ADVERTISEMENT

മുംബൈ,ചെന്നൈ, ബെംഗളൂരു∙ ജൂണിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്ന മഹാരാഷ്ട്രയിൽ 4878 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 1,74,761. മുംബൈയിൽ മാത്രം 77,658. 245 പേർ കൂടി മരിച്ചതോടെ ആകെ മരണം 7855. മുംബൈയിൽ മരിച്ചത് 93 പേർ. ഇതുവരെ രോഗമുക്തി നേടിയവർ 90,911. കോവിഡ് ബാധയ്ക്കിടെ ഹൃദയാഘാതം അടക്കം വിവിധ കാരണങ്ങളാൽ മരിച്ചവരെ കൂടി ഉൾപ്പെടുത്തിയതോടെ മുംബൈയിൽ മരണ നിരക്ക് 5.6 ശതമാനമായി ഉയർന്നു.  സംസ്ഥാനത്ത് കോവിഡ് ബാധിച്ച പൊലീസുകാർ‌ 4861. 

മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ ഇനി മുംബൈയിൽ പിഴ 1000 രൂപ. താനെ കോർപറേഷൻ നാളെ മുതലും, മീരാ ഭായന്ദറിൽ ഇന്നു മുതലും 10 ദിവസത്തെ സമ്പൂർണ ലോക്ഡൗൺ.

തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി.അൻപഴകന് രണ്ടാം പരിശോധനയിലും കോ‍വിഡ് പോസിറ്റീവ്. 10 ദിവസം മുൻപ് രോഗം സംശയിച്ച് ആശുപത്രിയിൽ ‌പ്രവേശിപ്പിച്ച മന്ത്രി തനിക്ക് രോഗമില്ലെന്ന് അവകാശപ്പെട്ടിരുന്നു. 3943 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിലെ ആകെ രോഗികൾ 90,167. ചെന്നൈയിൽ മാത്രം 58,327. അതേസമയം,  സംസ്ഥാനത്ത് രോഗ മുക്തി നേടിയവരുടെ എണ്ണം അര ലക്ഷം കവിഞ്ഞു. 

947 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ  കർണാടകയിൽ കോവിഡ് ബാധിതർ 15,242. 20 പേർ കൂടി മരിച്ചതോടെ ആകെ മരണം 246. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ ബെള്ളാരിയിൽ കൂട്ടമായി സംസ്കരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.  5 പേർ ചേർന്ന് മൃതദേഹങ്ങൾ നിറച്ച ബാഗുകൾ കുഴിയിലേക്കു തള്ളുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. 503 പേർക്കു കൂടി രോഗം സ്ഥിരീകരിച്ച ബെംഗളൂരുവിൽ കണ്ടെയ്‍ൻമെന്റ് സോണുകൾ 495 ആയി ഉയർന്നു.

സ്വയം കോവിഡ് കണ്ടെത്താമെന്ന് ഗവേഷകസംഘം

അഹമ്മദാബാദ്∙ സ്വയം കോവിഡ് കണ്ടെത്താനുള്ള സംവിധാനവുമായി ഗാന്ധിനഗർ ഐഐടി ഗവേഷക സംഘം. ശ്വാസകോശത്തിന്റെ എക്സ്റേ സ്കാൻ ചെയ്ത് നിർമിത ബുദ്ധിയുടെ സഹായത്തോടെ കോവിഡ് സാധ്യത തിരിച്ചറിയാനുള്ള സംവിധാനമാണിത്. ക്ലിനിക്കൽ പരിശോധനകൾക്കു പകരമാവില്ലെങ്കിലും പിസിആർ ടെസ്റ്റ് പോലുള്ളവയ്ക്കു മുന്നോടിയായി ഇതു നടത്താം.

ശ്വാസകോശത്തിന്റെ എക്സ്റേ ഡിജിറ്റൽ ഇമേജോ സിടി സ്കാൻ ഇമേജോ (ജെപെഗ്, പിഎൻജി ഫോർമാറ്റിൽ) http://covidxray.iitgn.ac.in/ എന്ന വിലാസത്തിൽ അപ്‌ലോഡ് ചെയ്താൽ രോഗസാധ്യതയുണ്ടോ എന്നറിയാൻ കഴിയും.

ചൈനയെ  മറികടന്ന് തമിഴ്നാട്, ഡൽഹി

ന്യൂഡൽഹി ∙ കോവിഡ് ഉദ്ഭവിച്ച ചൈനയിലുള്ളതിലേറെ രോഗികൾ ഇപ്പോൾ തമിഴ്നാട്ടിലും ഡൽഹിയിലും. തമിഴ്നാട്ടിൽ 90,167, ഡൽഹിയിൽ 85,161 വീതം രോഗികളായി. ചൈനയിൽ ഇപ്പോൾ 83,531 രോഗികൾ. മഹാരാഷ്ട്രയിലെ രോഗികൾ ഇതിന്റെ ഇരട്ടിയിലേറെയായി– 1,74,761. രാജ്യത്തെ മൊത്തം രോഗികൾ 5,82,014 ആയി. മരണം 17,322.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com