ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡിനെതിരെ ഇന്ത്യയുടെ പ്രതീക്ഷയായ ‘കോവാക്സിന്റെ’ മനുഷ്യരിലെ പരീക്ഷണത്തിന് ഭാരത് ബയോടെക്ക് ആവശ്യപ്പെട്ടിരിക്കുന്നത് ഒന്നേകാൽ വർഷം. ക്ലിനിക്കൽ ട്രയൽ റജിസ്ട്രി ഓഫ് ഇന്ത്യയിൽ (സിടിആർഐ) നൽകിയ വിവരങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. ‌

പരീക്ഷണത്തിന്റെ പ്രോട്ടോക്കോൾ പ്രകാരമുള്ള തുടർനടപടികൾക്കു മാത്രം 6 മാസം വേണ്ടി വരുമെന്നാണ് ഇതിലുള്ളത്. സർക്കാർ രേഖയിൽ തന്നെ ഇക്കാര്യം വ്യക്തമായിരിക്കെ, അടുത്തമാസം 15നു വാക്സിൻ പുറത്തിറക്കുമെന്ന ഇന്ത്യൻ കൗൺസിൽ മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അവകാശവാദമാണ് വിവാദമായത്.  കുറഞ്ഞതു 3 മാസമെങ്കിലും പരീക്ഷണത്തിനെടുക്കുമെന്ന് ഭാരത് ബയോടെക്ക് അധികൃതർ കഴിഞ്ഞദിവസം ‘മനോരമയോടു’ പറഞ്ഞിരുന്നു. 

കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചത്.

നിലവിലെ സ്ഥിതി

∙ ഒന്നാംഘട്ട ക്ലിനിക്കൽ ട്രയലിനുള്ള വൊളന്റിയർമാരുടെ റജിസ്ട്രേഷൻ പുരോഗമിക്കുന്നു.

∙ പരീക്ഷണത്തിന് ഉപയോഗിക്കുന്ന ‘ട്രയൽ വാക്സിൻ ബാച്ചിന്’ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അംഗീകാരം ലഭിക്കേണ്ടതുണ്ട്. ‌‌

∙ പരീക്ഷണത്തിൽ പങ്കാളിയാവുന്ന ചില സ്ഥാപനങ്ങളുടെ കൂടി എത്തിക്കൽ ക്ലിയറൻസ് ലഭിക്കാനുണ്ട്.

∙ ഒന്നാം ഘട്ടത്തിൽ 18നും 55നും ഇടയിൽ പ്രായമുള്ള 375 പേർ വാക്സിൻ സ്വീകരിക്കും. രണ്ടാം ഘട്ടത്തിൽ 12നും 65നും ഇടയിൽ പ്രായമുള്ള 750 പേർ.

∙ ഒന്നാം ഘട്ടത്തിൽ വാക്സിൻ നൽകി 28 ദിവസത്തിനു ശേഷം വാക്സിന്റെ സുരക്ഷിതത്വം പ്രതിരോധശേഷി എന്നിവ അറിയാം. 

ആന്റിബോഡി ശരീരം ഉൽപാദിപ്പിക്കുന്നുണ്ടോയെന്നതാണു പരിശോധിക്കുക. ഇതിന്റെ തുടർച്ചയായി ഡിസിജിഐയ്ക്കും സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷനും ഇടക്കാല റിപ്പോർട്ട് നൽകും.

∙ രണ്ടാം ഘട്ടത്തിൽ ക്രമം തെറ്റിച്ചുള്ള (റാൻഡം) വാക്സിനേഷനാണു നടക്കുക. 750 പേരിൽ ചിലർക്കു വാക്സിൻ നൽകും. ചിലരെ ഒഴിവാക്കും. 14–ാം ദിവസം, 28–ാം, 194–ാം ദിവസം എന്നിങ്ങനെ പ്രതിരോധശേഷി സംബന്ധിച്ച പഠനം നടക്കും.

വിമർശനവുമായി യച്ചൂരി

ന്യൂഡൽഹി ∙  പരീക്ഷണത്തിന് ആവശ്യമായ സമയം അനുവദിക്കാതെ, സ്വാതന്ത്ര്യദിനത്തിൽ വാക്സിൻ പുറത്തിറക്കുമെന്ന ഐസിഎംആർ പ്രഖ്യാപനത്തിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി.

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്നു പ്രധാനമന്ത്രിക്കു സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപനം നടത്തുന്നതിനായി വാക്സിൻ വികസിപ്പിച്ചാൽ ഒട്ടേറെ മനുഷ്യജീവനുകൾ വിലനൽകേണ്ടി വരുമെന്നു യച്ചൂരി വിമർശിച്ചു. വാക്സിൻ ഗവേഷണത്തിലെ നടപടിക്രമങ്ങൾ സംബന്ധിച്ച ഒട്ടേറെ ചോദ്യങ്ങളും യച്ചൂരി ട്വിറ്ററിൽ ഉന്നയിച്ചു.

വാക്സിൻ റെക്കോർഡ് 4 വർഷം

സമീപകാല ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ലക്ഷ്യത്തിലെത്തിയ വാക്സിൻ എബോളയ്ക്കെതിരെയായിരുന്നു. കഴിഞ്ഞവർഷം ലൈസൻസ് നേടിയ ഈ ഗവേഷണത്തിനു വേണ്ടി വന്നത് 5 വർഷം. നേരത്തേ മുണ്ടിനീരിനെതിരെ 1967ൽ വിപണിയിലെത്തിയ വാക്സിൻ ഗവേഷണം പൂർത്തിയായതു 4 വർഷം കൊണ്ടായിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ വാക്സിൻ പരീക്ഷണങ്ങളിലൊന്ന്.

പരീക്ഷണ നടപടികളിൽ കൈകടത്തില്ല: ഐസിഎംആർ

സുരക്ഷയ്ക്കും ഇന്ത്യക്കാരുടെ താൽപര്യം സംരക്ഷിക്കുന്നതിനുമാണു പ്രഥമ പരിഗണനയെന്ന വിശദീകരണവുമായി ഐസിഎംആർ. മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലേക്കു കടന്ന വാക്സിൻ ഗവേഷണം, ചുവപ്പുനാടയിൽ കുടുങ്ങാതിരിക്കാനാണു കത്തു നൽകിയതെന്നും പരീക്ഷണത്തിൽ അനിവാര്യമായ നടപടികളിലേക്കു കൈകടത്തിയിട്ടില്ലെന്നും ഐസിഎംആർ വ്യക്തമാക്കി. രാജ്യാന്തര നടപടിക്രമം തന്നെയാണ് ഐസിഎംആറിനുമുള്ളത്.‌‌‌‌

റെംഡെസിവർ:ഡോസേജിൽ മാറ്റം

ന്യൂഡൽഹി ∙ റെംഡെസിവർ മരുന്നു നൽകിയ കോവിഡ് രോഗികളിൽ കരൾ സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ, ഇതിന്റെ ഡോസേജിൽ മാറ്റവുമായി ആരോഗ്യമന്ത്രാലയം ചികിത്സാ മാർഗരേഖ പരിഷ്കരിച്ചു. നേരത്തെ 6 ദിവസം നൽകാൻ നിർദേശിച്ചിരുന്ന മരുന്ന് ഇനി 5 ദിവസം നൽകിയാൽ മതിയാവും. ആദ്യ ദിവസം 200 മില്ലിഗ്രാം ഇൻജക്‌ഷൻ തുടർന്നുള്ള 4 ദിവസങ്ങളിൽ 100 മില്ലിഗ്രാം വീതമുള്ള ഇൻജക്‌ഷൻ എന്ന ക്രമത്തിലാവും ഇനി റെംഡെസിവർ നൽകേണ്ടത്.

രോഗബാധയുള്ളവരിൽ അടിയന്തര ഘട്ടത്തിലാണ് ഇതു നൽകുന്നത്. രാജ്യത്തെ പല സർക്കാർ, സ്വകാര്യ ആശുപത്രികളും റെംഡെസിവർ മരുന്നു കോവിഡ് രോഗികളിൽ കരൾ സംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com