സൗജന്യ റേഷൻ നവംബർ വരെ നീട്ടും: നരേന്ദ്ര മോദി

narendra-modi
SHARE

ന്യൂഡൽഹി/ തിരുവനന്തപുരം ∙ കോവിഡ് പ്രതിസന്ധി കണക്കിലെടുത്തുള്ള സൗജന്യ റേഷൻ  നവംബർ വരെ നീട്ടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 80 കോടി പേർക്കു മാസം 5 കിലോ അരി അല്ലെങ്കിൽ ഗോതമ്പ്, ഓരോ കുടുംബത്തിനും ഒരു കിലോ വീതം പയർ സൗജന്യമായി നൽകുന്ന പദ്ധതി കഴിഞ്ഞ 3 മാസമായുണ്ട്. കേരളത്തിൽ 5.92 ലക്ഷം മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും 31.5 ലക്ഷം പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുമാണ് ഇതു ലഭിക്കുന്നത്. മൂന്നു മാസവും 90 ശതമാനത്തിലേറെപ്പേർ വാങ്ങി. 

മഴക്കാലം തുടങ്ങിയതും ഓണവും ദീപാവലിയും ദസറയും ഉൾപ്പെടെയുള്ള ഉത്സവങ്ങൾ വരുന്നതും കണക്കിലെടുത്താണ് പദ്ധതി 5 മാസത്തേക്കു കൂടി നീട്ടുന്നത്. 90,000 കോടി രൂപ ചെലവു കണക്കാക്കുന്നു; കഴിഞ്ഞ 3 മാസം കൂടി ചേർത്താൽ 1.5 ലക്ഷം കോടി. സൗജന്യ റേഷൻ നീട്ടണമെന്നു റേഷൻ വ്യാപാരികളുടെ സംഘടനയും സംസ്ഥാന സർക്കാരും യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും അഭ്യർഥിച്ചിരുന്നു.

നീല കാർഡിന് കേന്ദ്ര റേഷനില്ല

തിരുവനന്തപുരം∙ കേരളത്തിൽ ബിപിഎൽ വിഭാഗത്തിലെ 25 ലക്ഷത്തിലേറെ നീല കാർഡ് ഉടമകൾക്കു കേന്ദ്ര റേഷൻ ലഭിക്കുന്നില്ല. കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യഭദ്രത നിയമത്തിന്റെ പരിധിയിൽ ഇവർ ഉൾപ്പെടുന്നില്ലെന്നതാണു കാരണം. 

പഞ്ചായത്ത് പ്രസിഡന്റ് മുതൽ  പ്രധാനമന്ത്രി വരെ  എല്ലാവർക്കും വേണം ജാഗ്രത

ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ജനങ്ങളുടെ പെരുമാറ്റത്തിൽ ഉത്തരവാദിത്തമില്ലായ്മയും അനാസ്ഥയുമുണ്ടെന്നു പ്രധാനമന്ത്രി. മാസ്ക് ധരിക്കുന്നതിലും അകലം പാലിക്കുന്നതിലും കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിലുമുള്ള ശ്രദ്ധ കുറഞ്ഞു. ഈ അനാസ്ഥ ആശങ്കയുണ്ടാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് മുതൽ പ്രധാനമന്ത്രിവരെ ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഡൽഹി ജുമാ മസ്ജിദ് വീണ്ടും തുറക്കുന്നു 

ന്യൂഡൽഹി ∙ഡൽഹി ജുമാ മസ്ജിദ് 4നു വീണ്ടും വിശ്വാസികൾക്കായി  തുറക്കും. കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ  ജൂൺ ആദ്യം മസ്ജിദ് തുറന്നെങ്കിലും കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ 11ന് അടച്ചിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA