കുള്ളത്.

ശ്രീലങ്ക

സമീപവർഷങ്ങളിൽ ശ്രീലങ്കയിലെ അടിസ്ഥാന സൗകര്യവികസനത്തിനു ചൈന വൻനിക്ഷേപങ്ങളാണു നടത്തിയത്. ലങ്കയുടെ തെക്കൻതീരത്തെ ഹമ്പന്തോഡയിൽ 2010 ൽ ചൈന കൂറ്റൻ തുറമുഖം നിർമിച്ചു. 2017 ൽ വൻനഷ്ടത്തിലായതിനെത്തുടർന്നു തുറമുഖത്തിന്റെ ദൈനംദിന പ്രവർത്തനം ചൈനീസ് കമ്പനിക്കു 99 വർഷത്തേക്കു പാട്ടത്തിനു നൽകി. ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയിലുള്ള തന്ത്രപ്രധാന തുറമുഖത്തിന്റെ നിയന്ത്രണം ചൈനയുടെ കയ്യിലായി. ഹമ്പന്തോഡ തുറമുഖം ഭാവിയിൽ അവർ സൈനികതാവളമാക്കുമെന്ന ആശങ്ക ഇന്ത്യയ്ക്കു പുറമേ ജപ്പാനും യുഎസിനുമുണ്ട്.

മാലദ്വീപ്

ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടായിരുന്നു മാലദ്വീപിൽ സ്വാധീനമുണ്ടാക്കാൻ ചൈന ഏറെക്കാലമായി ശ്രമിച്ചു വരികയായിരുന്നു. അബ്ദുല്ല യമീൻ അധികാരത്തിലെത്തിയതോടെയാണ് ചൈനയുമായി അടുത്തത്. 2017 ൽ മാലദ്വീപ് ചൈനയുമായി സ്വതന്ത്രവ്യാപാരക്കരാറിൽ ഒപ്പിട്ടു. ദ്വീപിൽ പുതിയ വിമാനത്താവളം ഉൾപ്പെടെ 17 വൻകിട പദ്ധതികളാണു ചൈന നടപ്പാക്കിയത്.

2018 ൽ ലക്ഷദ്വീപിനു സമീപത്തെ മാകുനുതു ദ്വീപിൽ സമുദ്ര നിരീക്ഷണ താവളം നിർമിക്കാൻ ചൈനയെ അനുവദിച്ചു. 2018 ൽ യമീൻ സ്ഥാനഭ്രഷ്ടനായെങ്കിലും ചൈനയിൽ നിന്നു വൻതോതിൽ വായ്പയെടുത്ത മാലദ്വീപ് കടക്കെണിയിലാണ്. ദ്വീപിന്റെ ദേശീയ വരുമാനത്തിന്റെ 70 ശതമാനവും ചൈനയ്ക്കുള്ള വായ്പ തിരിച്ചടയ്ക്കാൻ വേണം.

പാക്കിസ്ഥാൻ

ചൈന- പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയിലൂടെ ചൈന പാക്കിസ്ഥാനിൽ വൻ നിക്ഷേപം നടത്തുന്നു. അബാട്ടാബാദിനെയും ചൈനയിലെ സിൻജിയാങ് പ്രവിശ്യയെയും ബന്ധിപ്പിച്ച് പാക്ക് അധിനിവേശ കശ്‌മീരിലൂടെ കടന്നുപോകുന്ന പ്രധാന പാതയായ കാരക്കോറം ഹൈവേ നിർമാണമാണ് അവയിൽ പ്രധാനം.

പദ്ധതിയുടെ സുരക്ഷയ്ക്കെന്നപേരിൽ കാരക്കോറം പ്രദേശത്തു ചൈനയുടെ പതിനായിരത്തിലധികം സൈനികർ എത്തിയിരുന്നു. അറബിക്കടലിന്റെ വടക്കേയറ്റത്ത്, പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചൈന നിർമിച്ച ഗ്വാദർ തുറമുഖവും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നു.

മ്യാൻമർ

ചൈനയുമായുളള റെയിൽ, തുറമുഖ ബന്ധങ്ങൾ സുഗമമാക്കുന്ന പദ്ധതിയാണു പ്രധാനം. ചൈനയിലെ തെക്ക്്പടിഞ്ഞാറ് യുനൻ പ്രവശ്യയിൽ നിന്ന് പടിഞ്ഞാറൻ മ്യാൻമറിലെ റാഖിൻ സംസ്ഥാനത്തേക്കു നീളുന്ന റെയിൽപദ്ധതി. റാഖിനിലെ പ്രധാന നഗരമായ ക്യാപിയുവിൽ ബംഗാൾ ഉൾക്കടലിൽ ആഴക്കടൽ തുറമുഖ നിർമാണവും ചൈനയുമായി ബന്ധപ്പെടുത്തുന്ന വാതക പൈപ്പ് ലൈനുകളും പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലുളള സ്വാധീനം കൂടി ചൈന ലക്ഷ്യമാക്കുന്നു. ന്യൂ യങ്കൂൺ സിറ്റിയിലെ പ്രത്യേക സാമ്പത്തിക മേഖല മറ്റൊരു പ്രധാന പദ്ധതിയാണ്.

നേപ്പാൾ

2017 ൽ ഒബിഒആർ പദ്ധതിയിൽ നേപ്പാളും ഒപ്പുവച്ചു. ടിബറ്റ് അതിർത്തിയിലെ കീറുങ് നഗരത്തിൽ നിന്ന് കാഠ്മണ്ഡുവിലേക്കുളള രാജ്യാന്തര റെയിൽപാതയടക്കം വിവിധ നിക്ഷേപ പദ്ധതികൾ. നേപ്പാളിന്റെ ഇന്ധനവിതരണവും തുറമുഖ ബന്ധങ്ങളും പൂർണമായി ഇന്ത്യ വഴിയാണ്. ഈ മേഖലയിൽ കൂടി കണ്ണു വെച്ചാണ് ഗതാഗതവികസനത്തിനു പ്രാധാന്യം നൽകിയുളള ചൈനീസ് നീക്കം.

ബംഗ്ലദേശ്

2016 മുതൽ ഒബിഒആർ പദ്ധതിയിൽ പങ്കാളിയാണ് ബംഗ്ലദേശ്. തുറമുഖവികസനവും അതിവേഗപാതകളും ഉൾപ്പെടെ നിർമാണ പദ്ധതികൾക്ക് ചൈന പണം മുടക്കുന്നു. രാജ്യത്തെ പ്രധാന നിക്ഷേപകരായ ചൈന തന്നെയാണ് ബംഗ്ലദേശിന് മുഖ്യമായും ആയുധങ്ങൾ നൽകുന്നതും. ബംഗാൾ ഉൾക്കടലിന്റെ സാമീപ്യം ബംഗ്ലദേശിലെ ചൈനീസ് താൽപര്യത്തിന്റെ കാരണമാണ്.

പദ്ധതിയുമായി സഹകരിക്കില്ലെന്ന് ഇന്ത്യ

വൺ റോഡ് ബെൽറ്റ്, വൺ റോഡ് പദ്ധതിയെ ഇന്ത്യ എതിർക്കുന്നു. പദ്ധതിയുടെ ഭാഗമായ 5 പ്രധാന വാണിജ്യമാർഗങ്ങളിൽ ഒന്ന് (പാക്കിസ്ഥാൻ– ചൈന സാമ്പത്തിക ഇടനാഴി) കടന്നുപോകുന്നതു പാക്ക് അധിനിവേശ കശ്മീരിന്റെ ഭാഗമായ ഗിൽജിത്–ബാൾട്ടിസ്ഥാൻ പ്രദേശത്തു കൂടിയാണ്. ആ പ്രദേശത്തിനു മേലുള്ള ഇന്ത്യയുടെ അവകാശം അംഗീകരിക്കാതെ പദ്ധതിയുമായി സഹകരിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. 

പാക്ക് അധിനിവേശ കശ്മീരിന്റെ ഒരു ഭാഗം 1963 ൽ അവർ ചൈനയ്ക്കു കൈമാറിയിരുന്നു. 1962 ലെ യുദ്ധത്തിൽ ചൈന പിടിച്ചെടുത്ത അക്സായി ചിന്നിനോടു ചേർന്നാണ് ഈ പ്രദേശം.

ശ്രദ്ധാകേന്ദ്രമായി മലാക്ക

ന്യൂഡൽഹി ∙ ഇന്ത്യയും ചൈനയും അതിർത്തിയിൽ നേർക്കുനേർ കൊമ്പുകോർത്തു നിൽക്കുമ്പോൾ 2 രാജ്യങ്ങളിലെയും വ്യോമ, നാവിക സേനകൾ ഒരു ഏറ്റുമുട്ടൽ ഉണ്ടായാൽ കൈക്കൊള്ളേണ്ട തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയാണ്. അതിൽ പ്രധാനമാണ് മലാക്ക കടലിടുക്ക്.

ഇന്ത്യയെക്കാൾ ചൈനയ്ക്കാണു മലാക്ക കടലിടുക്കിനെക്കുറിച്ച് ഉത്കണ്ഠയുള്ളത്. കാരണം ഈ കടലിടുക്കിലൂടെയാണ് ചൈനയിലേക്കുള്ള എണ്ണയുടെ 90% കടന്നു വരുന്നത്. അതാകട്ടെ ഇന്ത്യയുടെ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾക്കടുത്താണ്. ഇന്ത്യ അവിടെ നാവികത്താവളം ശക്തിപ്പെടുത്തി വരികയുമാണ്.

സംരക്ഷണം 4 രാജ്യങ്ങൾക്ക്

മലാക്ക കടലിടുക്കിൽ ഇന്ത്യയ്ക്കു പ്രത്യേകിച്ചു പങ്കൊന്നുമില്ല. ഈ കടലിടുക്കിന്റെ മേൽനോട്ടം മലാക്ക സ്ട്രെയിറ്റ്സ് പട്രോളിനാണ് (എംഎസ്പി). ഇതിൽ 4 രാജ്യങ്ങളാണ് അംഗങ്ങൾ – മലേഷ്യ, ഇന്തൊനീഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്. 2004 ലാണ് ഈ സംവിധാനം നിലവിൽ വന്നത്. ഇതിൽ സിംഗപ്പൂർ ഒഴികെ 3 രാജ്യങ്ങളുമായി ചൈന തർക്കത്തിലാണ്. ഈ രാജ്യങ്ങളെല്ലാം ഇന്ത്യയുമായി സൗഹൃദത്തിലാണെന്നു മാത്രമല്ല ആസിയാനിലെ അംഗങ്ങളുമാണ്.

ലോകത്തിലെ സമുദ്രവ്യാപാരത്തിന്റെ 25% മലാക്കയിലൂടെയാണ്. വെനസ്വേല, ആഫ്രിക്ക, ഗൾഫ് രാഷ്ട്രങ്ങൾ എന്നിവിടങ്ങളിൽനിന്നു ചൈന വാങ്ങുന്ന ക്രൂഡോയിൽ ഇതുവഴിയാണ് വരുന്നത്. 

അംഗത്വത്തിന് ശ്രമിച്ച് ഇന്ത്യ

മലാക്ക കടലിടുക്കു കടൽക്കൊള്ളയ്ക്കു കുപ്രസിദ്ധമാണ്. അപ്പോഴൊക്കെ എംഎസ്പി രാഷ്ട്രങ്ങൾ ഇടപെടും. മലാക്ക കടലിടുക്കു കൂടി മുന്നിൽക്കണ്ടാണ് ചൈന മാലദ്വീപിൽ നാവികത്താവളം സ്ഥാപിച്ചത്. 

2 വർഷം മുൻപ് എംഎസ്പിയിൽ അംഗത്വത്തിനായി ഇന്ത്യ ശ്രമിച്ചിരുന്നു. എന്നാൽ ഇന്തൊനീഷ്യയും മലേഷ്യയും എതിർത്തു. ഇന്ത്യയ്ക്കു നൽകിയാൽ ചൈനയ്ക്കും അംഗത്വം നൽകേണ്ടി വരും എന്നായിരുന്നു അവരുടെ വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com